അമിത് ഷാ 200 അടിക്കാന്‍ ആശംസിച്ചു, പൂജാരയ്ക്ക് സംഭവിച്ചത്

അഹമ്മദാബാദിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പൂജാര പൂജാര ഇരട്ട ശതകം നേടി മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

ജവഗല്‍ ശ്രീനാഥിന്റെ ഓര്‍മയില്‍ എന്നുമുണ്ടാവുന്ന സ്റ്റേഡിയമാണ് ഇത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ആറ് വിക്കറ്റ് അദ്ദേഹം ഇവിടെ നേടി. ഇതേ ഗ്രൗണ്ടിലാണ് റിച്ചാര്‍ഡ് ഹഡ്ലിയെ മറികടന്ന് കപില്‍ ദേവ് വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡ് ഇട്ടത്. ഈ ഗ്രൗണ്ടിലാണ് സച്ചിന്‍ 18000 റണ്‍സും, രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷവും പിന്നിട്ടത്, അമിത് ഷാ പറഞ്ഞു.

അഹമ്മദാബാദില്‍ അവസാനം കളിച്ചപ്പോള്‍ ഇംഗ്ലണ്ടിന് എതിരെ പൂജാര സെഞ്ചുറി നേടി. വീണ്ടും ആ നേട്ടത്തിലേക്ക് എത്താന്‍ പൂജാരയ്ക്ക് കഴിയട്ടേയെന്നാണ് അമിത് ഷാ ആശംസിച്ചത്.

എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ആദ്യ ദിനം ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിന് ഇറങ്ങിയ പൂജാരയ്ക്ക് ഒരു റണ്‍സ് പോലും എടുക്കാനായില്ല. നേരിട്ട നാലാം പന്ത് തന്നെ ജാക്ക് ലീച്ച് പൂജാരയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ അമിത് ഷായ്ക്ക് നേരെ ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.

110000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ഇവിടെ ജയം പിടിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം,

 

You Might Also Like