ഇത് കട്ട ഹീറോയിസം, കൂവി വിളിച്ച ഫ്രഞ്ച് ആരാധകർക്ക് കളിക്കളത്തിൽ മറുപടി നൽകി എമിലിയാനോ മാർട്ടിനസ്

ആസ്റ്റൺ വില്ലയും ഫ്രഞ്ച് ക്ലബായ ലില്ലെയും തമ്മിൽ ഇന്നലെ നടന്ന യുവേഫ കോൺഫറൻസ് ലീഗ് മത്സരം സംഭവബഹുലമായാണ് ആരംഭിച്ചത്. ഫ്രഞ്ച് ക്ലബിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അർജന്റൈൻ താരമായ എമിലിയാനോ മാർട്ടിനസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഖത്തർ ലോകകപ്പ് നൽകിയ മുറിവ് ഇതുവരെ ഉണങ്ങാത്ത ഫ്രഞ്ച് ആരാധകർ കനത്ത വിസിലുകളും കൂക്കിവിളിയും കൊണ്ടാണ് അർജന്റീന താരത്തെ സ്വീകരിച്ചത്.

എന്നാൽ ആരാധകരുടെ കൂക്കി വിളികൾക്കൊന്നും തന്റെ മനോധൈര്യത്തെ തകർക്കാൻ കഴിയില്ലെന്ന് എമിലിയാണോ മാർട്ടിനസ് മത്സരത്തിൽ തെളിയിച്ചു. തുടക്കത്തിൽ ഒന്ന് പതറിയ താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും അതിൽ നിന്നും തിരിച്ചു വന്ന് ആസ്റ്റൺ വില്ലയുടെ ഹീറോയായി മാറാൻ എമിലിയാനോക്ക് കഴിഞ്ഞു. ഷൂട്ടൗട്ടിൽ മിന്നുന്ന പ്രകടനം നടത്താനുള്ള തന്റെ കഴിവ് എമിലിയാനോ ഒരിക്കൽക്കൂടി പുറത്തെടുക്കുന്നതാണ് ഇന്നലെ കണ്ടത്.

ആദ്യപാദത്തിൽ ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ ലില്ലെയും അതെ സ്കോറിന് വിജയം നേടി. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്കും വളരെ നിർണായകമായ അവസാനത്തെ കിക്കും തടുത്തിട്ടാണ് എമിലിയാനോ മാർട്ടിനസ് വില്ലക്ക് വിജയം സമ്മാനിച്ചത്. ഇതോടെ 1982നു ശേഷം ആദ്യമായി ഒരു യൂറോപ്യൻ ടൂർണമെന്റിന്റെ സെമി ഫൈനൽ കളിക്കാനും വില്ലക്ക് കഴിഞ്ഞു.

ഒരു കളിക്കാരന്റെ ശ്രദ്ധ മുഴുവൻ നഷ്‌ടമാകുന്ന തരത്തിൽ ഉച്ചത്തിലുള്ള കൂക്കിവിളികളാണ് ഇന്നലെ തുടക്കം മുതൽ ഉണ്ടായത്. എമിലിയാനോയുടെ പോസ്റ്റിന്റെ പിന്നിൽ ഇതിനു വേണ്ടി ആരാധകരെല്ലാം ഒത്തു കൂടുകയും ചെയ്‌തു. എന്നാൽ തന്റെ മനസ്സാന്നിധ്യം തകർക്കാൻ ഒന്നിനും കഴിയില്ലെന്ന് താരം തെളിയിച്ചു. അതിനു പുറമെ മത്സരത്തിൽ വില്ലയെ വിജയിപ്പിച്ച് ആരാധകർക്ക് മറുപടി നൽകുകയും അവരുടെ മുന്നിൽ ഡാൻസ് ചെയ്യുകയും ചെയ്‌താണ്‌ എമിലിയാനോ കളിക്കളം വിട്ടത്.

You Might Also Like