കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു അവന്റെ പ്രതിഭ, പൊന്മുട്ട ഇടുന്ന താറാവിനെ ടീം ഇന്ത്യ കൊന്നതെന്തിന്?

ധനേഷ് ദാമോദരന്‍

‘ഞാന്‍ നിങ്ങളുടെ മകനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ‘
തന്റെ പ്രതാപകാലത്ത് ലോകമെമ്പാടുമുള്ള ബൗളര്‍മാരെ വിറപ്പിച്ച മിയാന്‍ദാദ് പക്ഷെ മെഹബൂബ് ഖാന്‍ എന്ന വൃദ്ധനെ കണ്ട മാത്രയില്‍ ചൂളിപ്പോയി .

മിയാന്‍ദാദിന്റെ പരുങ്ങല്‍ കണ്ട വൃദ്ധന്റെ ചിരിയില്‍ മുഴുവന്‍ പരിഹാസവും ഉണ്ടായിരുന്നു .
‘ ഞാന്‍ താങ്കളോട് ആ വിഷയത്തെപ്പറ്റി സംസാരിക്കാനേ അല്ല വന്നത് .നിങ്ങള്‍ ഒരു മഹാനായ ബാറ്റ്‌സ്മാന്‍ ആണ് .നേരിട്ട് കാണണമെന്ന് തോന്നി ‘.

സത്യത്തില്‍ ആ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ തന്നെയായിരുന്നു ബറോഡയില്‍ ഒരു പള്ളിയിലെ സാധാരണ ജോലികള്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന മെഹബൂബ് ഖാന്‍ മിയാന്‍ദാദിന്റെ അടുത്ത് പോയത് .കാരണം പത്രത്തില്‍ തന്റെ മകനെ പറ്റിയുള്ള മിയാന്‍ദാദിന്റെ പരാമര്‍ശം അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു .പക്ഷെ മിയാന്‍ദാദിന്റെ മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തെ ചിരിപ്പിച്ചു .

‘Bowlers like Irfan Pathan are in every gully & mohalla of Pakistan .We don’t even bother to look at them ‘
2003-04 ലെ ഇന്ത്യയുടെ പാക് പര്യടനത്തിന് മുന്‍പ് ഇര്‍ഫാന്‍ പത്താനെ പോലുള്ളവര്‍ പാകിസ്ഥാന്റെ ഓരോ മുക്കിലും മൂലയിലും ഉണ്ടെന്നും ഷോയിബ് അക്തറും മുഹമ്മദ് സാമിയും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുന്നതു പോലെ തിരിച്ചു ചെയ്യാനുള്ള അതിവേഗം ഇര്‍ഫാന്‍ പത്താനില്ലെന്നും ആയിരുന്നു മിയാന്‍ദാദിന്റെ വാദം .
പക്ഷെ പരമ്പര കഴിഞ്ഞപ്പോഴേക്കും മിയാന്‍ദാദിന് തന്റെ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു .ഗാംഗുലിയുടെ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1 നും ഏകദിന പരമ്പര 3-2 നും ജയിച്ചു .ഇര്‍ഫാന്‍ പത്താന്‍ പരമ്പരയിലുടനീളം മനോഹരമായി പന്തെറിയുകയും ചെയ്തതോടെ മിയാന്‍ദാദ് പരിഹാസ്യനായി.

ആ 6 ആഴ്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഘോഷമായിരുന്നു .ഇന്ത്യക്ക് പാകിസ്ഥാനെതിരെ പരമ്പര വിജയം ,സെവാഗിന്റെ ട്രിപ്പിള്‍ ,ദ്രാവിഡിന്റെ ഇരട്ട സെഞ്ചുറി ,ബാലാജിയുടെ പ്രകടനം ,ഇര്‍ഫാന്റെ മാജിക് .പരമ്പരക്കൊടുവില്‍ ഇതേ മിയാന്‍ദാദ് ഇന്ത്യന്‍ ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് കൂടി നല്‍കുകയുണ്ടായി .

സത്യത്തില്‍ അതിന് തൊട്ടു മുന്‍പ് നടന്ന ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആഡം ഗില്‍ക്രിസ്റ്റിനെ ക്ലീന്‍ ബൗള്‍ ചെയ്ത മനോഹരമായ പന്തു കണ്ട് ക്രിക്കറ്റ് ലോകം ഇര്‍ഫാനെ ‘വസിം അക്രത്തിന്റെ പിന്‍ഗാമി ‘ എന്ന് വിശേഷിപ്പിച്ചതായിരിക്കാം മിയാന്‍ദാദിനെ അലോസരപ്പെടുത്തിയത് .പക്ഷെ അതേ പ്രായത്തില്‍ അക്രത്തെക്കാള്‍ മികച്ച പ്രതിഭ പുറത്തെടുത്ത ഇര്‍ഫാനെ അങ്ങനെ വിശേഷിപ്പിച്ചില്ലായിരുന്നെങ്കിലായേനെ അത്ഭുതം . ഇര്‍ഫാന്റെ എല്ലാ മികച്ച പ്രകടനങ്ങളും പിറന്നതും തന്നെ ആക്ഷേപിച്ച മിയാന്‍ദാദിന്റെ നാടിനെതിരെയായിരുന്നു എന്നത് യാദൃശ്ചികമാകാം .

അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നതിനു മുന്‍പെ പ്രിയപ്പെട്ടതായിരുന്നു ഇര്‍ഫാന് പാക് മണ്ണ് .2003 ലെ ഏഷ്യന്‍ U- 19 ടൂര്‍ണമെന്റില്‍ ബംഗ്‌ളാദേശിനെതിരെ ഇര്‍ഫാന്‍ പത്താന്‍ നടത്തിയ പ്രകടനം അത്ര മാത്രം അതിശയകരമായിരുന്നു .


ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യന്‍ ടീം 50 ഓവറില്‍ നേടിയത് 223 റണ്‍ .77 റണ്‍ നേടിയ ദിനേശ് കാര്‍ത്തിക്കും 47 റണ്‍ നേടിയ സുരേഷ് റെയ്‌നയും മികച്ച പ്രകടനം നടത്തിയ മച്ചില്‍ മലയാളിയായ റൈഫി വിന്‍സന്റ് ഗോമസ് അരങ്ങേറ്റം കുറിച്ചപോള്‍ പാതി മലയാളിയായ റോബിന്‍ ഉത്തപ്പയും ടീമിലുണ്ടായിരുന്നു .വാലറ്റത്ത് ഇര്‍ഫാന്‍ പത്താന്‍ 31 പന്തില്‍ നേടിയ 34 റണ്‍സ് നിര്‍ണായകമായിരുന്നു .
മറുപടിയില്‍ ബംഗ്‌ളാദേശിന്റെ തകര്‍ച്ച ദയനീയമായിരുന്നു .ഇന്നിങ്ങ്‌സ് നീണ്ടത് വെറും 14.5 ഓവര്‍ മാത്രം .34 റണ്‍സിന് ഓള്‍ ഔട്ട് .ഇന്ത്യന്‍ ഇന്നിങ്‌സില്‍ പത്താന്‍ നേടിയ സ്‌കോര്‍ മാത്രമാണ് ബംഗ്‌ളാദേശ് നേടിയത് .

10.4 ഓവര്‍ ആയപ്പോഴേക്കും ബംഗ്‌ളാദേശ് 22 ന് 7 ലെത്തിയിരുന്നു .പന്തെറിഞ്ഞത് 2 പേര്‍ മാത്രം .പത്താനും വി.ആര്‍. വി. സിങ്ങും .വി.ആര്‍.വി 7 ഓവറില്‍ 17 റണ്‍സിന് 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പത്താന്റേത് വിശ്വസിക്കാന്‍ പ്രയാസമുള്ള ബൗളിങ് ഫിഗര്‍ ആയിരുന്നു . 7.5-3-16-9

പാക് മണ്ണില്‍ 2006 ല്‍ കറാച്ചി ടെസ്റ്റിലെ ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട് ,യൂനിസ് ഖാന്‍ ,മുഹമ്മദ് യൂസഫ് എന്നീ ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ഹാട്രിക് നേടുമ്പോള്‍ ഇര്‍ഫാന് പ്രായം 22 .നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടെസ്റ്റ് ചരിത്രത്തില്‍ ടെസ്റ്റിന്റെ ആദ്യ ഓവറില്‍ ഹാട്രിക് നേടാന്‍ ഇര്‍ഫാന്‍ പത്താന്‍ ജനിക്കേണ്ടി വന്നു .

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓവറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ 341 റണ്‍സിന് തോറ്റ അതേ വിധി തന്നെയായിരുന്നു ഇര്‍ഫാന്റ കരിയറിലും പിന്നീട് കണ്ടത് .ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ആകേണ്ടിയിരുന്ന ഒരാള്‍ 100 ടെസ്റ്റ് വിക്കറ്റുകളിലൊതുങ്ങേണ്ടി വന്നതിനപ്പുറം ദൗര്‍ഭാഗ്യമില്ല .

2007 ല്‍ ഇന്ത്യ പാകിസ്ഥാനെ കീഴടക്കി T20 ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അവിടെയും പാകിസ്ഥാന് വില്ലനായത് പത്താന്‍ തന്നെ ആയിരുന്നു .4 ഓവറില്‍ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പത്താന്‍ ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി. പിന്നാലെ അടുത്ത വര്‍ഷം ലോക ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച IPL ന്റെ ആദ്യ സീസണില്‍ സഹോദരന്‍ യൂസഫ് പത്താന്‍ ഫൈനലില്‍ കളിയിലെ കേമന്‍ ആയതോടെ 2 വിലപ്പെട്ട മെഡലുകളാണ് ഒരു വീട്ടിലേക്ക് പോയത്.


പിതാവിന്റെ കൂടെ പള്ളിയില്‍ പോയി പള്ളി കോമ്പൗണ്ടില്‍ കളി തുടങ്ങി ഇന്ത്യന്‍ ടീമിലെത്തിയ കഥയാണ് പത്താന്‍മാര്‍ക്ക് പറയാനുള്ളത് .പാകിസ്ഥാന്‍ പര്യടനത്തിന് പോകുന്നതിന് തലേ ദിവസം വരെ പള്ളിയിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയ പത്താനെയും നാട്ടുകാര്‍ക്കറിയാം .

ജവഗല്‍ ശ്രീനാഥ് അയാളെ വിശേഷിപ്പിച്ചത് കുറഞ്ഞത് 300 + ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെ ഷുവര്‍ ബെറ്റ് എന്നായിരുന്നു .അന്ന് പത്താന് പ്രായം വെറും 19 വയസ് .അയാളിലെ പ്രതി കണ്ട ഇമ്രാന്‍ ഖാന്‍ ആദ്യനോട്ടത്തില്‍ വാഴ്ത്തിയത് വസിം അക്രമിനേക്കാള്‍ മികച്ചവനാകും എന്നായിരുന്നു .
ആദ്യ സീസണില്‍ രഞ്ജി ട്രോഫിയില്‍ സഹീര്‍ ഖാന് പകരമായിരുന്നു പത്താന്‍ ടീമിലെത്തിയത് .ആ സീസണില്‍ രഞ്ജി കിരീടം നേടിയ ബറോഡ ഇറാനി ട്രോഫിയില്‍ പരാജയപ്പെട്ടു .അന്ന് സെഞ്ചുറി നേടിയ വി.വി.എസ് ലക്ഷ്മണിനെ തുടരെ തുടരെ പരീക്ഷിച്ച ചെറുപ്പക്കാരനെ പറ്റി ലക്ഷ്മണ്‍ പറഞ്ഞത് ഇയാള്‍ സഹീറിനെ അനുസ്മരിപ്പിക്കുന്നു എന്നായിരുന്നു .
വാഴ്ത്തിയതു പോലെ തന്നെയായിരുന്നു ഇര്‍ഫാന്റെ തുടര്‍ന്നുള്ള കാലങ്ങളും .സ്വിങ്ങ് ബൗളിങ്ങിന്റെ മനോഹാരിതക്കൊപ്പം മികച്ച ബാറ്റിങ്ങും പുറത്തെടുത്തതോടെ പത്താന്‍ ചരിത്രത്തിലേക്കുള്ള യാത്രയിലായിരുന്നു .

പക്ഷെ എവിടെയോ പിഴച്ചു .ഒപ്പം പരിക്കുകളും അവഗണനയും കൂനിന്‍മേല്‍ കുരുവായി .
2007-08 ല്‍ പെര്‍ത്തില്‍ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചപ്പോള്‍ 5 വിക്കറ്റും രണ്ടാമിന്നിങ്‌സില്‍ നേടിയ നിര്‍ണായകമായ 46 റണ്‍സും നേടി മാന്‍ ഓഫ് ദ മാച്ചായ പത്താന്‍ പിന്നീട് കളിച്ചത് ഒരു ടെസ്റ്റ് മാത്രം .2012 ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ 5 വിക്കറ്റും ,അതിവേഗത്തില്‍ നേടിയ 28 റണ്‍സ് പ്രകടനത്തിന് ശേഷം ഒരു ഏകദിനത്തില്‍ പോലും അയാള്‍ക്ക് അവസരം കിട്ടിയില്ല .
എല്ലാവരും കരിയര്‍ തുടങ്ങുന്ന ,അല്ലെങ്കില്‍ കരിയറിലെ നല്ല കാലം ആരംഭിക്കുന്ന സമയത്ത് 27 ആം വയസില്‍ പത്താന്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരവും കളിച്ചു കഴിഞ്ഞിരുന്നു .

29 ടെസ്റ്റുകളിലെ 100 വിക്കറ്റുകള്‍ ,120 ഏകദിനങ്ങളിലെ 173 വിക്കറ്റുകള്‍ ,28 T20 വിക്കറ്റുകള്‍ പുറമെ മികച്ച ബാറ്റിങ്ങ് പ്രകടനങ്ങള്‍ .
കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു പത്താന്റെ പ്രതിഭ .ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് 1059 ദിവസത്തിനുള്ളില്‍ 1000 റണ്‍സും 100 വിക്കറ്റും നേടി റെക്കോര്‍ഡ് സൃഷ്ടിച്ച പത്താന് 27 ആം വയസില്‍ വെറും 301 വിക്കറ്റുകളുമായി കളം വിടേണ്ടി വന്നതില്‍ പത്താനെക്കാള്‍ വിഷമം ക്രിക്കറ്റ് ആരാധകര്‍ക്കായിരുന്നു .
ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ ഒഴിവാക്കിയതെന്തിന് എന്ന ഇര്‍ഫാന്റെ ചോദ്യത്തിന് ഇന്ന് ഒരു മറുപടി ആര്‍ക്കും കൊടുക്കാന്‍ പറ്റിയിട്ടില്ല .

2005 ല്‍ 4 ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ 3 തവണ 80 ലധികം സ്‌കോര്‍ ചെയ്ത പത്താന്‍ സാക്ഷാല്‍ കപില്‍ദേവിന്റെ സിംഹാസനത്തിലേക്കുള്ള കുതിപ്പിലായിരുന്നു .ഒരു പക്ഷെ എല്ലാം തികഞ്ഞ ഒരു ഓള്‍റൗണ്ടര്‍ ആകാനുള്ള പത്താന്റെ ശ്രമം അയാളിലെ ബൗളിങ്ങിന്റെ മൂര്‍ച്ച കുറച്ചതാകാം. കപിലും ഇമ്രാനും ഹാഡ്‌ലിയും തങ്ങളുടെ ബൗളിങ്ങില്‍ മാത്രം ശ്രദ്ധിച്ച് സ്വാഭാവിക ബാറ്റിങ്ങില്‍ മാത്രം പ്രാധാന്യം നല്‍കിയപ്പോള്‍ ഇര്‍ഫാന്‍ രണ്ടിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായതാകാം .
ഒരു നിര്‍ധന കുടുംബത്തില്‍ നിന്നും വന്ന് 301 അന്താരാഷ്ട്ര വിക്കറ്റുകളും ഒരു പാട് നേട്ടങ്ങളും ഇര്‍ഫാന്‍ പത്താന്‍ എന്ന പ്രതിഭയുടെ വിജയമാകാം .എന്നാല്‍ അതിലേക്കളുപരി വരും തലമുറകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പല റെക്കോര്‍ഡുകളും അവശേഷിപ്പിച്ച് മടങ്ങിയത് കൊണ്ട് തന്നെ ഇര്‍ഫാന്‍ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചില്‍ ഒരു നോവാണ് ,നീറ്റലാണ് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like