മെസിയുടെ പിൻഗാമിയെ റാഞ്ചാനുള്ള ബാഴ്‌സലോണയുടെ ശ്രമം, അഭ്യൂഹങ്ങൾ നിഷേധിക്കാതെ സാവി

അടുത്തിടെ പൂർത്തിയായ അണ്ടർ 17 ലോകകപ്പിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു അർജന്റീനയുടെ ക്ലൗഡിയോ എച്ചെവരി. അർജന്റീന സെമി ഫൈനലിൽ ജർമനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി പുറത്തു പോയെങ്കിലും അതിനു മുൻപ് ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയാണ് എച്ചെവരി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ കേളീശൈലി മെസിയുമായി സാമ്യമുള്ളതായിരുന്നു.

ആ മത്സരത്തിന് ശേഷം മെസിയുടെ പിൻഗാമിയെന്ന പലരും വാഴ്ത്തിയ താരം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നു. ഇപ്പോൾ താരത്തിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ റിലീസിംഗ് ക്ലോസിനെക്കാൾ ഉയർന്ന തുകയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം സാവിയും എച്ചെവരിയെ പ്രശംസിച്ചു രംഗത്തു വന്നിരുന്നു.

എച്ചെവരി വളരെയധികം പ്രതിഭയുള്ള താരമാണെന്നും ബ്രസീലിനെതിരെ നേടിയ ഹാട്രിക്ക് മാറ്റി നിർത്തിയാൽ പോലും ഒരു മത്സരത്തിൽ വ്യത്യാസമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുമാണ് സാവി പറഞ്ഞത്. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് അത് ക്ലബിന്റെ സ്‌കൗട്ടിങ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും സാവി പറഞ്ഞു. തനിക്ക് താൽപര്യം ബാഴ്‌സലോണയെയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ താരമാണ് എച്ചെവരി.

എച്ചെവരിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താൽപര്യമെന്നത് അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ ബാഴ്‌സലോണ നൽകിയ ഓഫറിൽ ചെറിയൊരു കുഴപ്പമുണ്ട്. ഇരുപത്തിയഞ്ചു മില്യൺ യൂറോ നൽകാമെന്ന് പറയുന്നുണ്ടെങ്കിലും അത് തവണകളായി നൽകാനേ ക്ലബിന് കഴിയൂ. അതിനാൽ തന്നെ റിവർപ്ലേറ്റ് ആ ഓഫർ തള്ളിക്കളഞ്ഞ് മറ്റു ക്ലബുകളുടെ ഓഫർ പരിഗണിച്ചേക്കും. റിലീസിംഗ് ക്ലോസ് ഉയർത്താനുള്ള ശ്രമങ്ങളും റിവർപ്ലേറ്റ് നടത്തുന്നുണ്ട്.

You Might Also Like