അമേരിക്കയിൽ മെസിയാധിപത്യം, താരത്തെ കാണാനെത്തിയത് റെക്കോർഡ് കാണികൾ

യൂറോപ്പിലെന്ന പോലെ ഫുട്ബോളിന് വേരോട്ടമില്ലാത്ത സ്ഥലമാണ് അമേരിക്ക. അതുകൊണ്ടു തന്നെയാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചപ്പോൾ ആരാധകരിൽ പലരും നെറ്റി ചുളിച്ചതും. യൂറോപ്പിൽ അനുഭവിക്കുന്ന കളിയാവേശവും ആരാധകരുടെ പിന്തുണയും അമേരിക്കയിൽ ലഭിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

എന്നാൽ ലയണൽ മെസി അമേരിക്കയിലെ ആരാധകഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയത് മുതൽ മെസിയുടെ മത്സരങ്ങൾ കാണാൻ നിരവധി വമ്പൻ സെലിബ്രിറ്റികളാണ് എത്തുന്നത്. അടുത്തിടെ കാൻസാസ് സിറ്റിയുമായുള്ള മത്സരത്തിൽ മെസി കളിക്കുമെന്ന് വ്യക്തമായതോടെ അവർ 70000ൽ അധികം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയിരുന്നു.

ആ മത്സരം കഴിഞ്ഞതോടെ ഒരു റെക്കോർഡും പിറന്നു. ഈ വർഷം അമേരിക്കയിൽ ഏറ്റവുമധികം കാണികൾ എത്തിയ ഇവന്റുകളിൽ രണ്ടാം സ്ഥാനമാണ് ആ മത്സരം സ്വന്തമാക്കിയത്. 72755 കാണികൾ എത്തിയ റെസിൽമാനിയ 2 ആണ് ഒന്നാം സ്ഥാനത്ത്. അതിനു തൊട്ടു പിന്നിൽ 72610 കാണികൾ എത്തിയ ഇന്റർ മിയാമിയും കാൻസാസ് സിറ്റിയും തമ്മിലുള്ള മത്സരം നിൽക്കുന്നു.

ഫുട്ബോളിനേക്കാൾ ആരാധകപിന്തുണയുള്ള മറ്റു മത്സരങ്ങളെ പിന്തള്ളിയാണ് ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ട് ഈ മത്സരം ആദ്യസ്ഥാനങ്ങളിൽ എത്തിയത്. മത്സരത്തിൽ ഒരു ഗംഭീരഗോളും അസിസ്റ്റും നൽകി മികച്ച പ്രകടനം മെസി നടത്തിയപ്പോൾ ഇന്റർ മിയാമിയാണ് വിജയം നേടിയത്. എംഎൽഎസ് പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്റർ മിയാമി തന്നെ.

You Might Also Like