അത്യപൂര്‍വ്വം, അവിശ്വസനീയ റെക്കോര്‍ഡും പിറന്നു, ചരിത്രമായി കെകെആര്‍-പഞ്ചാബ് മത്സരം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ പടുകൂറ്റന്‍ സ്‌കോര്‍ പഞ്ചാബ് കിംഗ്‌സ് മറികടന്നതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ക്രിക്കറ്റ് ലോകത്ത് പിറന്നു. മത്സരത്തില്‍ ഇരുടീമുകളുടെയും ഓപ്പണര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതാണ് അത്യപൂര്‍വ്വ റെക്കോര്‍ഡിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ കാരണം. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മത്സരത്തില്‍ നാല് ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറി നേടുന്നത്.

കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോണി ബെയര്‍‌സ്റ്റോയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയ്ക്ക് വേണ്ടി സെഞ്ച്വറിക്കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും തുടങ്ങിയത്. ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണിങ് വിക്കറ്റില്‍ പിറന്നത് 138 റണ്‍സ്. 11-ാം ഓവര്‍ വരെ നീണ്ട കൂട്ടുകെട്ട് സുനില്‍ നരെയ്ന്‍ പുറത്താവുന്നതോടെയാണ് തകരുന്നത്.

32 പന്തില്‍ നാല് സിക്സും ഒന്‍പത് ബൗണ്ടറിയും സഹിതം 71 റണ്‍സെടുത്താണ് നരെയ്ന്‍ പുറത്തായത്. 37 പന്തില്‍ ആറ് വീതം സിക്സും ഫോറുമടിച്ച് ഫില്‍ സാള്‍ട്ടും പുറത്തായി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ പഞ്ചാബിനും സമാനമായതും അതിലും പ്രഹരശേഷിയേറിയതുമായ തുടക്കം ലഭിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സാണ് പ്രഭ്സിമ്രാന്‍ സിങ്- ജോണി ബെയര്‍സ്റ്റോ സഖ്യം അടിച്ചുകൂട്ടിയത്.

18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച പ്രഭ്സിമ്രാന്‍ 20 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. ആറാം ഓവറിലെ അവസാന പന്തില്‍ സുനില്‍ നരെയ്നാണ് താരത്തെ റണ്ണൗട്ടാക്കിയത്. ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒന്‍പത് സിക്സും എട്ട് ബൗണ്ടറിയുമാണ് ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

 

You Might Also Like