ക്രൊയേഷ്യന്‍ സ്വപ്‌നങ്ങള്‍ ലൂക്കാ മോഡ്രിച്ചിന്റേയും

ദോഹ: ക്രൊയേഷ്യയുടെ കളിയില്‍ ലൂക്കാമോഡ്രിച്ചിനെമാത്രം ശ്രദ്ധിച്ചാല്‍ ആ മത്സരം പൂര്‍ണമായി വീക്ഷിക്കാനാകും.. വിസില്‍മുഴങ്ങി ആദ്യമിനിറ്റുമുതല്‍ അവസാനവിസില്‍ മുഴങ്ങുന്നതുവരെ ഈ 37കാരന്‍ പന്തിന് പിറകേ കുതിക്കുന്നുണ്ടാകും. കൃത്യമായി പാസുകള്‍ നല്‍കിയും പ്രതിരോധത്തിലേക്കിറങ്ങി പന്ത് വീണ്ടെടുത്തും പ്ലേമേക്കറും നായകനുമായി ആദ്യാവസാനം ഒരേതാളത്തില്‍. ബ്രസീലിനെതിരെ നിര്‍ണായക ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യന്‍ വിജത്തിലെ സൂത്രധാരനും ഇതേ ലൂക്കയാണ്.


നാല് വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി മോഡ്രിച്ചും സംഘവും ഇറങ്ങുമ്പോള്‍ അന്നും ഇന്നും ഈ റയല്‍മാഡ്രിഡ് താരംതന്നെയാണ് കളിഗതിയെ നിയന്ത്രിക്കുന്നത്. ശാരീരികമികവിനെക്കാള്‍ തലച്ചോറുകൊണ്ട് കളിക്കുന്ന നായകനാണ് മോഡ്രിച്ച്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ കളിയില്‍ 139 തവണയാണ് വെറ്ററന്‍ താരം പന്ത് തൊട്ടത്. 115 പാസ് കൃത്യമായി സഹകളിക്കാര്‍ക്ക് കൈമാറി. ആവശ്യമുള്ളപ്പോള്‍ എതിരാളികളെ വീഴ്ത്താനും മടികാണിച്ചില്ല. പരിചയസമ്പന്നരായ ഇവാന്‍ പെരിസിച്ചും ദെയാന്‍ ലോവ്‌റനും ഇത്തവണ മോഡ്രിച്ചിന് കൂട്ടിനുണ്ട്. കൂടെ ഒരുപിടി യുവതാരങ്ങളും.


1998ലാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്. പ്രഥമ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനക്കാരായി വരവറിയിച്ചു. എന്നാല്‍, ആ പ്രകടനം തുടരാനായില്ല. 2002ലും 2006ലും 2014ലും ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായി. 2010 യോഗ്യത നേടാനായില്ല. 2006 ലോകകപ്പിലായിരുന്നു മോഡ്രിച്ചിന്റെ അരങ്ങേറ്റം. തീക്ഷ്ണമായ ജീവിതാനുഭവത്തില്‍ ഉരുകിത്തെളിഞ്ഞാണ് മോഡ്രിച്ച് മൈതാനത്ത് എത്തിയത്. ഡൈനാമോ സാഗ്രെബ് ടീമിലാണ് ആദ്യം കളിച്ചത്.

അവിടെനിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്ട്‌സ്പറിലേക്കെത്തിയതോടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. 2012 പ്രതിഭകള്‍ ധാരാളമുള്ള റയല്‍ മാഡ്രിഡിലേക്കുള്ള വിളിയെത്തി. പതുക്കെ റയലിന്റെ പ്രധാനതാരമായി വളര്‍ന്നു. സ്പാനിഷ് ക്ലബ് അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയപ്പോഴും നിര്‍ണായക പങ്കാളിയായി. ക്രൊയേഷ്യക്കായി 160 മത്സരങ്ങളില്‍ നിന്നായി 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായ ലയണല്‍മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ നേരിടുമ്പോള്‍ ക്രൊയേഷ്യയുടെ ആത്മവിശ്വാസവും കരുത്തും ഈ നായകനിലാണ്.

You Might Also Like