ലോകകപ്പിൽ താരമായ ക്രൊയേഷ്യൻ പ്രതിരോധതാരത്തെ റെക്കോർഡ് തുകയെറിഞ്ഞ് റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ

അർജന്റീനക്കെതിരായ സെമി ഫൈനൽ മത്സരത്തിനു ശേഷം ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകകപ്പിനു മുൻപ് തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ നോട്ടമിട്ടു വെച്ചിരുന്ന താരത്തിന് ലോകകപ്പ് കഴിഞ്ഞതോടെ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ജർമൻ ക്ലബായ ആർബി ലീപ്‌സിഗിൽ കളിക്കുന്ന താരത്തെ ഈ ജനുവരിയിലോ അല്ലെങ്കിൽ അടുത്ത സമ്മറിലോ ഏതെങ്കിലും വമ്പൻ ക്ലബ് തങ്ങളുടെ തട്ടകത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ലോകകപ്പിനു മുൻപ് ചെൽസിയാണ് ഗ്വാർഡിയോളിനെ സ്വന്തമാക്കാൻ പ്രധാനമായും രംഗത്തുണ്ടായിരുന്നത്. എൺപതു മില്യൺ പൗണ്ട് കഴിഞ്ഞ സമ്മറിൽ താരത്തിനായി ചെൽസി വാഗ്‌ദാനം ചെയ്‌തെങ്കിലും ലീപ്‌സിഗ് അത് നിരസിച്ചു. അതിനു ശേഷം ടോട്ടനം ഹോസ്‌പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ കൂടി താരത്തിനായി രംഗത്തു വന്നെങ്കിലും അതിനെയും കടത്തിവെട്ടുന്ന ഓഫർ മാഞ്ചസ്റ്റർ സിറ്റി നൽകാൻ ഒരുങ്ങുകയാണെന്നാണ് ജേർണലിസ്റ്റായ ആൽഫ്രഡോ പെഡലാദ് റിപ്പോർട്ടു ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 110 മില്യൺ പൗണ്ടാണ് ക്രൊയേഷ്യൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കാൻ ഒരുങ്ങുന്നത്. ട്രാൻസ്‌ഫർ നടന്നാൽ ഒരു പ്രതിരോധതാരത്തിനു വേണ്ടിയുള്ള ഏറ്റവുമുയർന്ന തുകയാവും ഗ്വാർഡിയോളിനു ലഭിക്കുക. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിനെ എൺപത്തിയഞ്ചു മില്യൺ നൽകി ലൈസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയാണ് ഒരു പ്രതിരോധതാരത്തിന്റെ ഉയർന്ന ട്രാൻസ്‌ഫർ തുക. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ എന്ന റെക്കോർഡും ക്രൊയേഷ്യൻ താരം സ്വന്തമാക്കും. ഇരുപതാം വയസിലാണ് ഇത്രയും തുക ഗ്വാർഡിയോളിനു ലഭിക്കുന്നതെന്നും എടുത്തു പറയേണ്ടതാണ്.

ഇരുപതാം വയസിൽ തന്നെ ലോകകപ്പെന്ന വലിയ വേദിയിൽ കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവും കാണിക്കാതിരുന്ന താരം ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മുഴുവൻ മിനുട്ടും കളിച്ചു. ബെൽജിയം, ബ്രസീൽ എന്നീ ടീമുകൾക്കെതിരെ താരത്തിന്റെ പ്രകടനം കൂടുതൽ മികച്ചതായിരുന്നു. ലീപ്‌സിഗുമായി മാഞ്ചസ്റ്റർ സിറ്റി നിരന്തരമായി ബന്ധം പുലർത്തുന്നുണ്ട് എങ്കിലും റയൽ മാഡ്രിഡും ഗ്വാർഡിയോളിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. സിറ്റി നൽകുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്യുന്നത്.

You Might Also Like