സഞ്ജു പുതിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍, സ്വപ്‌നത്തില്‍ മാത്രമേ ഇങ്ങനെ കളിക്കാനാകു, തുറന്ന് പറഞ്ഞ് ഹെയ്ഡന്‍

Image 3
CricketCricket News

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ ‘മാസ്റ്റര്‍ ബ്ലാസ്റ്ററോട് ഉപമിച്ച് മുന്‍ ഓസീസ് ഇതിഹാസ ഓപ്പണറും പ്രമുഖ പരിശീലകനുമായ മാത്യു ഹെയ്ഡന്‍. സഞ്ജു സ്വപ്‌ന തുല്യമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നാണ് ഹെയ്ഡന്‍ വിലയിരുത്തുന്നത്.

‘സഞ്ജു സ്വപ്ന തുല്യമായ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. 46 പന്തില്‍ 86 റണ്‍സാണ് അവന്‍ അടിച്ചെടുത്തത്. അവന്റെ മികവ് എന്താണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഈ സീസണിലുടെനീളം അവന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ പോലുളള പ്രകടനമാണ് നടത്തുന്നത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ അവന് സാധിക്കുന്നു. മികച്ച ടൈമിങ് അവനുണ്ട്. കൃത്യമായ പവര്‍ ഉപയോഗിച്ചാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ ഈ പവര്‍ വളരെ പ്രധാനപ്പെട്ടതാണ്’ ഹെയ്ന്‍ പറഞ്ഞു.

ടീമിനെ അവന്‍ മുന്നില്‍ നിന്ന് നയിക്കുകയാണെന്നും എന്നാല്‍ അല്‍പ്പം കൂടി ഭാഗ്യം അവന് ആവശ്യമായിരുന്നെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിക്കെതിരേ സഞ്ജു സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും അംപയറുടെ തെറ്റായ തീരുമാനമാണ് ഇത് തടഞ്ഞത്. മുകേഷ് കുമാറിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് ബൗണ്ടറി ലൈനിനരികെ ഷായ് ഹോപ്പ് കൈപ്പിടിയിലാക്കി. എന്നാല്‍ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നു. പക്ഷെ അംപയര്‍ ഇത് പരിഗണിച്ചില്ല.

തേര്‍ഡ് അംപയര്‍ വേണ്ടത്ര പരിശോധന നടത്താതെ സഞ്ജുവിന്റേത് വിക്കറ്റാണെന്ന് വിധിക്കുകയായിരുന്നു. വലിയ വിമര്‍ശനം അംപയറുടെ തീരുമാനത്തിനെതിരേ ഉയരുന്നുണ്ട്. സഞ്ജുവിന്റെ വിക്കറ്റ് വീണതോടെ ഡല്‍ഹിക്കെതിരേ രാജസ്ഥാന്‍ തോല്‍്കുകയും ചെയ്തു.