മെസിക്ക് പകരക്കാരനായി അർജന്റീന താരം, ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിച്ചു

മോശം സാഹചര്യങ്ങളിലൂടെയാണ് ബാഴ്‌സലോണ ഇപ്പോൾ കടന്നു പോകുന്നത്. സാമ്പത്തിക പ്രതിസന്ധി ബാധിച്ച ടീമിന്റെ ഈ സീസണിലെ പ്രകടനം മോശമാണ്. അതിനു പുറമെ പരിശീലകനായ സാവി ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെയും ടീമിനെ മെച്ചപ്പെടുത്താനുള്ള താരങ്ങളെയും ബാഴ്‌സക്ക് കണ്ടെത്തേണ്ടതുണ്ട്.

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം തകർച്ചയിലേക്ക് വീണ ക്ലബ്ബിനെ പിടിച്ചുയർത്താൻ അർജന്റീന താരത്തെ തന്നെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ക്ലബ് ആലോചിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ റോമയുടെ താരമായ പൗലോ ഡിബാലയെ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ബാഴ്‌സലോണ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പുതിയ താരങ്ങൾക്കായി വളരെ കുറഞ്ഞ തുക മാത്രമേ മുടക്കാൻ കഴിയൂവെന്നതാണ് ബാഴ്‌സലോണ ഡിബാലയെ ലക്ഷ്യമിടുന്നതിന്റെ കാരണം. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന ദിബാലയെ സ്വന്തമാക്കാൻ ഇറ്റലിക്ക് പുറത്തുള്ള ക്ലബുകൾ വെറും പന്ത്രണ്ടു മില്യൺ യൂറോ മുടക്കിയാൽ മതി. അതിനു പുറമെ താരത്തിന്റെ വേതനവും ബാഴ്‌സലോണയുടെ പരിധിയിൽ ഒതുങ്ങുന്നതാണ്.

റോമയിൽ മികച്ച പ്രകടനമാണ് ഡിബാല നടത്തുന്നത്. ഡി റോസി പരിശീലകനായി എത്തിയതോടെ താരത്തിന്റെ നിലവാരം കൂടുതൽ ഉയർന്നിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. ഈ സീസണിൽ റോമ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ താരം ക്ലബ് വിടാനുള്ള സാധ്യത കുറയും. പ്രീമിയർ ലീഗിൽ നിന്നുള്ള ചില ക്ലബുകളും താരത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

You Might Also Like