ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് മെസിപ്പട, അർജന്റീനക്കും കപ്പിനുമിടയിൽ ഇനിയൊരു വിജയം മാത്രം

ലയണൽ മെസിയുടെ മാന്ത്രിക നീക്കങ്ങൾ ഒരിക്കൽ കൂടി കണ്ട മത്സരത്തിൽ ക്രൊയേഷ്യയെ കീഴടക്കി അർജന്റീന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചതിനു ശേഷം ജൂലിയൻ അൽവാരസാണ് മറ്റു രണ്ടു ഗോളുകളും നേടിയത്. അൽവാരസിന്റെ രണ്ടു ഗോളുകളിലും ലയണൽ മെസിയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കാനും അർജന്റീനക്കായി.

രണ്ടു ടീമുകളും വളരെ കരുതലോടെ കളിച്ചതിനാൽ മത്സരത്തിന്റെ തുടക്കത്തിൽ മുന്നേറ്റങ്ങളൊന്നും തന്നെയുണ്ടായില്ല. രണ്ടു ടീമുകളും ആദ്യത്തെ അര മണിക്കൂറോളം സമയം എതിരാളികളുടെ ബോക്‌സിലേക്ക് പോലും കടന്നില്ല. പന്തടക്കത്തിൽ മുന്നിലുണ്ടായിരുന്ന ക്രൊയേഷ്യയുടെ മധ്യനിര താരമായ കോവാസിച്ച് അർജന്റീനിയൻ പ്രതിരോധ താരങ്ങൾക്ക് തലവേദന സമ്മാനിച്ചിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ ബോക്‌സിനു പുറത്തു നിന്നും മോഡ്രിച്ചിന് ലഭിച്ച ഫ്രീ കിക്ക് വാളിൽ തട്ടി തെറിക്കുകയും അതിനു പിന്നാലെ പെരിസിച്ചിന്റെ ഒരു ഗോൾ ശ്രമം പുറത്തു പോവുകയും ചെയ്‌തു.

മുപ്പതാം മിനുട്ടിനു ശേഷമാണ് കളിയുടെ ഗതി മാറുന്നത്. അർജന്റീനയുടെ മികച്ചൊരു പ്രത്യാക്രമണം ആദ്യഗോളിലേക്ക് വഴി വെച്ചു. എൻസോ ഫെർണാണ്ടസ് നൽകിയ അളന്നു മുറിച്ച പാസ് പിടിച്ചെടുത്ത് ബോക്‌സിലേക്ക് കുതിച്ച അൽവാരസിനെ ഗോൾകീപ്പർ ലിവാക്കോവിച്ച് ഫൗൾ ചെയ്‌തപ്പോൾ പെനാൽറ്റി ബോക്‌സിലേക്ക് വിരൽ ചൂണ്ടാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കിക്കെടുത്ത മെസി അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന ലീഡെടുത്തു.

ഗോൾ വഴങ്ങിയതോടെ ക്രൊയേഷ്യ ആക്രമണം കനപ്പിച്ചത് അർജന്റീന ഗോൾ മുഖത്ത് ചെറിയ ഭീഷണി സൃഷ്‌ടിച്ചെങ്കിലും അർജന്റീന താരങ്ങൾ അതിനെ വിഫലമാക്കി. ആദ്യ ഗോളിന് അഞ്ചു മിനുട്ടിനു ശേഷം അർജന്റീന ലീഡുയർത്തി. മെസിയിൽ നിന്നും പന്ത് ലഭിച്ച ജൂലിയൻ അൽവാരസ് സ്വന്തം ഹാഫിൽ നിന്നും നടത്തിയ ഒറ്റയാൾ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. അതിനു പിന്നാലെ മെസിയെടുത്ത കോർണറിൽ നിന്നും ടാഗ്ലിയാഫിക്കോ അപകടകരമായ ഹെഡർ ഉതിർത്തെങ്കിലും ക്രൊയേഷ്യൻ ഗോൾകീപ്പർ രക്ഷകനായി.

രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആക്രമണങ്ങൾ വർദ്ധിപ്പിച്ചപ്പോൾ പ്രത്യാക്രമണങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്നതായിരുന്നു അർജന്റീനയുടെ തന്ത്രം. രണ്ടു ടീമുകളും ഗോൾകീപ്പർക്ക് ഭീഷണി സൃഷ്‌ടിച്ച നിമിഷങ്ങളും ഉണ്ടായിരുന്നു. മെസിയുടെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയപ്പോൾ മറുവശത്ത് മോഡ്രിച്ച് എടുത്ത കോർണറിനു ശേഷമുള്ള കൂട്ടപ്പൊരിച്ചിൽ അർജന്റീന ഗോൾകീപ്പറും പ്രതിരോധവും ചേർന്ന് കഷ്‌ടിച്ചാണ് തട്ടിയകറ്റിയത്.

അറുപത്തിയൊമ്പതാം മിനുട്ടിലാണ് മത്സരത്തിലെ മാന്ത്രികനിമിഷം പിറന്നത്. വലതു ത്രോ ലൈനിനരികിൽ നിന്നും പന്തുമായി കുതിച്ച മെസി ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധതാരമായി കണക്കാക്കപ്പെടുന്ന ഗ്വാർഡിയോളിനെ തന്റെ ബോഡി ഫെയിന്റുകൾ കൊണ്ട് നിഷ്പ്രഭമാക്കി ബോക്‌സിലേക്കെത്തി അൽവാരസിനു പന്ത് നൽകി. താരം അത് കൃത്യമായി വലയിലെത്തിച്ച് അർജന്റീനയുടെ ലീഡ് ഭദ്രമാക്കി. ഈ ടൂർണമെന്റിൽ ഗോളിലേക്ക് വഴി തുറന്ന ഏറ്റവും മനോഹരമായൊരു സോളോ നീക്കമായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മൂന്നു ഗോളുകൾ വഴങ്ങിയതോടെ തിരിച്ചു വരാമെന്ന ക്രൊയേഷ്യയുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചതു പോലെയായി. പിന്നീട് ഏതാനും ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയ അവർ ഒരിക്കൽ മാത്രമാണ് എമിലിയാനോ മാർട്ടിനസിനു ഭീഷണി ഉയർത്തിയത്. അർജന്റീനക്കും ഗോൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും പന്ത് കൂടുതൽ സമയം കൈവശം വെക്കാൻ ശ്രമിച്ചു കളിച്ച അവർ മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു. മാക് അലിസ്റ്ററിന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തു പോയതു മാത്രമാണ് പിന്നീട് അർജന്റീന ഗോളിനരികിൽ എത്തിയ നിമിഷം.

You Might Also Like