നിയന്ത്രണം നഷ്‌ടമായി റഫറിക്ക് നേരെ കയ്യോങ്ങി റൊണാൾഡോ, മെസി ചാന്റുകളുമായി പരിഹസിച്ച് ആരാധകരും

സൗദി അറേബ്യയിലെ സൂപ്പർ കപ്പ് മത്സരത്തിനിടെ നിയന്ത്രണം നഷ്‌ടമായി രൂക്ഷമായ രീതിയിൽ പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പുകാർഡ്. ഇന്നലെ അൽ ഹിലാലും റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ അൽ ഹിലാലിനോട് തോൽവി വഴങ്ങിയ അൽ നസ്ർ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്‌തു.

ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യത്തെ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടതിന്റെ രോഷമാണ് റൊണാൾഡോ പ്രകടിപ്പിച്ചത്. ഒരു ത്രോ ഇൻ എടുക്കാൻ ശ്രമിക്കുന്നതിനിടെ അത് തടുക്കാൻ വന്ന താരത്തെ റൊണാൾഡോ കൈമുട്ടു കൊണ്ട് ഇടിച്ചിടുകയായിരുന്നു.

റൊണാൾഡോയുടെ പ്രവൃത്തിക്ക് ചുവപ്പുകാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. റഫറി റെഡ് കാർഡ് നൽകിയതോടെ അവരെ ഇടിക്കാൻ റൊണാൾഡോ കയ്യുയർത്തുന്നതും മത്സരത്തിന്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതേസമയം റൊണാൾഡോക്ക് ചുവപ്പുകാർഡ് ലഭിച്ചപ്പോൾ മെസിയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് അൽ ഹിലാൽ ആരാധകർ പരിഹസിച്ചത്.

മത്സരത്തിൽ തോറ്റതോടെ ഈ സീസണിൽ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു കിരീടം കൂടി അൽ നസ്റിന് നഷ്‌ടമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിൽ എത്തിയതിനു ശേഷം ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അൽ നസ്റിന് നാണക്കേട് തന്നെയാണ്. സൗദി പ്രൊ ലീഗിൽ അൽ ഹിലാലിനേക്കാൾ വളരെ പിന്നിലാണ് അൽ നസ്ർ.

You Might Also Like