ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ചേയ്‌സിംഗ്, പഞ്ചാബ് സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ റണ്‍മഴയായിരുന്നു. ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ ടി20 ചെയ്‌സിംഗ് വിജയമാണ് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ 261 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് എട്ടു ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നത്. ഇതോടെ പ്ലേഓഫ് പ്രതീക്ഷയും അവര്‍ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.

262 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശുമ്പോള്‍ പഞ്ചാബിനു ആരും നേരിയ സാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ജോണി ബെയര്‍സ്റ്റോ (108*) അപരാജിത സെഞ്ച്വറിയോടെ പട നയിക്കുകയും ശശാങ്ക് സിങും (68*) പ്രഭ്സിമ്രന്‍ സിങും (54) ഇടിവെട്ട് ഫിഫ്റ്റികളും കുറിക്കുകയും ചെയ്തപ്പോള്‍ അസാധ്യമെന്നു കരുതപ്പെട്ട ടോട്ടല്‍ പഞ്ചാബ് അനായാസം (18.4 ഓവര്‍) മറികടന്നു. വെറും 48 ബോളിലാണ് എട്ടു വീതം ഫോറും സിക്സറുമടക്കം ബെയര്‍സ്റ്റോ 108 റണ്‍സ് വാരിക്കൂട്ടിയത്.

ശശാങ്ക് 28 ബോളില്‍ എട്ടു സിക്സറും രണ്ടു ഫോറുമടിച്ചപ്പോള്‍ പ്രഭ്സിമ്രന്‍ 20 ബോളില്‍ അഞ്ചു സിക്സറും നാലു ഫോറുകളും പറത്തി. 26 റണ്‍സെടുത്ത റൈലി റൂസ്സോയാണ് പുറത്തായ മറ്റൊരു താരം. മികച്ച കൂട്ടുകെട്ടുകളാണ് പഞ്ചാബ് ജയത്തിനു അടിത്തറയിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍സ്റ്റോ- പ്രഭ്സിമ്രന്‍ ജോടി 93 റണ്‍സും രണ്ടാം വിക്കറ്റില്‍ ബെയര്‍സ്റ്റോ- റൂസ്സോ ജോടി 85 റണ്‍സും കൂട്ടിച്ചേര്‍ത്തു.

അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെയര്‍സ്റ്റോ- ശശാങ്ക് ജോടി 84 റണ്‍സും അടിച്ചെടുത്തു. ഈ സ്‌കോര്‍ പഞ്ചാബിനു ഒരിക്കലും ചേസ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പഞ്ചാബും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി കൂുടുതല്‍ ആവേശകരമായി മാറി. ഓപ്പണിങ് വിക്കറ്റില്‍ പ്രഭ്സിമ്രന്‍- ബെയര്‍സ്റ്റോ ജോടി ആറോവറില്‍ 93 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കെകെആര്‍ പരുങ്ങലിലായിരുന്നു.

You Might Also Like