ഗ്രീസ്‌മാന്റെ ഗോൾ നിഷേധിച്ചതിൽ വിവാദം പുകയുന്നു, ഓഫ്‌സൈഡ് വിധിക്കാനുണ്ടായ കാരണമിതാണ്

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ ടീമായ ടുണീഷ്യ ചരിത്രം സൃഷ്‌ടിച്ച ദിവസമാണിന്ന്. കഴിഞ്ഞ പ്രാവശ്യത്തെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ അവർ ഗ്രൂപ്പിലെ അവസാന റൌണ്ട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. അമ്പത്തിയെട്ടാം മിനുട്ടിൽ മുന്നേറ്റനിര താരമായ വാഹബി ഖാസ്‌റി നേടിയ ഒരേയൊരു ഗോളിലാണ് ടുണീഷ്യ വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഫ്രാൻസിനായി ഗ്രീസ്‌മൻ ഒരു ഗോൾ മടക്കിയെങ്കിലും ഫൈനൽ വിസിലിനു ശേഷം നടത്തിയ വീഡിയോ പരിശോധനക്ക് ശേഷം റഫറി അത് നിഷേധിക്കുകയായിരുന്നു. ഇത് നാടകീയമായ രംഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു.

നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് ട്യുണീഷ്യക്കെതിരെ തങ്ങളുടെ പ്രധാന താരങ്ങളിൽ ഭൂരിഭാഗം പേരെയും പുറത്തിരുത്തിയാണ് ആദ്യ ഇലവൻ ഇറക്കിയത്. മത്സരത്തിൽ വിജയം ആവശ്യമായിരുന്ന ടുണീഷ്യ അതിനായി ശ്രമിച്ചു കളിച്ചപ്പോൾ തോൽവി പോലും ഫ്രാൻസിനൊരു ഭീഷണിയായിരുന്നില്ല. അമ്പത്തിയെട്ടാം മിനുട്ടിലാണ് ടുണീഷ്യ വിജയഗോൾ നേടുന്നത്. അതോടെ തിരിച്ചു വരാനായി പ്രധാന താരങ്ങളിൽ പലരെയും ഫ്രാൻസ് പരിശീലകൻ കളത്തിലിറക്കി. ഫ്രാൻസ് ആക്രമണം അതിനു ശേഷം ശക്തമായെങ്കിലും ഒരു ഗോൾ നേടാൻ അവസാന നിമിഷം വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. അതാണെങ്കിൽ വീഡിയോ പരിശോധനക്ക് ശേഷം റഫറി നിഷേധിക്കുകയും ചെയ്‌തു.

ഫ്രാൻസിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ഡിഫൻഡ് ചെയ്തപ്പോഴുള്ള റീബൗണ്ടിൽ നിന്നാണ് ഗ്രീസ്മാൻ ഗോൾ നേടുന്നത്. ഫ്രീകിക്ക് എടുക്കുന്ന സമയത്ത് ഗ്രീസ്മാൻ ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നു. ഫ്രീകിക്ക് വന്നപ്പോൾ ടുണീഷ്യൻ താരം പന്ത് ഹെഡ് ചെയ്‌ത്‌ അകറ്റാൻ നോക്കിയപ്പോൾ പന്ത് ലഭിച്ച ഗ്രീസ്മാൻ അതൊരു വോളിയിലൂടെ വലക്കകത്തെക്ക് കയറ്റി. ഗ്രീസ്മാൻ ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന് ടുണീഷ്യൻ താരത്തിന്റെ കളിയെ തടസപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റഫറി ഗോൾ നിഷേധിച്ചത്. ആദ്യം ഗോൾ അനുവദിച്ചെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച റഫറി അത് ഗോളല്ലെന്ന് വിധിക്കുകയായിരുന്നു.

എന്നാൽ ആരാധകർ റഫറിയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ഫ്രീകിക്ക് എടുക്കുന്ന സമയം മുതൽ ട്യുണീഷ്യൻ താരം അത് ഹെഡ് ചെയ്യുന്ന സമയം വരെ അതിന്റെ അടുത്തു പോലുമില്ലാത്ത ഗ്രീസ്‌മൻ എങ്ങിനെയാണ് അവരുടെ കളിയിൽ തടസം സൃഷ്‌ടിക്കുകയെന്ന് ആരാധകർ ചോദിക്കുന്നു. ആ ഗോൾ ട്യുണീഷ്യക്ക് നൽകിയ ദാനമാണെന്നും പലരും പറയുന്നു. എന്തായാലും വിജയത്തിനും ട്യുണീഷ്യയെ പ്രീ ക്വാർട്ടറിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഡെന്മാർക്കിനെതിരെ വിജയം നേടിയ ഓസ്‌ട്രേലിയ ആണ് ഫ്രാൻസിന് പിന്നിൽ രണ്ടാമതായി പ്രീ ക്വാർട്ടറിൽ എത്തിയത്.

 

You Might Also Like