ഇത് റൊണാൾഡോക്ക് മാത്രം സാധ്യമായത്, അൽ നസ്റിന് വേണ്ടി നേടിയത് അത്ഭുതഗോൾ

Image 3
Football News

കിങ്‌സ് കപ്പിന്റെ സെമി ഫൈനലിൽ അൽ ഖലീജിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ ചർച്ചയാകുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ നസ്ർ വിജയം നേടിയിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റൊണാൾഡോയുടെ ആദ്യത്തെ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മത്സരത്തിന്റെ പതിനേഴാം മിനുട്ടിലാണ് റൊണാൾഡോ ഗോൾ നേടുന്നത്. ഗോൾപോസ്റ്റിനു മുന്നിൽ നിന്നും മാറി ഗോൾകീപ്പർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ അതൊരു താരത്തിന്റെ ദേഹത്ത് തട്ടി ബോക്‌സിന്റെ മൂലയിലേക്ക് വീണു. തിരിഞ്ഞോടിയ റൊണാൾഡോ അസാധ്യമായ ആംഗിളിൽ ഇന്നും ഇടംകാൽ കൊണ്ട് അത് വലയിലേക്ക് തൊടുക്കുകയായിരുന്നു.

മുപ്പത്തിയൊമ്പതാം വയസിലും തനിക്ക് അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന് റൊണാൾഡോ തെളിയിച്ച ഒരു ഗോളായിരുന്നു അത്. അതിനു പുറമെ മത്സരത്തിൽ ലഭിച്ച ഒരു പെനാൽറ്റി സ്വയം എടുക്കാതെ സഹതാരം സാദിയോ മാനേക്ക് റൊണാൾഡോ നൽകുകയും ചെയ്‌തു. പിന്നീട് മറ്റൊരു ഗോൾ കൂടി നേടിയ റൊണാൾഡോ ടീമിന്റെ വിജയം ഉറപ്പാക്കുകയും ചെയ്‌തു.

റൊണാൾഡോയുടെ മികച്ച പ്രകടനത്തോടെ കിങ്‌സ് കപ്പിന്റെ ഫൈനലിലേക്ക് മുന്നേറാൻ അൽ നസ്റിന് കഴിഞ്ഞു. അൽ ഇത്തിഹാദിനെ കീഴടക്കിയ അൽ ഹിലാലാണ് ഫൈനലിൽ അൽ നസ്‌റിന്റെ എതിരാളികൾ. ഇതിൽ വിജയിച്ചാൽ സൗദി അറേബ്യയിൽ ആദ്യത്തെ പ്രധാന കിരീടം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിയും.