അങ്ങനെയെങ്കില്‍ മാത്രം ലോകകപ്പ് ഇന്ത്യയില്‍ നിന്ന മാറ്റണം, കമ്മിന്‍സ് തുറന്ന് പറയുന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ടി20 ലോകകപ്പ് വിഘാതമാകുമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്നതാകും നല്ലതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും ഓസ്ട്രേലിയന്‍ പേസററുമായ പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ മാധ്യമമായ ദ ഏജ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കമ്മിന്‍സന്‍ ഇക്കാര്യം പറയുന്നത്.

”ഇത് (ലോകകപ്പ് നടത്തുന്നത്) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ ഇല്ലാതാകുമെങ്കില്‍, അല്ലെങ്കില്‍ ഒട്ടും സുരക്ഷിതമല്ലെങ്കില്‍ ഇവിടെ (ഇന്ത്യയില്‍) കളിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ആ ചോദ്യത്തിനാണ് ആദ്യം ഉത്തരം കിട്ടേണ്ടത്. ഇത് പറയുന്നത് വളരെ നേരത്തെയാണ്. ലോകകപ്പ് ആറുമാസം ദൂരെയാണ്. ക്രിക്കറ്റ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവര്‍ത്തിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്ലത് എന്താണോ അത് ചെയ്യുകയാണ് വേണ്ടത്.” – കമ്മിന്‍സ് വ്യക്തമാക്കി.

ബയോ ബബിളിനുള്ളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം പതിപ്പ് ബി.സി.സി.ഐ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിന്‍സിന്റെ പ്രതികരണം.

അതേസമയം ഐ.പി.എല്‍ നടത്താനെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്നും കമ്മിന്‍സ് ആവര്‍ത്തിച്ചു. ലോക്ക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന ആളുകള്‍ക്ക് ഐ.പി.എല്‍ ആശ്വാസമായിരുന്നു. നാല് മണിക്കൂറുകളോളം ആളുകള്‍ ഐ.പി.എല്‍ കാണുന്നതിനായി എല്ലാ ദിവസവും രാത്രി വീടുകളില്‍ ഇരുന്നുവെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

You Might Also Like