മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധി ഡിബാല അവസാനിപ്പിക്കുമോ, അർജന്റീന താരത്തിനെ റാഞ്ചാൻ ശ്രമം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എല്ലാവരും ഉറ്റു നോക്കാൻ സാധ്യതയുള്ള താരമാണ് ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന ഡിബാല. ക്ലബുമായുള്ള കരാർ പ്രകാരം ജനുവരി പിറന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ലോസ് പതിമൂന്നു മില്യൺ യൂറോ ആയിട്ടുണ്ട്. ഇറ്റലിക്ക് പുറത്തുള്ള ഏതൊരു ടീമിനും താരത്തിന്റെ സമ്മതമുണ്ടെങ്കിൽ ഈ തുക നൽകി ദിബാലയെ സ്വന്തമാക്കാൻ കഴിയും.

ദിബാലയുടെ ഈ സാഹചര്യം മനസിലാക്കി താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ അഴിച്ചുപണികൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ദിബാലയെപ്പോലൊരു താരം എത്തിയാൽ അവർക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല ഡിബാലക്ക് വേണ്ടി രംഗത്തുള്ള ക്ലബുകൾ. ഫ്രഞ്ച് ക്ലബായ പിഎസ്‌ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബായ ടോട്ടനം, സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡ് എന്നിവർ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ഈ ക്ലബുകളെല്ലാം മുൻപും ദിബാലയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

യുവന്റസിൽ നിന്നും റോമയിലേക്ക് ചേക്കേറിയ ദിബാല ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോൾ തന്നെ ലീഗിൽ പത്തോളം ഗോളുകളിൽ താരം പങ്കാളിയായിട്ടുണ്ട്. സീസണിന്റെ ഇടയിൽ താരം ക്ലബ് വിടുമോയെന്ന കാര്യം ഉറപ്പില്ലെങ്കിലും അർജന്റീനക്കൊപ്പം ലോകകപ്പ് നേടി ആത്മവിശ്വാസത്തിൽ നിൽക്കുന്ന ദിബാലയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ഈ ടീമുകൾക്കതൊരു മുതൽക്കൂട്ടാണ്.

You Might Also Like