വന്‍ അട്ടിമറി, ചരിത്രമെഴുതി സിംബാബ്‌വെ, നാണംകെട്ട് പാകിസ്ഥാന്‍

ട്വന്റി20 ചരിത്രത്തില്‍ ഏറ്റവും വലിയ അട്ടിമറിയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സിംബാബ്വെ തലസ്ഥാനമായ ഹരാരെ. പാകിസ്ഥാനെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ സിംബാബ്വെ. 19 റണ്‍സിനാണ് പാകിസ്ഥാനെ സിംബാബ്‌വെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 118 റണ്‍സേ നേടിയുള്ളൂ എങ്കിലും 18 റണ്ണിന് നാല് വിക്കറ്റ് നേടിയ ലൂക്ക് ജോങ്വേയുടെ കരുത്തില്‍ പാകിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സില്‍ പുറത്താക്കുകയായിരുന്നു സിംബാബ്‌വെ.

ഇതോടെ മൂന്ന് ടി20കളുടെ പരമ്പര തുല്യമായി(11). ആദ്യ ടി20 പാകിസ്ഥാന്‍ 11 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം 25-ാം തിയതി ഹരാരേയില്‍ നടക്കും.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 118 റണ്‍സാണ് നേടിയത്. ഓപ്പണര്‍ തിനാഷെ കമുന്‍ഹുകാംവെ 40 പന്തില്‍ നേടിയ 34 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നായകന്‍ ബ്രണ്ടന്‍ ടെയ്ലര്‍ അഞ്ച് റണ്ണില്‍ പുറത്തായി. പാകിസ്ഥാനായി മുഹമ്മദ് ഹസ്നൈനും ഡാനിഷ് അസീസും രണ്ട് വീതവും ഫഹീന്‍ അഷ്റഫും ഹാരിസ് റൗഫും ഉസ്മാന്‍ ഖാദിറും അര്‍ഷാദ് ഇഖ്ബാലും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ 21 റണ്‍സിനിടെ ഏഴ് വിക്കറ്റ് വീണപ്പോള്‍ പാകിസ്ഥാന്‍ അടിയറവുപറയുകയായിരുന്നു. പാകിസ്ഥാന് 45 പന്തില്‍ 41 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിംഗ് മാത്രമേ ആശ്വാസമായുള്ളൂ. ഡാനിഷ് അസീസ്(22), മുഹമ്മദ് റിസ്വാന്‍(13), ഫഖര്‍ സമാന്‍(2), മുഹമ്മദ് ഹഫീസ്(5) എന്നിങ്ങനെയായിരുന്നു മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ജോങ്വേയുടെ നാലിന് പുറമെ റയാന്‍ രണ്ടും റിച്ചാര്‍ഡും ബ്ലസിംഗും ഓരോ വിക്കറ്റും വീഴ്ത്തി.

You Might Also Like