ഞാൻ പരിശീലകനായതിനു ശേഷം ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നത് ഇപ്പോഴാണ്, ബാഴ്‌സലോണയെ പ്രശംസിച്ച് സാവി

ഈ സീസണിൽ മികച്ച തുടക്കം ലഭിച്ചതിന്റെ ആത്മവിശ്വാസം ബാഴ്‌സലോണക്കുണ്ട്. ലാ ലീഗയിൽ അപരാജിതരായി മുന്നോട്ടു പോകുന്ന അവർ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിലും വിജയം സ്വന്തമാക്കി. കഴിഞ്ഞ രണ്ടു മത്സരത്തിലും അഞ്ചു ഗോളുകൾ വീതം നേടിയ ടീം ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. വളരെയധികം ഒത്തിണക്കവും സന്തുലിതാവസ്ഥയും കാണിക്കുന്ന ടീം പിഴവുകൾ വരുത്തുന്നത് വളരെ കുറവാണ്.

ബാഴ്‌സലോണയുടെ പ്രകടനത്തിൽ പരിശീലകൻ സാവിയും വളരെ സന്തോഷവാനാണ്. കൂമാന് പകരം സാവി പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കാൻ സാധ്യതയില്ലെന്ന നിലയിലാണ് ബാഴ്‌സലോണ ഉണ്ടായിരുന്നത്. അവിടെ നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ ലീഗ് കിരീടവും സ്വന്തമാക്കി. താൻ പരിശീലകനായതിനു ശേഷമുള്ള ഏറ്റവും മികച്ച ബാഴ്‌സലോണ ഇതാണെന്നാണ് സാവി പറയുന്നത്.

“ഞാൻ പരിശീലകനായതിനു ശേഷം ഈ ടീമിന്റെ ഏറ്റവും ഉയർന്ന നിലവാരം. ഈ മത്സരഫലത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അവർ കളിക്കുന്ന രീതിയിലാണ് എനിക്ക് ഏറ്റവും സന്തോഷമുള്ളത്, അതുപോലെ അവർ മത്സരത്തെ മനസിലാക്കുന്ന രീതിയിലും. ചില താരങ്ങൾ വന്നത് ടീമിനെ നല്ല രീതിയിൽ മെച്ചപ്പെടുത്തി. എന്നാൽ മത്സരത്തെ മനസിലാക്കുന്നതും മുന്നേറ്റനിരയിൽ തന്നെ പ്രസ് ചെയ്യുന്നതുമാണ് അഭിമാനകരമായ കാര്യം.”

“കഴിഞ്ഞ സീസണിൽ അറ്റാക്കിങ് പ്ലേ അത്ര കൃത്യമായി ഉണ്ടായിരുന്നില്ല, എന്നാൽ ഈ സീസണിൽ അതുണ്ട്.” സാവി പറഞ്ഞു. ഈ നിലവാരം എല്ലായിപ്പോഴും അതുപോലെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുൻഡോഗൻ, കാൻസലോ തുടങ്ങിയ താരങ്ങൾ കളിച്ചിരുന്ന ടീമിന്റെ പരിശീലകൻ ബാഴ്‌സയുടെ ശൈലി അറിയുന്ന ആളായത് ഗുണമായെന്ന് ഗ്വാർഡിയോളയെ ഉദ്ദേശിച്ച് സാവി പറഞ്ഞു. ടീമിലെത്തി മികച്ച പ്രകടനം നടത്തുന്ന ഫെലിക്‌സിനേയും അദ്ദേഹം പ്രശംസിച്ചു.

You Might Also Like