ആരാധകര്‍ കണ്‍നിറയെ കണ്ടു വിന്റേജ് മെസിയെ; ഗാര്‍ഡിയോളിനെ മറികടന്ന സൂപ്പര്‍താരത്തിന്റെ അസിസ്റ്റ് വൈറലാകുന്നു

ദോഹ: ക്രൊയേഷ്യന്‍ നിരയില്‍ വന്‍മതില്‍ തീര്‍ത്ത് ഈലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനായി വിലയിരുത്തപ്പെട്ട താരമാണ് ജോസ്‌കോ ഗാര്‍ഡിയോള്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ ഈ 20കരാന്റെ മിന്നുംഫോമാണ് ക്രോട്ടുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എന്നാല്‍ സെമിയില്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍മെസിക്ക് മുന്നില്‍ അമ്പേ പരാജയപ്പെടുന്ന ഗാര്‍ഡിയോളിനെയാണ് കണ്ടത്. യുവതാരത്തെ മറികടന്ന് മെസി മൂന്നാംഗോളിന് അസിസ്റ്റ് നടത്തിയ ആ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏറെകാലമായി കാണാന്‍ ആഗ്രഹിച്ച മെസിയുടെ പ്രകടനം ഇന്നലെ വീണ്ടും കാണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍.


സെമിഫൈനലിലെ എഴുപതാം മിനിറ്റിലായിരുന്നു അര്‍ജന്റീന്‍ ആരാധകരെ ആനന്ദിപ്പിച്ച മെസിയുടെ ആ മാന്ത്രികസ്പമര്‍ശം വന്നത്. ക്രൊയേഷ്യന്‍ ഹാഫിലെ ടച്ച്‌ലൈനിന് അരികില്‍ മെസിക്ക് പന്തുകിട്ടുമ്പോള്‍ തൊട്ടടുത്ത് ഗാര്‍ഡിയോളുണ്ടായിരുന്നു. പന്തുമായി സൂപ്പര്‍താരം ബോക്‌സിലേക്ക് കുതിക്കുന്നതിനിടെ ആദ്യംപിന്നിലായെങ്കിലും തന്നേക്കാള്‍ 15 വയസ് കൂടുതലുള്ള മെസിയെ ഒരുവിധം ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ എത്തിപ്പിടിച്ചു. അപകടംഒഴിവാക്കാന്‍ രണ്ട് ക്രൊയേഷ്യന്‍ താരങ്ങളും ബോക്‌സില്‍ ഗോളിക്ക് മുന്‍പിലായി നിലയുറപ്പിച്ചിരുന്നു. ബോക്‌സിന് അരികില്‍ പന്തുമായുള്ള കുതിപ്പിന്റെ വേഗത അല്‍പം കുറച്ചെങ്കിലും പെട്ടെന്ന് വെട്ടിതിരിഞ്ഞ് മുന്നോട്ട്.

ഗാര്‍ഡിയോള്‍ പരമാവധി മെസിയെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജൂലിയന്‍ ആല്‍വാസിനെ ലക്ഷ്യമാക്കി പന്ത് മറിച്ചുനല്‍കി. പന്ത് ബോക്‌സിലേക്ക് തിരിച്ചുവിടേണ്ട ദൗത്യംമാത്രമായിരുന്നു ആല്‍വാരസിനുണ്ടായിരുന്നത്. പ്രതിരോധനിരക്കാരെയും ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനേയും കാഴ്ചക്കാരനാക്കി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. ക്രൊയേഷ്യക്കെതിരെ അര്‍ജന്റീനയുടെ വിജയമുറപ്പിച്ച മൂന്നാമത്തെഗോള്‍.
ക്രൊയേഷ്യന്‍ നിരയില്‍ ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാര്‍ഡിയോളിനെയാണ് മെസിയെ മാര്‍ക്ക് ചെയ്യാന്‍ പരിശീലകന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അസാമാന്യ പ്രതിഭയായ മെസിയെ നിയന്ത്രണിത്തിലാക്കാന്‍ പലപ്പോഴും ഗാര്‍ഡിയോളിനായില്ല.അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതും പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു.


ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ മാത്രം നിരവധി ടാക്ലിംഗുകളാണ് യുവതാരം നടത്തിയത്. ഈ ലോകകപ്പിലുടനീളം അത്ഭുതപ്രകടനം കാഴ്ചവെക്കുന്ന യുവവതാരത്തെ തേടി യൂറോപ്പിലേയും സ്‌പെയിനിലേയും വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ശക്തമായിതന്നെ രംഗത്തുണ്ട്. ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും താരത്തെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

You Might Also Like