നിങ്ങള്‍ ഒരു ഘട്ടത്തില്‍ തകര്‍ന്ന് പോകും, ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി അശ്വിന്‍

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് പരീക്ഷിക്കുന്ന ബാസ് ബോള്‍ ക്രിക്കറ്റ് ശൈലിയ്‌ക്കെതിരെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വിമര്‍ശനം. ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലവും ചേര്‍ന്ന് വിജയകരമായി നടപ്പിലാക്കുന്ന ബാസ് ബോള്‍ ശൈലിയുടെ ദോശ വശങ്ങളിലേക്കാണ് അശ്വിന്‍ വിരല്‍ ചൂണ്ടുന്നത്.

ബാസ് ബോള്‍ ക്രിക്കറ്റ് ശൈലി കൊണ്ട് പാകിസ്ഥാനിലും ന്യൂസിലന്‍ഡിലുമെല്ലാം ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചിരുന്നു. ടെസ്റ്റ് ബാറ്റിംഗില്‍ പരമാവധി ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശൈലിയാണിത്. എന്നാല്‍ ഈ ശൈലി എല്ലായിപ്പോഴും വിജയകരമാകണമെന്നില്ലെന്നും ചില സാഹചര്യങ്ങളില്‍ ഈ ശൈലി കൊണ്ട് ടീം തകര്‍ന്നടിഞ്ഞ് പോകുമെന്നും അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘ഇപ്പോള്‍ ബാസ്‌ബോള്‍ എന്നൊരു ആശയമുണ്ട്. ഇംഗ്ലണ്ട് ഉയര്‍ന്ന, വേഗതയുള്ള ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ്. അവര്‍ ഒരു പ്രത്യേക ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലതരം വിക്കറ്റുകളില്‍, ഓരോ പന്തും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ പതറിപ്പോകും. ഈ സമീപനത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്’ അശ്വിന്‍ പറഞ്ഞു.

‘ഈ സമീപനം പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന് കളി അവസാനിക്കുമ്പോള്‍ മാത്രമേ നമ്മള്‍ക്ക് മനസ്സിലാകൂ. ചിലപ്പോള്‍, വിക്കറ്റില്‍, വ്യവസ്ഥകള്‍ മാനിക്കേണ്ടതുണ്ട്. നിങ്ങള്‍ പിച്ചിനെ ബഹുമാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്താല്‍, പിച്ചും നിങ്ങളെ ബഹുമാനിക്കും. നിങ്ങള്‍ പിച്ചിനെ ബഹുമാനിക്കുന്നുവെങ്കില്‍, അത് നിങ്ങള്‍ക്ക് ലാഭവിഹിതം നല്‍കും’ വെറ്ററന്‍ സ്പിന്നര്‍ വിശദീകരിച്ചു.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കുകയാണ് ആര്‍ അശ്വിന്‍. മികച്ച ബൗളിംഗ് പ്രകടനമാണ് അശ്വിന്‍ പുറത്തെടുക്കുന്നത്.

You Might Also Like