ഓസീസിന് വേണ്ടിയല്ല, ഞങ്ങള്‍ക്ക് വേണ്ടി ജയിക്കണമെന്ന് റൂട്ട്, സമാധാനത്തിന്റെ കാലം കഴിഞ്ഞു!

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഓസ്ട്രേലിയയെ സഹായിക്കാന്‍ വേണ്ടിയല്ല നാലാം ടെസ്റ്റ് തങ്ങള്‍ വിജയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്ട്രേലിയയെ സഹായിക്കാന്‍ എന്ന നിലയിലല്ല ഞങ്ങള്‍ കാര്യങ്ങള്‍ കാണുന്നത്. പരമ്പര സമനിലയിലാക്കുകയും, ഇന്ത്യയില്‍ സ്പെഷ്യലായി എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യമെന്നും റൂട്ട് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ഫൈനലിലേക്ക് ഞങ്ങള്‍ക്ക് യോഗ്യത നേടാനായില്ല. പക്ഷേ ഇവിടെ പരമ്പര സമനിലയിലാക്കുക എന്നത് വലിയ നേട്ടമാവും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് പറയാനാവുക അതാണെന്നും റൂട്ട് പറഞ്ഞു.

ഭയമില്ലാതെ കളിക്കുക എന്നാല്‍ ക്രീസില്‍ കുടുങ്ങി കിടക്കാതെ, രണ്ട് മനസുമായി ക്രീസില്‍ നില്‍ക്കാതെ കളിക്കാനാവുക എന്നതാണ്. മുന്‍പിലെത്തുന്ന പന്തില്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവണം. പിച്ചിനെ കുറിച്ച് അമിത ചിന്തകള്‍ വേണ്ടതില്ലെന്നും റൂട്ട് ചൂണ്ടിക്കാണിച്ചു.

ഈ സാഹചര്യങ്ങളില്‍ വിജയിക്കാന്‍ വേണ്ട എല്ലാ കഴിവും ഞങ്ങളുടെ പക്കലുണ്ട്. അതിനെ തേച്ചുമിനുക്കി ആത്മവിശ്വാസം കണ്ടെത്തണം. ധൈര്യമായി നിന്ന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കണം. അതിനര്‍ഥം ക്രീസിലേക്ക് ഇറങ്ങി സ്ലോഗ് ചെയ്യണമെന്നോ, കൂടുതല്‍ ആക്രമണകാരികളാവണം എന്നോ അല്ല. സാഹചര്യങ്ങളെ പേടിക്കരുത് എന്നാണ് പറയുന്നത്.

മാര്‍ച്ച് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ്. ഇംഗ്ലണ്ട് ഇവിടെ ജയം പിടിച്ചാല്‍ പരമ്പര 2-2ന് സമനിലയിലാവുകയും, ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്യും. എന്നാല്‍ നാലാം ടെസ്റ്റില്‍ സമനിലയിലേക്ക് എത്തിച്ചാല്‍ പോലും ഇന്ത്യക്ക് ലോര്‍ഡ്സിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം.

You Might Also Like