ലോകകപ്പ് വേദിയില്‍ ഇനിയില്ല മോഡ്രിച്ചിന്റെ മാന്ത്രിക സ്പര്‍ശം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ കീഴടക്കി മൂന്നാസ്ഥാനക്കാരായി തലയുയര്‍ത്തിയാണ് ക്രൊയേഷ്യയുടെ മടക്കം. 2018 ഫൈനലിസ്റ്റായ യൂറോപ്യന്‍ ടീമിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. താരങ്ങളുടെ പരിക്കും ഫോമില്ലായ്മയ്ക്കുമൊപ്പം വയസന്‍പടയെന്ന വിമര്‍ശനവും. എന്നാല്‍ എല്ലാവിമര്‍ശനങ്ങളേയും സധൈര്യംനേരിട്ട് തുടര്‍ച്ചയായ രണ്ടാംതവണയും ക്രോട്ടുകാര്‍ സെമിഫൈനലിലെത്തി. മെസിയുടെ വിശ്വരൂപംകണ്ട സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ തകര്‍ന്നെങ്കിലും മൂന്നാംസ്ഥാനക്കാരായി ഖത്തറിന്റെ മണ്ണില്‍നിന്ന് തലയുയര്‍ത്തി മടക്കം.


ഫുട്‌ബോളിലെ ഏറ്റവുംമികച്ച മധ്യനിരതാരമായ ലൂക്കാമോഡ്രിച്ചിന്റെ ലോകകപ്പ് കരിയര്‍കൂടിയാണ് ഖത്തറില്‍ അവസാനിച്ചത്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം ഫുട്‌ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര്‍ 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് ക്രൊയേഷ്യക്കപ്പുറം ലോകഫുട്‌ബോളില്‍ ശ്രദ്ധേയനായി. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 1998ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്‌ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്.


2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ മോഡ്രിച്ച് ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. ഇതിഹാസതാരങ്ങള്‍ പലരും അപമാനിതരായി കളിക്കളം വിടുമ്പോള്‍ ക്രോട്ടുകാര്‍ ഒന്നടങ്കം ലൂക്കയെ ഇനിയും കളിക്കളത്തില്‍ മോഡ്രിച്ചിനെ കാണമെന്ന് ആഗ്രഹിക്കുന്നവരാണ്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്റെ വരവ്.

2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു. ലോകകപ്പില്‍ നിന്ന് വിടപറഞ്ഞെങ്കിലും 37കാരന്റെ വിസ്മയനീക്കങ്ങള്‍ ഇനിയും കളിക്കളത്തിലുണ്ടാകുമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

You Might Also Like