മെസിയെ പേടിക്കേണ്ടതില്ല, തടുക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി ക്രൊയേഷ്യൻ പരിശീലകൻ

ഖത്തർ ലോകകപ്പിലെ ആദ്യത്തെ സെമി ഫൈനൽ പോരാട്ടം നാളെ രാത്രി നടക്കാനിരിക്കെ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ലയണൽ മെസിയുടെ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടാനിരിക്കയാണ്. കഴിഞ്ഞ ലോകകപ്പിൽ അത്ഭുതങ്ങൾ കാണിച്ച് കലാശപ്പോരാട്ടത്തിൽ വരെയെത്തിയ ക്രൊയേഷ്യ ഇത്തവണയും തങ്ങളുടെ മികച്ച പ്രകടനം ആവർത്തിക്കുമ്പോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയതിനു ശേഷം മികച്ച രീതിയിൽ തിരിച്ചു വന്നാണ് അർജന്റീന സെമിയിൽ എത്തിയിരിക്കുന്നത്.

ഇത്തവണ ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ബ്രസീലിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കി സെമിയിലേക്ക് മുന്നേറിയ ക്രൊയേഷ്യക്ക് സെമിയിൽ വലിയ ഭീഷണി അർജന്റീനിയൻ നായകനായ ലയണൽ മെസിയാണ്. നാല് ഗോളും രണ്ട് അസിസ്റ്റും ഈ ലോകകപ്പിൽ സ്വന്തമാക്കി മികച്ച ഫോമിലുള്ള താരത്തിന്റെ മികവിലാണ് അർജന്റീന ലോകകപ്പിൽ കുതിക്കുന്നത്. എന്നാൽ താരത്തിന്റെ ഫോമിനെ ക്രൊയേഷ്യ പേടിക്കേണ്ട കാര്യമില്ലെന്നും ബ്രസീലിനെപ്പോലെ തടുക്കാൻ കഴിയുമെന്നുമാണ് പരിശീലകൻ ദാലിച്ച് പറയുന്നത്.

“ഞങ്ങൾ മെസിയിൽ നിന്നും സംരക്ഷിച്ചു നിർത്തണം, പക്ഷെ അതൊരു താരത്തെ മെസിയെ മാർക്ക് ചെയ്യാൻ ഏൽപ്പിച്ചു കൊണ്ടായിരിക്കില്ല, അത് ഞങ്ങൾ അവസാനത്തെ കളിയിലും ചെയ്‌തില്ല. മെസി എത്രത്തോളം ഓടുമെന്നു ഞങ്ങൾക്കറിയാം, എത്രത്തോളം പന്തു കാലിൽ വെച്ച് കളിക്കാൻ ഇഷ്ടപ്പെടുമെന്ന കാര്യത്തിലും ഞങ്ങൾക്ക് ധാരണയുണ്ട്. ഞങ്ങളുടെ പ്രതിരോധത്തിന്റെ മുഖം അച്ചടക്കമാണ്. ബ്രസീലിനെതിരെ ചെയ്‌ത പോലെ മെസിയെ വിടാതെ പിടിക്കുകയും, ഒപ്പം നിൽക്കുകയും ചെയ്‌താൽ ഞങ്ങൾക്ക് പേടിക്കാനില്ല.” ദാലിച്ച് പറഞ്ഞു.

മെസിയെ തടുക്കാൻ പ്രത്യേകിച്ചൊരു പദ്ധതിയും ക്രൊയേഷ്യ സ്വീകരിക്കുന്നില്ലെന്നും ഒരു താരത്തെ തടുക്കുക എന്നതിലുപരിയായി ഒരു ടീമിനെ മുഴുവനായാണ് തടുക്കേണ്ടതെന്നും ദാലിച്ച് പറഞ്ഞു. മാൻ മാർക്കിങ്ങിനു പകരം ഒരു ടീമായാണ് അർജന്റീന താരങ്ങളെ തടുക്കാൻ ക്രൊയേഷ്യ ഇറങ്ങുകയെന്നും അവരുടെ ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ദാലിച്ച് അഭിപ്രായപ്പെട്ടു. ക്രൊയേഷ്യൻ മധ്യനിര താരങ്ങളായ മോഡ്രിച്ച്, കോവാസിച്ച്, ബ്രോസോവിച്ച് എന്നിവരെയും ദാലിച്ച് പ്രശംസിച്ചു.

ഒരു താരത്തിനും പരിക്കും സസ്‌പെൻഷനും ഇല്ലാതെ പൂർണസജ്ജരായാണ് ക്രൊയേഷ്യൻ ടീം സെമി ഫൈനലിനായി ഇറങ്ങുന്നത്. അതേസമയം അർജന്റീനക്ക് ഭീഷണിയായി രണ്ടു താരങ്ങൾ സസ്‌പെൻഷൻ മൂലം സെമിയിൽ കളിക്കില്ല. ഫുൾ ബാക്കുകളായ മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവർക്കാണ് നാളെ നടക്കുന്ന മത്സരം നഷ്‌ടമാവുക.

You Might Also Like