ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ പന്ത് പിറന്നു, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ബൗളര്‍മാരുടെ ലൈനും ലെഗ്ത്തും നഷ്ടപ്പെടുക എന്നെല്ലാം സാദാരണ പറയാറുണ്ട്. എന്നാല്‍ ഒരു സൂപ്പര്‍ ലിഗ് മത്സരത്തില്‍ ഇങ്ങനെയൊരു പന്ത് സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാന്‍ വയ്യ.

ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെ ബ്രിസ്ബേന്‍ ഹീറ്റ് ബൗളര്‍ ലൂയിസ് ഗ്രിഗറിയുടെ പന്താണ് ‘ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പന്ത്’ എന്ന പേരിട്ട് കമന്റേറ്റര്‍മാര്‍ വിലയിരുത്തിയത്.

ഹൊബാര്‍ട്ട് ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ഗ്രിഗറിയുടെ അവസാന പന്താണ് വിചിത്ര ബോളായി മാറിയത്. പന്തിന്‍മേലുള്ള നിയന്ത്രണം ഗ്രിഗറിക്ക് നഷ്ടമായപ്പോള്‍ പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് നിയമംപ്രകാരം ഇത് നോബോളായി അംപയര്‍ വിധിച്ചു. കിട്ടിയ ഫ്രീഹിറ്റാവട്ടെ ടിം ഡേവിഡ് ഗാലറിയില്‍ എത്തിക്കുകയും ചെയ്തു.

അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടം ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് ഒരു റണ്ണിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് 19.4 ഓവറില്‍ 150 റണ്‍സില്‍ പുറത്തായി. നാല് ഓവറില്‍ 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുജീബ് റഹ്മാനാണ് ഹറികെയ്ന്‍സിനെ പിടിച്ചുകെട്ടിയത്.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ ബ്രിസ്ബേനിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ സ്റ്റെക്റ്റെ റണ്ണൗട്ടായതാണ് മത്സരത്തിന് നാടകീയാന്ത്യം കുറിച്ചത്.