നായകനെന്ന നിലയില്‍ സഞ്ജു അമ്പരപ്പിക്കുന്നു, തുറന്ന് പറഞ്ഞ് ഷെയ്ന്‍ ബോണ്ട്

Image 3
CricketCricket News

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ മികച്ച മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വി മാത്രമാണ് രാജസ്ഥാന്‍ നേരിട്ടത്. ഇതോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പരാജയപ്പെട്ട രണ്ട് മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനി ഒരു ജയം കൂടി രാജസ്ഥാന് മതിയാകും.

ഇതിനിടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ ബൗളിംഗ് കോച്ച് ആയ ഷെയ്ന്‍ ബോണ്ട്. നായകനായി വിസ്മയിപ്പിക്കുകയാണ് സഞ്ജുവെന്നാണ് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ കൂടിയായ ബോണ്ട് പറയുന്നത്.

‘നായകനായി സഞ്ജു അമ്പരപ്പിക്കുകയാണ്. രസകരമായ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സഞ്ജു സാംസണ്‍. സീസണിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ഐപിഎല്‍ ഊര്‍ജം ചോര്‍ത്തിക്കളയും. എന്നാല്‍ സമര്‍ത്ഥമായി ഊര്‍ജം നിയന്ത്രിക്കാനും സമയം കണ്ടെത്താനും പഠിച്ചു. ഐപിഎല്ലില്‍ ഇതുവരെ മനോഹരമായി സഞ്ജു കളിച്ചു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം’ ബോണ്ട് വ്യക്തമാക്കി.

ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് സഞ്ജു. 10 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് 159.09 സ്ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണുള്ളത്.