; )
ഓസ്‌ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാരുടെ ബൗളിംഗ് ശൈലിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. ഇന്ത്യന്‍ പേസര്‍മാര്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന വിധം വ്യാപകമായ ബൗണ്‍സറുകള്‍ തൊടുത്ത് വിട്ടതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പ്രകോപിച്ചിരിക്കുന്നത്.
ഇതില്‍ ഒരു ബൗണ്‍സര്‍ ഓസീസ് വാലറ്റത്തെ ബാറ്റ്‌സ്മാന്‍ ഹാരി കോണ്‍വെയുടെ തലയില്‍ ഇടിക്കുകയും താരത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ പന്താണ് കോണ്‍വെയുടെ ഹെല്‍മറ്റില്‍ പതിച്ചത്.
ഡോക്ടറുടെ സഹായം തേടിയ ശേഷം ബാറ്റിങ് തുടര്‍ന്ന കോണ്‍വെ ഇന്ത്യന്‍ ബോളര്‍മാരെ നേരിടാനാകാതെ അധികം വൈകാതെ പുറത്താകുകയും ചെയ്തു. പുറത്തായതിനു ശേഷവും കോണ്‍വെ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫുകളോടു സഹായം തേടുന്നതു കാണാമായിരുന്നു.
കൃത്രിമ വെളിച്ചത്തില്‍ കളി നടക്കുമ്പോള്‍ പിങ്ക് ബോളുകളില്‍ പേസര്‍മാരെ നേരിടുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന്റെ കൂടെ ബോളര്‍മാരുടെ തന്ത്രങ്ങള്‍ കൂടിയെത്തിയതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി വെള്ളം കുടിച്ചു.
ഓസ്‌ട്രേലിയന്‍ താരത്തെ ഇന്ത്യന്‍ ബോളര്‍മാര്‍ നേരിടുന്ന രീതി കമന്റേറ്ററായ ബ്രെന്‍ഡന്‍ ജുലിയന്‍ അദ്ഭുതത്തോടെയാണു കണ്ടത്. കോണ്‍വെയ്‌ക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയുന്ന രീതി ജുലിയന് ഒട്ടും പിടിച്ചിട്ടില്ല. ഇന്ത്യ ബൗണ്‍സറുകള്‍ പ്രയോഗിക്കുന്ന രീതിക്കു പ്രത്യേകിച്ചു കാരണങ്ങളൊന്നും കാണുന്നില്ലെന്നും ജുലിയന്‍ പ്രതികരിച്ചു. ആര്‍ക്കെങ്കിലും പരുക്കേറ്റേക്കാമെന്നായിരുന്നു മറ്റൊരു കമന്റേറ്ററായ കെറി ഒ കീഫിന്റെ പ്രതികരണം.
ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കിടയിലും ഇക്കാര്യത്തില്‍ വ്യാപക പ്രതിഷേധനമാണ് ഉയരുന്നത്. സമൂഹമാധ്യമത്തില്‍ വിമര്‍ശനമുയര്‍ത്തി ആരാധകരും രംഗത്തെത്തി. ഇന്ത്യയുടെ രീതി അപഹാസ്യമാണെന്നായിരുന്നു സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഡാനിയല്‍ ചെര്‍നിയുടെ പ്രതികരണം. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് അനുവദിക്കപ്പെട്ട മൂന്നാമത്തെ ഓസീസ് താരമാണ് ഹാരി കോണ്‍വെ. കോണ്‍വെയ്ക്കു പകരം മാര്‍ക്ക് സ്റ്റെക്‌റ്റെയാണ് രണ്ടാം ദിവസം ഓസ്‌ട്രേലിയയ്ക്കായി കളിക്കുന്നത്.
ആദ്യത്തെ സന്നാഹ മത്സരത്തില്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സറില്‍ വില്‍ പുകോവ്‌സ്‌കിക്കും പരുക്കേറ്റിരുന്നു. ഇതോടെ താരത്തെ രണ്ടാം മത്സരത്തിനുള്ള ടീമില്‍നിന്ന് ഒഴിവാക്കി. വില്ലിന് പകരം മാര്‍ക്കസ് ഹാരിസിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോക്സിംഗ് ഡേ ടെസ്റ്റില്‍ വില്‍ തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.