പൂജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, കോഹ്ലിയെ പരിഹസിച്ച് വീരു

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് വലിയ വാല്‍ത്ത ശ്രദ്ധ നേടിയിരുന്നു. അഞ്ചിന് 84 റണ്‍സ് എന്ന നിലയില്‍ തകരുന്നതിനിടെയാണ് ബെയര്‍‌സ്റ്റോയെ ചൊറിയാന്‍ കോഹ്ലി ശ്രമിച്ചത്. എന്നാല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ബെയര്‍‌സ്റ്റോ ഇതിന് മറുപടി നല്‍കിയത്. 140 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ രണ്ട് സിക്സും 14 ഫോറുമടക്കം 106 റണ്‍സാണ് എടുത്തത്.

ഇതിനു പിന്നാലെ കോഹ്ലിയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം സാക്ഷാല്‍ വീരേന്ദര്‍ സെവാഗ് തന്നെ രംഗത്തെത്തി. കോഹ്ലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയര്‍സ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് 21 മാത്രമായിരുന്നെന്നും ശേഷം സ്‌ട്രെക്ക് റേറ്റ് 150 ആയെന്നും സെവാഗ് നിരീക്ഷിച്ചു. പൂജാരയെ പോലെ കളിച്ചിരുന്നയാളെ സ്ലെഡ്ജ് ചെയ്ത് റിഷഭ് പന്തിനെ പോലെയാക്കിയെന്നും സെവാഗ് ട്വീറ്റ് ചെയ്തു.

കോഹ്ലി സ്ലെഡ്ജ് ചെയ്യുമ്പോള്‍ 61 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്റ്റോ നേടിയിരുന്നത്. അതിന് ശേഷം 79 പന്തില്‍ 93 റണ്‍സ് ബെയര്‍‌സ്റ്റോ അടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 284 ആയി ഉയര്‍ത്തു.

മത്സരത്തില്‍ നിലവില്‍ ഇന്ത്യയുടെ നിയന്ത്രിണത്തിലാണ് കാര്യങ്ങള്‍. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 125 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 257 റണ്‍സ് ലീഡായി. 50 റണ്‍സുമായി പൂജാരയും 30 റണ്‍സുമായി റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍.

 

You Might Also Like