ഞങ്ങൾ പുറത്തായതിന്റെ വേദനയിൽ ലോകകപ്പ് ഫൈനൽ പോലും കണ്ടില്ല, അർജന്റീനക്ക് പിന്തുണ നൽകിയില്ലെന്ന് കസമീറോ

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച ടീമായിരുന്നു ബ്രസീലെങ്കിലും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങി പുറത്തു പോകാനായിരുന്നു അവരുടെ വിധി. 2002ൽ അവസാനമായി ലോകകപ്പ് കിരീടം നേടിയ ബ്രസീൽ ടീം അതിനു ശേഷം ഒരിക്കൽപ്പോലും ടൂർണമെന്റിന്റെ ഫൈനൽ കളിച്ചിട്ടില്ല. ബ്രസീൽ ടീമിനെ സംബന്ധിച്ച് വലിയ നിരാശയാണ് ഖത്തർ ലോകകപ്പ് ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസം ബ്രസീലിയൻ സൂപ്പർതാരം കസമീറോ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുമ്പോൾ ബ്രസീൽ പുറത്തായതിന് ശേഷം കുറച്ചു കാലത്തേക്ക് ടിവി കാണാൻ പോലും താൻ തയ്യാറായില്ലെന്നും അത്രയും വേദനയാണ് പുറത്താകൽ നൽകിയതെന്നുമാണ് കസമീറോ പറയുന്നത്.

“ഇല്ല, ഞാൻ ഫൈനൽ കണ്ടിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങളുടെ തോൽവിക്ക് ശേഷം ഞാൻ കുറച്ചു കാലം ടിവി പോലും കണ്ടിരുന്നില്ല, അത്രയും വേദനയായിരുന്നു. എന്നാൽ എന്റെ സുഹൃത്ത് ലിസാൻഡ്രോ ലോകകപ്പ് നേടി. താരത്തിന് ഞാൻ അഭിനന്ദനങ്ങൾ അയച്ചിരുന്നു. ആരെങ്കിലും അതർഹിക്കുന്നുണ്ടെങ്കിൽ ലിസാൻഡ്രോയാണ്.” കസമീറോ പറഞ്ഞു.

അർജന്റീന താരമായ ലിസാൻഡ്രോയും ബ്രസീലിയൻ താരം കസമീറോയും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളാണ്. കഴിഞ്ഞ സമ്മറിലാണ് ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. രണ്ടു താരങ്ങളുടെയും സാന്നിധ്യം ടീമിന് ഗുണം ചെയ്‌തിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത സീസണിൽ കൂടുതൽ കിരീടങ്ങൾ നേടാമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.

You Might Also Like