മത്സരത്തിനിടെ മെസിയോട് ബെറ്റു വെച്ചു തോറ്റു, പോളണ്ട് ഗോൾകീപ്പർ പറയുന്നു

ഒട്ടനവധി നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് അർജന്റീനയും പോളണ്ടും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരം കടന്നു പോയത്. ഒരു സമനില പോലും അർജന്റീനയുടെ നോക്ക്ഔട്ട് സാധ്യതകൾ ഇല്ലാതാക്കുമെന്നിരിക്കെ ആദ്യപകുതിയിൽ ലഭിച്ച ഒരു പെനാൽറ്റി ലയണൽ മെസി തുലച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് വിജയം നേടാനും ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനും ടീമിന് കഴിഞ്ഞു. മത്സരം തോറ്റെങ്കിലും മെക്‌സിക്കോയെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് പോളണ്ടും ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് അനുകൂലമായി വിധിച്ച പെനാൽറ്റിയുമായി ബന്ധപ്പെട്ട് രസകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി. ഒരു പന്ത് കുത്തിയകറ്റാനുള്ള ശ്രമത്തിനിടെ ലയണൽ മെസിയെ ഗോൾകീപ്പർ ഫൗൾ ചെയ്‌തതിനാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി പെനാൽറ്റി അനുവദിച്ചത്. റഫറി ആ തീരുമാനം എടുക്കുന്നതിനു മുൻപ് അത് പെനാൽറ്റി നൽകില്ലെന്നു പറഞ്ഞ് മെസിയോട് ബെറ്റു വെച്ചിരുന്നുവെന്നാണ് ഷെസ്‌നി പറയുന്നത്. എന്നാൽ റഫറി പെനാൽറ്റി അനുവദിച്ചതോടെ താരം അതിൽ തോൽക്കുകയും ചെയ്‌തു.

“പെനാൽറ്റിക്ക് മുൻപ് ഞങ്ങൾ സംസാരിച്ചപ്പോൾ അത് അനുവദിക്കില്ലെന്നു പറഞ്ഞ് നൂറു യൂറോക്ക് ബെറ്റ് വെച്ചിരുന്നു. മെസിയോടുള്ള ബെറ്റിൽ ഞാൻ തോറ്റിരിക്കയാണിപ്പോൾ. ലോകകപ്പിൽ അത് അനുവദനീയമാണോ എന്നെനിക്കറിയില്ല, എനിക്ക് വിലക്കു വന്നാലും ഇപ്പോൾ ഞാനത് കാര്യമാക്കുന്നില്ല. മെസിക്ക് ഞാനാ പണം നൽകാനും പോകുന്നില്ല. വേണ്ടത്ര സമ്പാദ്യമുള്ള താരം ഒരു നൂറു ഡോളറിനെ കാര്യമാക്കില്ലെന്നുറപ്പാണ്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പോളണ്ട് ഗോൾകീപ്പർ പറഞ്ഞു.

അതേസമയം ലയണൽ മെസിയുടെ പെനാൽറ്റി മനോഹരമായി തടുത്തിടാൻ യുവന്റസ് ഗോൾകീപ്പർ കൂടിയായ ഷെസ്‌നിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയും താരം പെനാൽറ്റി തടുത്തിരുന്നു. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അതിന്റെ ക്ഷീണം മറികടന്ന അർജന്റീന വിജയം നേടുകയായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ അർജന്റീന പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ പോളണ്ടിന് കഴിഞ്ഞ തവണത്തെ ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസാണ് എതിരാളികൾ.

You Might Also Like