ഇവാന്‍ യുഗം കഴിഞ്ഞു, പുതിയ കോച്ചിനെ പ്രഖ്യാപിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നടപടി തുടങ്ങി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. 2021 ല്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന ഇവാന്‍ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്: ടീമിന്റെ വളര്‍ച്ചക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം ഇവാന്‍ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവാന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ദ : ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളില്‍ ഒന്നാണിത്. ആദ്യ ദിവസം മുതല്‍ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേര്‍പിരിയലില്‍ ഞാന്‍ ഖേദിക്കുന്നു, പക്ഷേ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ലബിനായി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങള്‍ക്കും ഒപ്പം ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അടിത്തറയ്ക്കും ഞാനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എന്നും ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ അവിഭാജ്യ അംഗമായിരിക്കും. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

കോച്ച് ഇവാനും ഫ്രാങ്കിനും ഇക്കാലയളവിലെ അവരുടെ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ക്ലബ്ബ് നന്ദി അറിയിക്കുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ചപ്പാടുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ക്ലബ് ഉടന്‍ ആരംഭിക്കും

 

You Might Also Like