വായിലേക്ക് പന്ത് തള്ളികേറ്റി കൃത്രിമത്വത്തിന് ശ്രമം, അഫ്രീദിക്ക് പിടിവീണു, രണ്ട് മത്സരങ്ങളില്‍ വിലക്ക്

പന്തില്‍ കൃത്രിമം കാട്ടിയതിന് പലപ്പോഴും താരങ്ങള്‍ കഠിനമായി ശിക്ഷിക്കപ്പെടാറുണ്ട്. ഏറ്റവും ഒടുവില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഉപനയാകന്‍ ഡേവിഡ് വാര്‍ണറും തങ്ങളുടെ കരിയര്‍ തന്നെ പാതി വഴിയില്‍ സ്തംഭിക്കപ്പെടാന്‍ ഇടയാക്കിയത് പന്തില്‍ ഗുരുതര ടാമ്പറിംഗിന് ശ്രമിച്ചതാണ്.

എന്നാല്‍ ഇത് എല്ലാ കാലത്തും കളിക്കളത്തില്‍ താരങ്ങള്‍ പയറ്റുന്ന അടവാണ്. കൃത്യം 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക് സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയും പന്ത് ടാമ്പര്‍ ചെയ്യാന്‍ ശ്രമിച്ച് കൈയ്യോടെ പിടിക്കപ്പെട്ടിരുന്നു. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് പാകിസ്ഥാനായി നായകന്‍ കൂടിയായിരുന്നു അഫ്രീദി പന്ത് ടാമ്പര്‍ ചെയ്യാന്‍ ശ്രമിച്ചത്.

ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ മൂന്ന് വിക്കറ്റ് അവശേഷിക്കെ 35 റണ്‍സ് വേണ്ട സമയത്തായിരുന്നു ഈ സംഭവം നടന്നത്. ആകൃതി മാറ്റാന്‍ വായിലേക്ക് പന്ത് കയറ്റി കടിക്കുകയായിരുന്നു അഫ്രീദി. മത്സരം എന്ത് വിലകൊടുത്തും ജയിക്കാന്‍ ലക്ഷ്യമിട്ടാണ് പാക് നായകന്‍ ഈ ‘ചതി’ ചെയ്തത്. എന്നാല്‍ ശ്രമം ഫലം കണ്ടില്ലെന്ന് മാത്രമല്ല കൈയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.

അഫ്രീദിയുടെ പ്രവര്‍ത്തി ക്യാമറയില്‍ പതിഞ്ഞതാണ് താരത്തിന് വിനയായത്. താന്‍ പന്ത് മണത്താന്‍ ശ്രമിച്ചതാണെന്നാണ് അഫ്രീദി മത്സരശേഷം ഈ പ്രവര്‍ത്തിയെ വിശദീകരിച്ചത്. എന്നാല്‍ പിന്നീട് മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെയോട് കുറ്റം സമ്മതിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ 2.2.9 (”ക്രിക്കറ്റ് നിയമങ്ങളുടെ 42.3 നിയമം ലംഘിച്ച് പന്തിന്റെ അവസ്ഥ മാറ്റിയത്”) ലംഘനം നടത്തിയതിന് രണ്ട് ടി20 മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വിലക്കി.

എട്ടാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഹസി – നഥാന്‍ ഹൗറിറ്റ്സ് സഖ്യം ഓസ്‌ട്രേലിയയെ വിജയത്തിന് അടുത്തെത്തിച്ചു. . അഞ്ച് പന്തില്‍ നാല് റണ്‍സ് സ്‌കോറായിരിക്കെ, 10-ാം നമ്പര്‍ റയാന്‍ ഹാരിസ് രണ്ട് റണ്‍സ് നേടി. അടുത്ത പന്ത് ഹാരിസ് മിഡ് ഓഫില്‍ അഫ്രീദിയുടെ കൈകളിലൊതുങ്ങിയെങ്കിലും നോ-ബോള്‍ എന്ന് വിളിക്കപ്പെട്ടു. ഇതോടെ മത്സരം ഓസ്‌ട്രേലിയ നാടകീയമായി ജയിക്കുകയും പരമ്പര 5-0ത്തിന് അവര്‍ തൂത്തുവാരുകയും ചെയ്തു.

You Might Also Like