ഫൈനലിന് ഒരു മണിക്കൂർ മുൻപ് പോലും അതാരോടും പറഞ്ഞില്ല, ലോകകപ്പ് നേടിയ തന്ത്രം വെളിപ്പെടുത്തി ലയണൽ സ്‌കലോണി

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായാണ് അർജന്റീന കിരീടം നേടിയത്. ആദ്യത്തെ മത്സരത്തിൽ തോറ്റു കൊണ്ടാണ് തുടങ്ങിയതെങ്കിലും അതിനു ശേഷമുള്ള ഓരോ മത്സരത്തിലും പൊരുതി വിജയം നേടുകയായിരുന്നു അർജന്റീന. ടീമിലെ ഓരോ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയപ്പോൾ അവരെ കോർത്തിണക്കി ഒരു ചങ്ങലയാക്കിയ ലയണൽ സ്‌കലോണി പ്രത്യേകം പരാമർശമർഹിക്കുന്നു.

താനൊരു മികച്ച തന്ത്രജ്ഞനാണെന്ന് ഖത്തർ ലോകകപ്പിലൂടെ ലയണൽ സ്‌കലോണി തെളിയിക്കുകയുണ്ടായി. ഓരോ മത്സരത്തിലും എതിർടീമിനെ അറിഞ്ഞു കൊണ്ട് തന്ത്രങ്ങൾ ഒരുക്കിയ സ്‌കലോണി പ്രശംസിക്കപ്പെട്ടത് ഫൈനലിൽ ഫ്രാൻസിനെതിരെ ഡി മരിയയെ ലെഫ്റ്റ് വിങ്ങിൽ ഇറക്കിയതിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം അതേക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.

“ഡി മരിയ ലെഫ്റ്റ് വിങ്ങിൽ കളിക്കുമെന്നത്  ഫ്രാൻസ് മൊറോക്കോയെ സെമിയിൽ തോൽപ്പിച്ചതു മുതൽ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ ഗെയിമിന് ഒരു മണിക്കൂർ മുമ്പ് വരെ അതാരോടും പറഞ്ഞിരുന്നില്ല. അത് ഒരു പരിധിവരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ആർക്കും അനുകൂല്യം നൽകിയില്ല.”

“ഇപ്പോൾ എല്ലാവർക്കും അതേപ്പറ്റി അറിയാം, അന്ന് പക്ഷെ അത് പ്രതികൂലമായി വരുമായിരുന്നു. ഞങ്ങൾക്കു വേണ്ടിയിരുന്നത് ഡെംബെലെയ്‌ക്കൊപ്പം പ്രതിരോധിക്കാൻ ഏഞ്ചലിന് പിൻവലിഞ്ഞു കളിക്കേണ്ടി വരാതിരിക്കുക എന്നതാണ്. ഒന്നാമതായി, അത് താരത്തിന്റെ ജോലിയല്ല. രണ്ടാമതായി, കൂണ്ടെയെ ആക്രമിച്ചു കളിക്കാൻ താരം ഫ്രഷ് ആയി തുടരണം.” സ്‌കലോണി പറഞ്ഞു.

മത്സരത്തിൽ അതിഗംഭീര പ്രകടനമാണ് ഏഞ്ചൽ ഡി മരിയ നടത്തിയത്. രണ്ടു ഗോളുകൾക്ക് പിന്നിൽ പ്രവർത്തിച്ച താരം കളിക്കളത്തിലുണ്ടായിരുന്നപ്പോൾ ഫ്രാൻസ് ചിത്രത്തിലേ ഇല്ലായിരുന്നു. ഡി മരിയയെ പിൻവലിച്ചതിനു ശേഷമാണ് ഫ്രാൻസ് തിരിച്ചുവരവ് നടത്തിയതും മത്സരം ഷൂട്ടൗട്ട് വരെ നീണ്ടു പോയതും.

You Might Also Like