“ഇത് പുതിയ നിയമങ്ങളാണോ”- അർജന്റീനക്ക് പെനാൽറ്റി നൽകിയ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ ക്രൊയേഷ്യൻ പരിശീലകൻ

ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന്റെ ഗതി മാറ്റിയ പെനാൽറ്റി അനുവദിച്ച തീരുമാനത്തിനെതിരെ ക്രൊയേഷ്യൻ പരിശീലകൻ സ്ലാക്കോ ദാലിച്ച്. മുപ്പതു മിനുട്ടിലധികം ഗോൾരഹിതമായി പോവുകയായിരുന്ന മത്സരത്തിൽ ക്രൊയേഷ്യക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നപ്പോഴാണ് ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ ഗോൾകീപ്പർ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത മെസി ലക്‌ഷ്യം കാണുകയും ചെയ്‌തു. ആ ഗോളിന് മറുപടി നൽകാൻ ക്രൊയേഷ്യ ശ്രമിച്ചപ്പോൾ പ്രത്യാക്രമണത്തിൽ നിന്നും അർജന്റീനയുടെ അടുത്ത ഗോളും വന്നതോടെ മത്സരം ക്രൊയേഷ്യയുടെ കയ്യിൽ നിന്നും പൂർണമായും വഴുതിപ്പോയി.

ഒരു പ്രത്യാക്രമണം തന്നെയാണ് പെനാൽറ്റി തീരുമാനത്തിനുള്ള വഴി തുറന്നത്. എൻസോ ഫെർണാണ്ടസ് നൽകിയ മികച്ചൊരു ത്രൂ പാസ് പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ബോക്‌സിലെത്തിയപ്പോൾ ഗോൾകീപ്പർ ലിക്കോവിച്ച് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഗോളിയുടെ തലക്കു മുകളിലൂടെ പന്ത് വലയിലെത്തിക്കാൻ അൽവാരസ് ശ്രമിച്ചു. പന്ത് തടുക്കാൻ മുന്നോട്ടു വന്ന ലിക്കോവിച്ച് അതിനുള്ള ശ്രമം നടത്തിയപ്പോൾ അൽവാരസിനെ വീഴ്ത്തുകയായിരുന്നു. ആ ഫൗൾ അവിടെ നടന്നില്ലെങ്കിൽ അൽവാരസിനു പന്തിൻമേൽ അഡ്വാന്റേജ്‌ ഉണ്ടാകുമായിരുന്നതു കൊണ്ടാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ആ തീരുമാനം സംശയമുണ്ടാക്കുന്നതാണെന്നാണ് ദാലിച്ച് പറഞ്ഞത്.

“എല്ലാം ഞങ്ങളുടെ കൈകളിലായിരുന്നു. ഞങ്ങൾ അര മണിക്കൂറോളം നന്നായി കളിച്ചു, പന്തടക്കവും ഉണ്ടായിരുന്നു. ഞങ്ങൾ അവർക്ക് ഭീഷണിയൊന്നും ഉയർത്തിയില്ലെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നു. ഞങ്ങളൊരു ഗോൾ വഴങ്ങി, അത് സംശയം ഉണ്ടാക്കുന്നതായിരുന്നു. പെനാൽറ്റിയിലേക്ക് നയിച്ച സാഹചര്യം. അത് വളരെ മോശമായ തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാൽ അനായാസം എടുത്ത തീരുമാനവുമായിരുന്നു. ഗോൾകീപ്പർ എന്താണോ ചെയ്യേണ്ടത് അതു തന്നെയാണ് ചെയ്‌തത്‌, ഇതെല്ലാം പുതിയ നിയമങ്ങളാണോ. ആ ഗോൾ മത്സരത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടു പോയി.” ദാലിച്ച് മത്സരത്തിന് ശേഷം പറഞ്ഞു.

അതേസമയം വിജയം നേടിയ അർജന്റീനയെ അഭിനന്ദിക്കാനും ക്രൊയേഷ്യൻ പരിശീലകൻ മറന്നില്ല. ക്രൊയേഷ്യ തലയുയർത്തിപ്പിടിച്ചു തന്നെയാണ് നിൽക്കുന്നതെന്നും ടീമിലെ താരങ്ങളെ യാതൊരു വിധത്തിലും പഴിക്കാതെ മൂന്നാം സ്ഥാനത്തിനായി പൊരുതുകയെന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളതെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ പരാതികൾ ഇല്ലെന്നും വ്യക്തമാക്കി. ക്രൊയേഷ്യൻ ടീം ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ മത്സരത്തിൽ സൃഷ്‌ടിച്ചുവെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മികച്ച സ്‌ട്രൈക്കറെ ടീം മിസ് ചെയ്‌തുവെന്ന്‌ പറഞ്ഞ അദ്ദേഹം തന്റെ എല്ലാ താരങ്ങളും അവരുടെ മുഴുവൻ മികവും ഈ ടൂർണമെന്റിൽ നൽകിയെന്നും വെളിപ്പെടുത്തി.

 

You Might Also Like