Tag Archive: Croatia

  1. ലോകകപ്പ് വേദിയില്‍ ഇനിയില്ല മോഡ്രിച്ചിന്റെ മാന്ത്രിക സ്പര്‍ശം

    Leave a Comment

    ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ കീഴടക്കി മൂന്നാസ്ഥാനക്കാരായി തലയുയര്‍ത്തിയാണ് ക്രൊയേഷ്യയുടെ മടക്കം. 2018 ഫൈനലിസ്റ്റായ യൂറോപ്യന്‍ ടീമിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. താരങ്ങളുടെ പരിക്കും ഫോമില്ലായ്മയ്ക്കുമൊപ്പം വയസന്‍പടയെന്ന വിമര്‍ശനവും. എന്നാല്‍ എല്ലാവിമര്‍ശനങ്ങളേയും സധൈര്യംനേരിട്ട് തുടര്‍ച്ചയായ രണ്ടാംതവണയും ക്രോട്ടുകാര്‍ സെമിഫൈനലിലെത്തി. മെസിയുടെ വിശ്വരൂപംകണ്ട സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ തകര്‍ന്നെങ്കിലും മൂന്നാംസ്ഥാനക്കാരായി ഖത്തറിന്റെ മണ്ണില്‍നിന്ന് തലയുയര്‍ത്തി മടക്കം.


    ഫുട്‌ബോളിലെ ഏറ്റവുംമികച്ച മധ്യനിരതാരമായ ലൂക്കാമോഡ്രിച്ചിന്റെ ലോകകപ്പ് കരിയര്‍കൂടിയാണ് ഖത്തറില്‍ അവസാനിച്ചത്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം ഫുട്‌ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര്‍ 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് ക്രൊയേഷ്യക്കപ്പുറം ലോകഫുട്‌ബോളില്‍ ശ്രദ്ധേയനായി. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 1998ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്‌ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്.


    2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ മോഡ്രിച്ച് ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. ഇതിഹാസതാരങ്ങള്‍ പലരും അപമാനിതരായി കളിക്കളം വിടുമ്പോള്‍ ക്രോട്ടുകാര്‍ ഒന്നടങ്കം ലൂക്കയെ ഇനിയും കളിക്കളത്തില്‍ മോഡ്രിച്ചിനെ കാണമെന്ന് ആഗ്രഹിക്കുന്നവരാണ്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്റെ വരവ്.

    2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു. ലോകകപ്പില്‍ നിന്ന് വിടപറഞ്ഞെങ്കിലും 37കാരന്റെ വിസ്മയനീക്കങ്ങള്‍ ഇനിയും കളിക്കളത്തിലുണ്ടാകുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  2. ലോകകപ്പിൽ താരമായ ക്രൊയേഷ്യൻ പ്രതിരോധതാരത്തെ റെക്കോർഡ് തുകയെറിഞ്ഞ് റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ

    Leave a Comment

    അർജന്റീനക്കെതിരായ സെമി ഫൈനൽ മത്സരത്തിനു ശേഷം ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകകപ്പിനു മുൻപ് തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ നോട്ടമിട്ടു വെച്ചിരുന്ന താരത്തിന് ലോകകപ്പ് കഴിഞ്ഞതോടെ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ജർമൻ ക്ലബായ ആർബി ലീപ്‌സിഗിൽ കളിക്കുന്ന താരത്തെ ഈ ജനുവരിയിലോ അല്ലെങ്കിൽ അടുത്ത സമ്മറിലോ ഏതെങ്കിലും വമ്പൻ ക്ലബ് തങ്ങളുടെ തട്ടകത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    ലോകകപ്പിനു മുൻപ് ചെൽസിയാണ് ഗ്വാർഡിയോളിനെ സ്വന്തമാക്കാൻ പ്രധാനമായും രംഗത്തുണ്ടായിരുന്നത്. എൺപതു മില്യൺ പൗണ്ട് കഴിഞ്ഞ സമ്മറിൽ താരത്തിനായി ചെൽസി വാഗ്‌ദാനം ചെയ്‌തെങ്കിലും ലീപ്‌സിഗ് അത് നിരസിച്ചു. അതിനു ശേഷം ടോട്ടനം ഹോസ്‌പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ കൂടി താരത്തിനായി രംഗത്തു വന്നെങ്കിലും അതിനെയും കടത്തിവെട്ടുന്ന ഓഫർ മാഞ്ചസ്റ്റർ സിറ്റി നൽകാൻ ഒരുങ്ങുകയാണെന്നാണ് ജേർണലിസ്റ്റായ ആൽഫ്രഡോ പെഡലാദ് റിപ്പോർട്ടു ചെയ്യുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം 110 മില്യൺ പൗണ്ടാണ് ക്രൊയേഷ്യൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കാൻ ഒരുങ്ങുന്നത്. ട്രാൻസ്‌ഫർ നടന്നാൽ ഒരു പ്രതിരോധതാരത്തിനു വേണ്ടിയുള്ള ഏറ്റവുമുയർന്ന തുകയാവും ഗ്വാർഡിയോളിനു ലഭിക്കുക. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിനെ എൺപത്തിയഞ്ചു മില്യൺ നൽകി ലൈസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയാണ് ഒരു പ്രതിരോധതാരത്തിന്റെ ഉയർന്ന ട്രാൻസ്‌ഫർ തുക. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ എന്ന റെക്കോർഡും ക്രൊയേഷ്യൻ താരം സ്വന്തമാക്കും. ഇരുപതാം വയസിലാണ് ഇത്രയും തുക ഗ്വാർഡിയോളിനു ലഭിക്കുന്നതെന്നും എടുത്തു പറയേണ്ടതാണ്.

    ഇരുപതാം വയസിൽ തന്നെ ലോകകപ്പെന്ന വലിയ വേദിയിൽ കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവും കാണിക്കാതിരുന്ന താരം ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മുഴുവൻ മിനുട്ടും കളിച്ചു. ബെൽജിയം, ബ്രസീൽ എന്നീ ടീമുകൾക്കെതിരെ താരത്തിന്റെ പ്രകടനം കൂടുതൽ മികച്ചതായിരുന്നു. ലീപ്‌സിഗുമായി മാഞ്ചസ്റ്റർ സിറ്റി നിരന്തരമായി ബന്ധം പുലർത്തുന്നുണ്ട് എങ്കിലും റയൽ മാഡ്രിഡും ഗ്വാർഡിയോളിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. സിറ്റി നൽകുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്യുന്നത്.

  3. മൂന്നാംസ്ഥാനം അത്രചെറിയ കളിയല്ല; ലഭിക്കുന്ന സമ്മാനതുക കേട്ടാല്‍ ഞെട്ടും!

    Leave a Comment

    ദോഹ: അര്‍ജന്റീനയോട് പരാജയപ്പെട്ട് ക്രൊയേഷ്യയും ഫ്രാന്‍സിനോട് കീഴടങ്ങി മൊറോക്കോയും മൂന്നാംസ്ഥാനക്കാര്‍ക്കായി നാളെ പോരാടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പ്. കിരീടപോരാട്ടമല്ലെങ്കിലും മൂന്നാംസ്ഥാനവും ലോകകപ്പില്‍ പ്രധാനമാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു.

    ഇതോടെ മൂന്നാംസ്ഥാനത്തോടെ ലോകകപ്പില്‍ നിന്ന് വിടപറയാനാകും യൂറോപ്പിലേയും ആഫ്രിക്കയിലേയും വമ്പന്‍ടീമുകള്‍ ലക്ഷ്യമിടുക. കഴിഞ്ഞതവണ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യക്ക് മൂന്നാംസ്ഥാനമെങ്കിലും നേടേണ്ടത് അഭിമാനപ്രശ്മാണ്. മറുവശത്ത് മൊറോക്കോ ലോകകപ്പ് സെമിയിലെത്തിയ ആദ്യആഫ്രിക്കന്‍ സംഘമെന്ന നേട്ടം കൈവരിച്ചവരാണ്. മൂന്നാംസ്ഥാനത്തോടെ ജൈത്രയാത്രക്ക് വിരമമിടാനാകും ഈ അത്ഭുതടീം ശ്രമിക്കുക.


    മൂന്നാം സ്ഥാനക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ലഭിക്കാനിരിക്കുന്ന സമ്മാനത്തുകയും മത്സരത്തിന്റെ വാശി വര്‍ധിപ്പിക്കുന്നുണ്ട്. 27 മില്യണ്‍ യു.എസ് ഡോളറും വെങ്കല മെഡലുമാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഏകദേശം 223 കോടി ഇന്ത്യന്‍ രൂപ. നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ രണ്ട് മില്യണ്‍ അധികമാണിത്. 25 മില്യണ്‍ അഥവാ 206 കോടി ഇന്ത്യന്‍ രൂപയാണ് നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക.

    ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഖത്തര്‍ ലോകകപ്പ് സമ്മാനിക്കുന്നത്.

    ശനിയാഴ്ച രാത്രി 8.30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയമാണ് ലൂസൈസ് ഫൈനല്‍ നടക്കുക. ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പില്‍ താരത്തിന് വിജയത്തോടെയുള്ള യാത്രയയപ്പാകും സഹതാരങ്ങള്‍ ലക്ഷ്യമിടുക. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോല്‍പിച്ചെത്തിയ ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ ഈലോകകപ്പിലെ ഫേവറേറ്റുകളായ ബ്രസീലിനെയാണ് കീഴടക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് സെമിയിലേക്ക് ഈ യൂറോപ്യന്‍ ടീം മുന്നേറിയത്. മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്ന മൊറോക്കോ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് കീഴടക്കിയത്.

  4. ആരാധകര്‍ കണ്‍നിറയെ കണ്ടു വിന്റേജ് മെസിയെ; ഗാര്‍ഡിയോളിനെ മറികടന്ന സൂപ്പര്‍താരത്തിന്റെ അസിസ്റ്റ് വൈറലാകുന്നു

    Leave a Comment

    ദോഹ: ക്രൊയേഷ്യന്‍ നിരയില്‍ വന്‍മതില്‍ തീര്‍ത്ത് ഈലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനായി വിലയിരുത്തപ്പെട്ട താരമാണ് ജോസ്‌കോ ഗാര്‍ഡിയോള്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ ഈ 20കരാന്റെ മിന്നുംഫോമാണ് ക്രോട്ടുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എന്നാല്‍ സെമിയില്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍മെസിക്ക് മുന്നില്‍ അമ്പേ പരാജയപ്പെടുന്ന ഗാര്‍ഡിയോളിനെയാണ് കണ്ടത്. യുവതാരത്തെ മറികടന്ന് മെസി മൂന്നാംഗോളിന് അസിസ്റ്റ് നടത്തിയ ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏറെകാലമായി കാണാന്‍ ആഗ്രഹിച്ച മെസിയുടെ പ്രകടനം ഇന്നലെ വീണ്ടും കാണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍.


    സെമിഫൈനലിലെ എഴുപതാം മിനിറ്റിലായിരുന്നു അര്‍ജന്റീന്‍ ആരാധകരെ ആനന്ദിപ്പിച്ച മെസിയുടെ ആ മാന്ത്രികസ്പമര്‍ശം വന്നത്. ക്രൊയേഷ്യന്‍ ഹാഫിലെ ടച്ച്‌ലൈനിന് അരികില്‍ മെസിക്ക് പന്തുകിട്ടുമ്പോള്‍ തൊട്ടടുത്ത് ഗാര്‍ഡിയോളുണ്ടായിരുന്നു. പന്തുമായി സൂപ്പര്‍താരം ബോക്‌സിലേക്ക് കുതിക്കുന്നതിനിടെ ആദ്യംപിന്നിലായെങ്കിലും തന്നേക്കാള്‍ 15 വയസ് കൂടുതലുള്ള മെസിയെ ഒരുവിധം ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ എത്തിപ്പിടിച്ചു. അപകടംഒഴിവാക്കാന്‍ രണ്ട് ക്രൊയേഷ്യന്‍ താരങ്ങളും ബോക്‌സില്‍ ഗോളിക്ക് മുന്‍പിലായി നിലയുറപ്പിച്ചിരുന്നു. ബോക്‌സിന് അരികില്‍ പന്തുമായുള്ള കുതിപ്പിന്റെ വേഗത അല്‍പം കുറച്ചെങ്കിലും പെട്ടെന്ന് വെട്ടിതിരിഞ്ഞ് മുന്നോട്ട്.

    ഗാര്‍ഡിയോള്‍ പരമാവധി മെസിയെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജൂലിയന്‍ ആല്‍വാസിനെ ലക്ഷ്യമാക്കി പന്ത് മറിച്ചുനല്‍കി. പന്ത് ബോക്‌സിലേക്ക് തിരിച്ചുവിടേണ്ട ദൗത്യംമാത്രമായിരുന്നു ആല്‍വാരസിനുണ്ടായിരുന്നത്. പ്രതിരോധനിരക്കാരെയും ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനേയും കാഴ്ചക്കാരനാക്കി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. ക്രൊയേഷ്യക്കെതിരെ അര്‍ജന്റീനയുടെ വിജയമുറപ്പിച്ച മൂന്നാമത്തെഗോള്‍.
    ക്രൊയേഷ്യന്‍ നിരയില്‍ ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാര്‍ഡിയോളിനെയാണ് മെസിയെ മാര്‍ക്ക് ചെയ്യാന്‍ പരിശീലകന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അസാമാന്യ പ്രതിഭയായ മെസിയെ നിയന്ത്രണിത്തിലാക്കാന്‍ പലപ്പോഴും ഗാര്‍ഡിയോളിനായില്ല.അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതും പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു.


    ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ മാത്രം നിരവധി ടാക്ലിംഗുകളാണ് യുവതാരം നടത്തിയത്. ഈ ലോകകപ്പിലുടനീളം അത്ഭുതപ്രകടനം കാഴ്ചവെക്കുന്ന യുവവതാരത്തെ തേടി യൂറോപ്പിലേയും സ്‌പെയിനിലേയും വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ശക്തമായിതന്നെ രംഗത്തുണ്ട്. ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും താരത്തെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

  5. “റഫറി ഒരു ദുരന്തമായിരുന്നു”- തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി ലൂക്ക മോഡ്രിച്ച്

    Leave a Comment

    അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനു ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി നൽകിയ തീരുമാനത്തെയാണ് മോഡ്രിച്ച് വിമർശിച്ചത്. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്നും റഫറി ഒരു ദുരന്തമായിരുന്നുവെന്നും കടുത്ത ഭാഷയിൽ മോഡ്രിച്ച് വെളിപ്പെടുത്തി. മത്സരത്തിൽ അർജന്റീനയുടെ ആദ്യത്തെ ഗോളിന് വഴി വെച്ചത് ആ തീരുമാനമായിരുന്നു.

    എൻസോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് അൽവാരസ് പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറിയപ്പോൾ ക്രൊയേഷ്യൻ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. അൽവാരസ് ഗോൾകീപ്പറെ ബീറ്റ് ചെയ്‌ത്‌ പന്ത് കടത്തിയെങ്കിലും പിന്നാലെ ഗോൾകീപ്പറുടെ കാൽ തട്ടി വീഴുകയായിരുന്നു. എന്നാൽ ഏതൊരു ഗോൾകീപ്പറും സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ് ലിവകോവിച്ച് ചെയ്‌തതെന്നും റഫറി തെറ്റായ തീരുമാനമാണ് എടുത്തതെന്നും മോഡ്രിച്ച് പറയുന്നു.

    “അർജന്റീന അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. അവരാണ് കൂടുതൽ മികച്ചു നിന്നത്, അവരാ വിജയം അർഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കാര്യങ്ങൾ പറയാതെ വയ്യ, സാധാരണയായി ഞാനിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറില്ല. പക്ഷെ ഇന്ന് ഇതു പറയാതിരിക്കാൻ കഴിയില്ല. റഫറിമാരെക്കുറിച്ച് ഞാൻ സാധാരണ പറയാറില്ല. പക്ഷെ ഇയാൾ വളരെ മോശമായിരുന്നു. എനിക്കിയാളെക്കുറിച്ച് ഒരു നല്ല ഓർമ പോലുമില്ല, ഇയാളൊരു ദുരന്തമാണ്. എന്നെ സംബന്ധിച്ചടത്തോളം അതൊരു പെനാൽറ്റിയല്ല.”

    “ഞാൻ അർജന്റീനയുടെ വില കുറക്കുന്നില്ല. പക്ഷെ ആ പെനാൽറ്റി ഞങ്ങളെ ഇല്ലാതാക്കി കളഞ്ഞു. ഞങ്ങളിനി ഇതിൽ നിന്നും മോചിതരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരം വിജയിക്കാനാണ് നോക്കേണ്ടത്. ഫൈനലിൽ എത്തിയ മെസിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ടൂർണമെന്റിൽ വളരെ മികച്ച പ്രകടനം നടത്തുന്ന താരം തന്റെ മികവും കഴിവുമെല്ലാം കൃത്യമായി പ്രകടിപ്പിക്കുന്നു.” മോഡ്രിച്ച് പറഞ്ഞു.

    ഞായറാഴ്‌ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുക. ഇന്ന് രാത്രി ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയികൾ ഫൈനലിൽ അർജന്റീനക്കെതിരെ കളിക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഫ്രാൻസാണ് ഫൈനലിൽ എത്താനുള്ള സാധ്യതയുള്ളത്. അങ്ങിനെയെങ്കിൽ അവർക്കത് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടാനുള്ള അവസരമാണ്. അർജന്റീനക്ക് കഴിഞ്ഞ ലോകകപ്പ് പ്രീ ക്വാർട്ടറിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരവും.

  6. “ഇത് പുതിയ നിയമങ്ങളാണോ”- അർജന്റീനക്ക് പെനാൽറ്റി നൽകിയ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ ക്രൊയേഷ്യൻ പരിശീലകൻ

    Leave a Comment

    ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന്റെ ഗതി മാറ്റിയ പെനാൽറ്റി അനുവദിച്ച തീരുമാനത്തിനെതിരെ ക്രൊയേഷ്യൻ പരിശീലകൻ സ്ലാക്കോ ദാലിച്ച്. മുപ്പതു മിനുട്ടിലധികം ഗോൾരഹിതമായി പോവുകയായിരുന്ന മത്സരത്തിൽ ക്രൊയേഷ്യക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നപ്പോഴാണ് ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ ഗോൾകീപ്പർ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത മെസി ലക്‌ഷ്യം കാണുകയും ചെയ്‌തു. ആ ഗോളിന് മറുപടി നൽകാൻ ക്രൊയേഷ്യ ശ്രമിച്ചപ്പോൾ പ്രത്യാക്രമണത്തിൽ നിന്നും അർജന്റീനയുടെ അടുത്ത ഗോളും വന്നതോടെ മത്സരം ക്രൊയേഷ്യയുടെ കയ്യിൽ നിന്നും പൂർണമായും വഴുതിപ്പോയി.

    ഒരു പ്രത്യാക്രമണം തന്നെയാണ് പെനാൽറ്റി തീരുമാനത്തിനുള്ള വഴി തുറന്നത്. എൻസോ ഫെർണാണ്ടസ് നൽകിയ മികച്ചൊരു ത്രൂ പാസ് പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ബോക്‌സിലെത്തിയപ്പോൾ ഗോൾകീപ്പർ ലിക്കോവിച്ച് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഗോളിയുടെ തലക്കു മുകളിലൂടെ പന്ത് വലയിലെത്തിക്കാൻ അൽവാരസ് ശ്രമിച്ചു. പന്ത് തടുക്കാൻ മുന്നോട്ടു വന്ന ലിക്കോവിച്ച് അതിനുള്ള ശ്രമം നടത്തിയപ്പോൾ അൽവാരസിനെ വീഴ്ത്തുകയായിരുന്നു. ആ ഫൗൾ അവിടെ നടന്നില്ലെങ്കിൽ അൽവാരസിനു പന്തിൻമേൽ അഡ്വാന്റേജ്‌ ഉണ്ടാകുമായിരുന്നതു കൊണ്ടാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ആ തീരുമാനം സംശയമുണ്ടാക്കുന്നതാണെന്നാണ് ദാലിച്ച് പറഞ്ഞത്.

    “എല്ലാം ഞങ്ങളുടെ കൈകളിലായിരുന്നു. ഞങ്ങൾ അര മണിക്കൂറോളം നന്നായി കളിച്ചു, പന്തടക്കവും ഉണ്ടായിരുന്നു. ഞങ്ങൾ അവർക്ക് ഭീഷണിയൊന്നും ഉയർത്തിയില്ലെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നു. ഞങ്ങളൊരു ഗോൾ വഴങ്ങി, അത് സംശയം ഉണ്ടാക്കുന്നതായിരുന്നു. പെനാൽറ്റിയിലേക്ക് നയിച്ച സാഹചര്യം. അത് വളരെ മോശമായ തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാൽ അനായാസം എടുത്ത തീരുമാനവുമായിരുന്നു. ഗോൾകീപ്പർ എന്താണോ ചെയ്യേണ്ടത് അതു തന്നെയാണ് ചെയ്‌തത്‌, ഇതെല്ലാം പുതിയ നിയമങ്ങളാണോ. ആ ഗോൾ മത്സരത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടു പോയി.” ദാലിച്ച് മത്സരത്തിന് ശേഷം പറഞ്ഞു.

    അതേസമയം വിജയം നേടിയ അർജന്റീനയെ അഭിനന്ദിക്കാനും ക്രൊയേഷ്യൻ പരിശീലകൻ മറന്നില്ല. ക്രൊയേഷ്യ തലയുയർത്തിപ്പിടിച്ചു തന്നെയാണ് നിൽക്കുന്നതെന്നും ടീമിലെ താരങ്ങളെ യാതൊരു വിധത്തിലും പഴിക്കാതെ മൂന്നാം സ്ഥാനത്തിനായി പൊരുതുകയെന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളതെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ പരാതികൾ ഇല്ലെന്നും വ്യക്തമാക്കി. ക്രൊയേഷ്യൻ ടീം ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ മത്സരത്തിൽ സൃഷ്‌ടിച്ചുവെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മികച്ച സ്‌ട്രൈക്കറെ ടീം മിസ് ചെയ്‌തുവെന്ന്‌ പറഞ്ഞ അദ്ദേഹം തന്റെ എല്ലാ താരങ്ങളും അവരുടെ മുഴുവൻ മികവും ഈ ടൂർണമെന്റിൽ നൽകിയെന്നും വെളിപ്പെടുത്തി.

     

  7. ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് മെസിപ്പട, അർജന്റീനക്കും കപ്പിനുമിടയിൽ ഇനിയൊരു വിജയം മാത്രം

    Leave a Comment

    ലയണൽ മെസിയുടെ മാന്ത്രിക നീക്കങ്ങൾ ഒരിക്കൽ കൂടി കണ്ട മത്സരത്തിൽ ക്രൊയേഷ്യയെ കീഴടക്കി അർജന്റീന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചതിനു ശേഷം ജൂലിയൻ അൽവാരസാണ് മറ്റു രണ്ടു ഗോളുകളും നേടിയത്. അൽവാരസിന്റെ രണ്ടു ഗോളുകളിലും ലയണൽ മെസിയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കാനും അർജന്റീനക്കായി.

    രണ്ടു ടീമുകളും വളരെ കരുതലോടെ കളിച്ചതിനാൽ മത്സരത്തിന്റെ തുടക്കത്തിൽ മുന്നേറ്റങ്ങളൊന്നും തന്നെയുണ്ടായില്ല. രണ്ടു ടീമുകളും ആദ്യത്തെ അര മണിക്കൂറോളം സമയം എതിരാളികളുടെ ബോക്‌സിലേക്ക് പോലും കടന്നില്ല. പന്തടക്കത്തിൽ മുന്നിലുണ്ടായിരുന്ന ക്രൊയേഷ്യയുടെ മധ്യനിര താരമായ കോവാസിച്ച് അർജന്റീനിയൻ പ്രതിരോധ താരങ്ങൾക്ക് തലവേദന സമ്മാനിച്ചിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ ബോക്‌സിനു പുറത്തു നിന്നും മോഡ്രിച്ചിന് ലഭിച്ച ഫ്രീ കിക്ക് വാളിൽ തട്ടി തെറിക്കുകയും അതിനു പിന്നാലെ പെരിസിച്ചിന്റെ ഒരു ഗോൾ ശ്രമം പുറത്തു പോവുകയും ചെയ്‌തു.

    മുപ്പതാം മിനുട്ടിനു ശേഷമാണ് കളിയുടെ ഗതി മാറുന്നത്. അർജന്റീനയുടെ മികച്ചൊരു പ്രത്യാക്രമണം ആദ്യഗോളിലേക്ക് വഴി വെച്ചു. എൻസോ ഫെർണാണ്ടസ് നൽകിയ അളന്നു മുറിച്ച പാസ് പിടിച്ചെടുത്ത് ബോക്‌സിലേക്ക് കുതിച്ച അൽവാരസിനെ ഗോൾകീപ്പർ ലിവാക്കോവിച്ച് ഫൗൾ ചെയ്‌തപ്പോൾ പെനാൽറ്റി ബോക്‌സിലേക്ക് വിരൽ ചൂണ്ടാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കിക്കെടുത്ത മെസി അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന ലീഡെടുത്തു.

    ഗോൾ വഴങ്ങിയതോടെ ക്രൊയേഷ്യ ആക്രമണം കനപ്പിച്ചത് അർജന്റീന ഗോൾ മുഖത്ത് ചെറിയ ഭീഷണി സൃഷ്‌ടിച്ചെങ്കിലും അർജന്റീന താരങ്ങൾ അതിനെ വിഫലമാക്കി. ആദ്യ ഗോളിന് അഞ്ചു മിനുട്ടിനു ശേഷം അർജന്റീന ലീഡുയർത്തി. മെസിയിൽ നിന്നും പന്ത് ലഭിച്ച ജൂലിയൻ അൽവാരസ് സ്വന്തം ഹാഫിൽ നിന്നും നടത്തിയ ഒറ്റയാൾ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. അതിനു പിന്നാലെ മെസിയെടുത്ത കോർണറിൽ നിന്നും ടാഗ്ലിയാഫിക്കോ അപകടകരമായ ഹെഡർ ഉതിർത്തെങ്കിലും ക്രൊയേഷ്യൻ ഗോൾകീപ്പർ രക്ഷകനായി.

    രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആക്രമണങ്ങൾ വർദ്ധിപ്പിച്ചപ്പോൾ പ്രത്യാക്രമണങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്നതായിരുന്നു അർജന്റീനയുടെ തന്ത്രം. രണ്ടു ടീമുകളും ഗോൾകീപ്പർക്ക് ഭീഷണി സൃഷ്‌ടിച്ച നിമിഷങ്ങളും ഉണ്ടായിരുന്നു. മെസിയുടെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയപ്പോൾ മറുവശത്ത് മോഡ്രിച്ച് എടുത്ത കോർണറിനു ശേഷമുള്ള കൂട്ടപ്പൊരിച്ചിൽ അർജന്റീന ഗോൾകീപ്പറും പ്രതിരോധവും ചേർന്ന് കഷ്‌ടിച്ചാണ് തട്ടിയകറ്റിയത്.

    അറുപത്തിയൊമ്പതാം മിനുട്ടിലാണ് മത്സരത്തിലെ മാന്ത്രികനിമിഷം പിറന്നത്. വലതു ത്രോ ലൈനിനരികിൽ നിന്നും പന്തുമായി കുതിച്ച മെസി ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധതാരമായി കണക്കാക്കപ്പെടുന്ന ഗ്വാർഡിയോളിനെ തന്റെ ബോഡി ഫെയിന്റുകൾ കൊണ്ട് നിഷ്പ്രഭമാക്കി ബോക്‌സിലേക്കെത്തി അൽവാരസിനു പന്ത് നൽകി. താരം അത് കൃത്യമായി വലയിലെത്തിച്ച് അർജന്റീനയുടെ ലീഡ് ഭദ്രമാക്കി. ഈ ടൂർണമെന്റിൽ ഗോളിലേക്ക് വഴി തുറന്ന ഏറ്റവും മനോഹരമായൊരു സോളോ നീക്കമായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    മൂന്നു ഗോളുകൾ വഴങ്ങിയതോടെ തിരിച്ചു വരാമെന്ന ക്രൊയേഷ്യയുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചതു പോലെയായി. പിന്നീട് ഏതാനും ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയ അവർ ഒരിക്കൽ മാത്രമാണ് എമിലിയാനോ മാർട്ടിനസിനു ഭീഷണി ഉയർത്തിയത്. അർജന്റീനക്കും ഗോൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും പന്ത് കൂടുതൽ സമയം കൈവശം വെക്കാൻ ശ്രമിച്ചു കളിച്ച അവർ മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു. മാക് അലിസ്റ്ററിന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തു പോയതു മാത്രമാണ് പിന്നീട് അർജന്റീന ഗോളിനരികിൽ എത്തിയ നിമിഷം.

  8. ക്രോട്ടുകളുടെ മുഖംമൂടിക്കരുത്ത്, മെസി വെള്ളംകുടിക്കുമോ?, 20കാരനെ തേടി വമ്പന്‍ ക്ലബുകള്‍

    Leave a Comment

    ക്രൊയേഷ്യന്‍ നിരയില്‍ വന്‍മതില്‍ തീര്‍ക്കുന്ന സെന്‍ട്രല്‍ ഡിഫന്‍ഡറില്‍ പ്രധാനിയാണ് ജോസ്‌കോ ഗാര്‍ഡിയോള്‍. മുഖംമുടി ധരിച്ച് നിറഞ്ഞുകളിക്കുന്ന താരം എതിരാളികളുടെ ആക്രമണത്തിന്റെ മുനയൊടിച്ച് നിരവധിതവണയാണ് ക്രോട്ടുകാരുടെ രക്ഷകനായത്. 20 വയസ് മാത്രം പ്രായമുള്ള ജര്‍മ്മന്‍ ക്ലബ് ആര്‍.ബി ലെസ്പിംഗിന്റെ പ്ലെയര്‍ ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ മാത്രം നടത്തിയത് അരഡസണോളം ടാക്ലിംഗുകളാണ്.

    വിനീഷ്യസ് ജൂനിയറും നെയ്മറും റിച്ചാലിസനും റാഫീന്യോയും കാസമിറോയുമടങ്ങുന്ന ലോകഫുട്‌ബോളിലെ ഏറ്റവുംമികച്ച അറ്റാക്കിംഗ് സഖ്യത്തെ പരിചയസമ്പന്നനായ ഡെജാന്‍ ലോറവിനൊപ്പം സമര്‍ത്ഥമായി പ്രതിരോധിക്കാനായത് സെമിയില്‍ അര്‍ജന്റീനയെ നേരിടുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


    ഈ ലോകകപ്പിലുടനീളം അത്ഭുതപ്രകടനം കാഴ്ചവെക്കുന്ന യുവവതാരത്തെ തേടി യൂറോപ്പിലേയും സ്‌പെയിനേയും വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ശക്തമായിതന്നെ രംഗത്തുണ്ട്.

    90-100 മില്യണ്‍ വരെയാണ് ചെല്‍സി താരത്തിനായി ജര്‍മന്‍ക്ലബിന് മുന്നില്‍വെച്ചത്. മറ്റു രണ്ട് ഇംഗ്ലീഷ് ക്ലബുകളും സമാനമായ ഓഫര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ലബ് അധികൃതരോ താരത്തിന്റെ ഏജന്റോ പ്രതികരിച്ചിട്ടില്ല.

    ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും താരത്തെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതോടെ ഈ ലോകകപ്പിലെ പ്രകടനത്തില്‍ ശ്രദ്ധേയമായ ട്രാന്‍സ്‌വര്‍ കൂടിയാകും ഗാഡിയോളിന്റേത്. ആര്‍ബി സെസ്പിംഗ് താരമാണെങ്കിലും നിലവില്‍ ലോണില്‍ ക്രൊയേഷ്യന്‍ ക്ലബായ ഡൈനാമോ സഗ്‌റബിന് വേണ്ടിയാണ് കളിക്കുന്നത്.

  9. ക്രൊയേഷ്യന്‍ സ്വപ്‌നങ്ങള്‍ ലൂക്കാ മോഡ്രിച്ചിന്റേയും

    Leave a Comment

    ദോഹ: ക്രൊയേഷ്യയുടെ കളിയില്‍ ലൂക്കാമോഡ്രിച്ചിനെമാത്രം ശ്രദ്ധിച്ചാല്‍ ആ മത്സരം പൂര്‍ണമായി വീക്ഷിക്കാനാകും.. വിസില്‍മുഴങ്ങി ആദ്യമിനിറ്റുമുതല്‍ അവസാനവിസില്‍ മുഴങ്ങുന്നതുവരെ ഈ 37കാരന്‍ പന്തിന് പിറകേ കുതിക്കുന്നുണ്ടാകും. കൃത്യമായി പാസുകള്‍ നല്‍കിയും പ്രതിരോധത്തിലേക്കിറങ്ങി പന്ത് വീണ്ടെടുത്തും പ്ലേമേക്കറും നായകനുമായി ആദ്യാവസാനം ഒരേതാളത്തില്‍. ബ്രസീലിനെതിരെ നിര്‍ണായക ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യന്‍ വിജത്തിലെ സൂത്രധാരനും ഇതേ ലൂക്കയാണ്.


    നാല് വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി മോഡ്രിച്ചും സംഘവും ഇറങ്ങുമ്പോള്‍ അന്നും ഇന്നും ഈ റയല്‍മാഡ്രിഡ് താരംതന്നെയാണ് കളിഗതിയെ നിയന്ത്രിക്കുന്നത്. ശാരീരികമികവിനെക്കാള്‍ തലച്ചോറുകൊണ്ട് കളിക്കുന്ന നായകനാണ് മോഡ്രിച്ച്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ കളിയില്‍ 139 തവണയാണ് വെറ്ററന്‍ താരം പന്ത് തൊട്ടത്. 115 പാസ് കൃത്യമായി സഹകളിക്കാര്‍ക്ക് കൈമാറി. ആവശ്യമുള്ളപ്പോള്‍ എതിരാളികളെ വീഴ്ത്താനും മടികാണിച്ചില്ല. പരിചയസമ്പന്നരായ ഇവാന്‍ പെരിസിച്ചും ദെയാന്‍ ലോവ്‌റനും ഇത്തവണ മോഡ്രിച്ചിന് കൂട്ടിനുണ്ട്. കൂടെ ഒരുപിടി യുവതാരങ്ങളും.


    1998ലാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്. പ്രഥമ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനക്കാരായി വരവറിയിച്ചു. എന്നാല്‍, ആ പ്രകടനം തുടരാനായില്ല. 2002ലും 2006ലും 2014ലും ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായി. 2010 യോഗ്യത നേടാനായില്ല. 2006 ലോകകപ്പിലായിരുന്നു മോഡ്രിച്ചിന്റെ അരങ്ങേറ്റം. തീക്ഷ്ണമായ ജീവിതാനുഭവത്തില്‍ ഉരുകിത്തെളിഞ്ഞാണ് മോഡ്രിച്ച് മൈതാനത്ത് എത്തിയത്. ഡൈനാമോ സാഗ്രെബ് ടീമിലാണ് ആദ്യം കളിച്ചത്.

    അവിടെനിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്ട്‌സ്പറിലേക്കെത്തിയതോടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. 2012 പ്രതിഭകള്‍ ധാരാളമുള്ള റയല്‍ മാഡ്രിഡിലേക്കുള്ള വിളിയെത്തി. പതുക്കെ റയലിന്റെ പ്രധാനതാരമായി വളര്‍ന്നു. സ്പാനിഷ് ക്ലബ് അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയപ്പോഴും നിര്‍ണായക പങ്കാളിയായി. ക്രൊയേഷ്യക്കായി 160 മത്സരങ്ങളില്‍ നിന്നായി 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായ ലയണല്‍മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ നേരിടുമ്പോള്‍ ക്രൊയേഷ്യയുടെ ആത്മവിശ്വാസവും കരുത്തും ഈ നായകനിലാണ്.

  10. മെസിയെ പേടിക്കേണ്ടതില്ല, തടുക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി ക്രൊയേഷ്യൻ പരിശീലകൻ

    Leave a Comment

    ഖത്തർ ലോകകപ്പിലെ ആദ്യത്തെ സെമി ഫൈനൽ പോരാട്ടം നാളെ രാത്രി നടക്കാനിരിക്കെ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ലയണൽ മെസിയുടെ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടാനിരിക്കയാണ്. കഴിഞ്ഞ ലോകകപ്പിൽ അത്ഭുതങ്ങൾ കാണിച്ച് കലാശപ്പോരാട്ടത്തിൽ വരെയെത്തിയ ക്രൊയേഷ്യ ഇത്തവണയും തങ്ങളുടെ മികച്ച പ്രകടനം ആവർത്തിക്കുമ്പോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയതിനു ശേഷം മികച്ച രീതിയിൽ തിരിച്ചു വന്നാണ് അർജന്റീന സെമിയിൽ എത്തിയിരിക്കുന്നത്.

    ഇത്തവണ ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ബ്രസീലിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കി സെമിയിലേക്ക് മുന്നേറിയ ക്രൊയേഷ്യക്ക് സെമിയിൽ വലിയ ഭീഷണി അർജന്റീനിയൻ നായകനായ ലയണൽ മെസിയാണ്. നാല് ഗോളും രണ്ട് അസിസ്റ്റും ഈ ലോകകപ്പിൽ സ്വന്തമാക്കി മികച്ച ഫോമിലുള്ള താരത്തിന്റെ മികവിലാണ് അർജന്റീന ലോകകപ്പിൽ കുതിക്കുന്നത്. എന്നാൽ താരത്തിന്റെ ഫോമിനെ ക്രൊയേഷ്യ പേടിക്കേണ്ട കാര്യമില്ലെന്നും ബ്രസീലിനെപ്പോലെ തടുക്കാൻ കഴിയുമെന്നുമാണ് പരിശീലകൻ ദാലിച്ച് പറയുന്നത്.

    “ഞങ്ങൾ മെസിയിൽ നിന്നും സംരക്ഷിച്ചു നിർത്തണം, പക്ഷെ അതൊരു താരത്തെ മെസിയെ മാർക്ക് ചെയ്യാൻ ഏൽപ്പിച്ചു കൊണ്ടായിരിക്കില്ല, അത് ഞങ്ങൾ അവസാനത്തെ കളിയിലും ചെയ്‌തില്ല. മെസി എത്രത്തോളം ഓടുമെന്നു ഞങ്ങൾക്കറിയാം, എത്രത്തോളം പന്തു കാലിൽ വെച്ച് കളിക്കാൻ ഇഷ്ടപ്പെടുമെന്ന കാര്യത്തിലും ഞങ്ങൾക്ക് ധാരണയുണ്ട്. ഞങ്ങളുടെ പ്രതിരോധത്തിന്റെ മുഖം അച്ചടക്കമാണ്. ബ്രസീലിനെതിരെ ചെയ്‌ത പോലെ മെസിയെ വിടാതെ പിടിക്കുകയും, ഒപ്പം നിൽക്കുകയും ചെയ്‌താൽ ഞങ്ങൾക്ക് പേടിക്കാനില്ല.” ദാലിച്ച് പറഞ്ഞു.

    മെസിയെ തടുക്കാൻ പ്രത്യേകിച്ചൊരു പദ്ധതിയും ക്രൊയേഷ്യ സ്വീകരിക്കുന്നില്ലെന്നും ഒരു താരത്തെ തടുക്കുക എന്നതിലുപരിയായി ഒരു ടീമിനെ മുഴുവനായാണ് തടുക്കേണ്ടതെന്നും ദാലിച്ച് പറഞ്ഞു. മാൻ മാർക്കിങ്ങിനു പകരം ഒരു ടീമായാണ് അർജന്റീന താരങ്ങളെ തടുക്കാൻ ക്രൊയേഷ്യ ഇറങ്ങുകയെന്നും അവരുടെ ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ദാലിച്ച് അഭിപ്രായപ്പെട്ടു. ക്രൊയേഷ്യൻ മധ്യനിര താരങ്ങളായ മോഡ്രിച്ച്, കോവാസിച്ച്, ബ്രോസോവിച്ച് എന്നിവരെയും ദാലിച്ച് പ്രശംസിച്ചു.

    ഒരു താരത്തിനും പരിക്കും സസ്‌പെൻഷനും ഇല്ലാതെ പൂർണസജ്ജരായാണ് ക്രൊയേഷ്യൻ ടീം സെമി ഫൈനലിനായി ഇറങ്ങുന്നത്. അതേസമയം അർജന്റീനക്ക് ഭീഷണിയായി രണ്ടു താരങ്ങൾ സസ്‌പെൻഷൻ മൂലം സെമിയിൽ കളിക്കില്ല. ഫുൾ ബാക്കുകളായ മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവർക്കാണ് നാളെ നടക്കുന്ന മത്സരം നഷ്‌ടമാവുക.