എഫ്‌സി ഗോവയുടെ മൊറോക്കൻ ഗോൾ മെഷീനുമായി ചർച്ചകൾ ആരംഭിച്ചു, കേരള ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ കാരണം കിരീടപ്രതീക്ഷകൾ ഇല്ലാതായ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ടീമിനെ ഒരുക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിലേക്കുള്ള ടീമിൽ ഉൾപ്പെടുത്താനായി ഐഎസ്എല്ലിലെ ഒരു വമ്പൻ താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം എഫ്‌സി ഗോവക്ക് വേണ്ടി കളിക്കുന്ന മൊറോക്കൻ താരമായ നോവ സദൂയിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചർച്ചകൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സീസണോടെ എഫ്‌സി ഗോവയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്നത് മുതലെടുത്ത് ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് ശ്രമം.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഐഎസ്എല്ലിൽ കളിക്കുന്ന താരമാണ് സദൂയി. മുപ്പതുകാരനായ താരത്തിന്റെ ഉജ്ജ്വല പ്രകടനം കണ്ടത് കഴിഞ്ഞ സീസണിലായിരുന്നു. ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളും താരം ടീമിനായി സ്വന്തമാക്കി. ഈ സീസണിൽ അതാവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും സദൂയി നേടിയിട്ടുണ്ട്.

ഐഎസ്എല്ലിൽ തന്റെ കഴിവ് തെളിയിക്കുകയും ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്‌തിട്ടുള്ള സദൂയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാണ്. എന്നാൽ അതിനു ശമ്പളം അടക്കമുള്ള കാര്യങ്ങളിൽ ധാരണയിൽ എത്തണം. മറ്റു ക്ലബുകളും സദൂയിക്ക് വേണ്ടി ശ്രമം നടത്താനുളള സാധ്യതയുണ്ട്.

You Might Also Like