വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഇന്ത്യ ബംഗ്ലാദേശിനും അഫ്ഗാനും പുറകില്‍, നിലമെച്ചപ്പെടുത്തി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ജയത്തോടെ ഐസിസി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്തി ടീം ഇന്ത്യ. 10ാം സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയര്‍ന്നത്.

ഇന്ത്യക്കെതിരെ തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ നാലാം സ്ഥാനം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി. നാല് കളിയില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി 19 പോയിന്റോടെയാണ് ഇന്ത്യ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമായി 30 പോയിന്റോടെയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്.

ന്യൂസിലാന്‍ഡിന് എതിരെ രണ്ട് ഏകദിനവും തോറ്റെങ്കിലും ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തുണ്ട്. 5 കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമായി 30 പോയിന്റോടെയാണ് ബംഗ്ലാദേശ് രണ്ടാം സ്ഥാനത്ത്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 30 പോയിന്റ് വീതമാണുള്ളത്. ഇവിടെ നെറ്റ്റണ്‍റേറ്റാണ് റാങ്ക് നിശ്ചയിക്കുന്നത്.

ആറ് കളിയില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായി ഓസ്ട്രേലിയയാണ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ ഒന്നാമത്. അഫ്ഗാനിസ്ഥാന്‍ മൂന്നാമതും വെസ്റ്റിന്‍ഡീസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുളള മറ്റ് രണ്ട് ടീമുകള്‍.

ഇംഗ്ലണ്ടിനെതിരെ ഇനി വരുന്ന രണ്ട് ഏകദിനവും ജയിക്കാനായാല്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ മുന്നേറ്റം നടത്താനാവും. നിലവില്‍ സിംബാബ് വെ, ആയര്‍ലെന്‍ജ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലുളള ടീമുകള്‍.

 

You Might Also Like