മുപ്പത്തിയഞ്ചു വാര അകലെ നിന്നും ഒരു മിന്നൽ ഷോട്ട്, അർജന്റീന താരത്തിന്റെ ഗോൾ അത്ഭുതമാകുന്നു

അർജന്റീനയിൽ നടന്നു വരുന്ന അണ്ടർ 20 ലോകകപ്പിൽ ആതിഥേയരായ അർജന്റീനയും ന്യൂസിലാൻഡും തമ്മിൽ നടന്ന മത്സരത്തിൽ ലാസിയോ താരമായ ലൂക്ക റൊമേരോ നേടിയ ഗോളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. അർജന്റീന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയം നേടിയപ്പോൾ മൂന്നാമത്തെ ഗോളാണ് ലൂക്ക റൊമേരോ നേടിയത്.

ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഉസ്‌ബെക്കിസ്ഥാൻ, ഗ്വാട്ടിമാല എന്നിവരെ കീഴടക്കി നേരത്തെ തന്നെ നോക്ക്ഔട്ട് ഉറപ്പിച്ച അർജന്റീന ടീം ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയതോടെ ഗ്രൂപ്പ് ജേതാക്കളായി നോക്ക്ഔട്ടിലേക്ക് മുന്നേറി. മത്സരത്തിൽ മാസ്‌ട്രോ പുച്, ജിനോ ഇൻഫാന്റിനോ, ലൂക്ക റോമെറോ, ബ്രയാൻ അഗ്വയർ, ആലഹോ വേലിസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ലൂക്ക റൊമേറോയുടെ ഗോൾ പിറന്നത്. സ്വന്തം ഹാഫിൽ നിന്നും മൂന്ന് ന്യൂസിലാൻഡ് താരങ്ങളെ മനോഹരമായി കബളിപ്പിച്ച് പന്തെടുത്ത് മുന്നേറിയ താരം ഒടുവിൽ പോസ്റ്റിന്റെ മുപ്പത്തിയഞ്ചു വാര അകലെ നിന്നും ഉതിർത്ത മിന്നൽ ഷോട്ട് വലയുടെ മൂലയിലേക്ക് കയറുമ്പോൾ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് റോമെറോ ഗോൾ നേടുന്നത്.

മത്സരത്തിൽ ഒരു അസിസ്റ്റും റൊമേറോയുടെ വകയായിരുന്നു. മെക്‌സിക്കോക്ക് വേണ്ടി കളിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് അർജന്റീനയെ തിരഞ്ഞെടുത്ത താരം ഭാവിയിൽ തനിക്ക് ടീമിന്റെ പ്രധാന താരമായി മാറാൻ കഴിയുമെന്ന് ലോകകപ്പിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത സീസണിൽ ലാസിയോയിലും കൂടുതൽ അവസരം താരത്തെ തേടിയെത്തുമെന്നുറപ്പാണ്.

തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലും ഗോൾ നേടിയതോടെ അർജന്റീന സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പ് നേടാൻ തയ്യാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളിൽ നിന്നും പത്ത് ഗോളാണ് അർജന്റീന നേടിയത്. ലോകകപ്പിന് നേരിട്ട് യോഗ്യത നേടാതിരുന്ന അർജന്റീന ആതിഥേയരെന്ന നിലയിലാണ് ടൂർണമെന്റിൽ കളിക്കുന്നതെങ്കിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

You Might Also Like