ഫിഫ്റ്റിയുമായി ഡികോക്ക്, പൂരന്‍, ക്രുനാല്‍ വെടിക്കെട്ട്, ലഖ്‌നൗവിന് തകര്‍പ്പന്‍ സ്‌കോര്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്രിന്റണ്‍ ഡികോക്കും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നിക്കോളാസ് പൂരാനും ക്രുനാല്‍ പാണ്ഡ്യയുമാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഡികോക്ക് 38 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാനാകട്ടെ വെറും 21 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാനിക്കുമ്പോള്‍് 22 പന്്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താകാതെ നിന്നു.

ഇംപാക്റ്റ് പ്ലെയറായി കളിച്ച രാഹുലിന് തിളങ്ങാനായില്ല. ഒന്‍പത് പന്തില്‍ 15 റണ്‍സാണ് രാഹുല്‍ നേടിയത്. മാര്‍നസ് സ്റ്റോണ്‍സ് 12 പന്തില്‍ 19 റണ്‍സെടുത്തും ദേവ്ദത്ത് പടിക്കല്‍ ആറ് പന്തില്‍ ഒന്‍പത് റണ്‍സെടുത്തും പുറത്തായി.

ആയുഷ് ബധോനി (8), രവി ബിഷ്‌ണോയ് (0), മുഹസിന്‍ ഖാന്‍ (2) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

പഞ്ചാബിനായി സാം കറണ്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി കറണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷദീപ് സിംഗ് രണ്ടും കഗിസോ റബാഡയും രാഹുല്‍ ചഹറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like