“റഫറി ഒരു ദുരന്തമായിരുന്നു”- തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി ലൂക്ക മോഡ്രിച്ച്

അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനു ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി നൽകിയ തീരുമാനത്തെയാണ് മോഡ്രിച്ച് വിമർശിച്ചത്. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്നും റഫറി ഒരു ദുരന്തമായിരുന്നുവെന്നും കടുത്ത ഭാഷയിൽ മോഡ്രിച്ച് വെളിപ്പെടുത്തി. മത്സരത്തിൽ അർജന്റീനയുടെ ആദ്യത്തെ ഗോളിന് വഴി വെച്ചത് ആ തീരുമാനമായിരുന്നു.

എൻസോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് അൽവാരസ് പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറിയപ്പോൾ ക്രൊയേഷ്യൻ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. അൽവാരസ് ഗോൾകീപ്പറെ ബീറ്റ് ചെയ്‌ത്‌ പന്ത് കടത്തിയെങ്കിലും പിന്നാലെ ഗോൾകീപ്പറുടെ കാൽ തട്ടി വീഴുകയായിരുന്നു. എന്നാൽ ഏതൊരു ഗോൾകീപ്പറും സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ് ലിവകോവിച്ച് ചെയ്‌തതെന്നും റഫറി തെറ്റായ തീരുമാനമാണ് എടുത്തതെന്നും മോഡ്രിച്ച് പറയുന്നു.

“അർജന്റീന അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. അവരാണ് കൂടുതൽ മികച്ചു നിന്നത്, അവരാ വിജയം അർഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കാര്യങ്ങൾ പറയാതെ വയ്യ, സാധാരണയായി ഞാനിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറില്ല. പക്ഷെ ഇന്ന് ഇതു പറയാതിരിക്കാൻ കഴിയില്ല. റഫറിമാരെക്കുറിച്ച് ഞാൻ സാധാരണ പറയാറില്ല. പക്ഷെ ഇയാൾ വളരെ മോശമായിരുന്നു. എനിക്കിയാളെക്കുറിച്ച് ഒരു നല്ല ഓർമ പോലുമില്ല, ഇയാളൊരു ദുരന്തമാണ്. എന്നെ സംബന്ധിച്ചടത്തോളം അതൊരു പെനാൽറ്റിയല്ല.”

“ഞാൻ അർജന്റീനയുടെ വില കുറക്കുന്നില്ല. പക്ഷെ ആ പെനാൽറ്റി ഞങ്ങളെ ഇല്ലാതാക്കി കളഞ്ഞു. ഞങ്ങളിനി ഇതിൽ നിന്നും മോചിതരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരം വിജയിക്കാനാണ് നോക്കേണ്ടത്. ഫൈനലിൽ എത്തിയ മെസിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ടൂർണമെന്റിൽ വളരെ മികച്ച പ്രകടനം നടത്തുന്ന താരം തന്റെ മികവും കഴിവുമെല്ലാം കൃത്യമായി പ്രകടിപ്പിക്കുന്നു.” മോഡ്രിച്ച് പറഞ്ഞു.

ഞായറാഴ്‌ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുക. ഇന്ന് രാത്രി ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയികൾ ഫൈനലിൽ അർജന്റീനക്കെതിരെ കളിക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഫ്രാൻസാണ് ഫൈനലിൽ എത്താനുള്ള സാധ്യതയുള്ളത്. അങ്ങിനെയെങ്കിൽ അവർക്കത് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടാനുള്ള അവസരമാണ്. അർജന്റീനക്ക് കഴിഞ്ഞ ലോകകപ്പ് പ്രീ ക്വാർട്ടറിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരവും.

You Might Also Like