കോഹ്ലിയ്ക്ക് പകരം ആ മലയാളി താരത്തെ ഓപ്പണറാക്കണം, ആവശ്യവുമായി സെവാഗ്

ഐപിഎല്ലില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓപ്പണറായി മലയാളി യുവ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസറുദ്ദീനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കോഹ്ലിയ്ക്ക് പകരമായാണ് അസറുദ്ദീനെ ഓപ്പണറായി കളിപ്പിക്കണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്.

കോഹ്ലി മൂന്നാമനായി ഇറങ്ങണമെന്നും ഇത് ആര്‍സിബി മധ്യനിരയെ ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്നും സെവാഗ് നിരീക്ഷിക്കുന്നു. വരും മത്സരങ്ങളില്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനായാല്‍ വലിയ ഗുണം ആര്‍സിബിയ്ക്ക് ലഭിക്കുമെന്നാണ് സെവാഗ് പറയുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസിനോട് സംസാരിക്കവെയായിരുന്നു ബാംഗ്ലൂര്‍, ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സെവാഗ് വാചാലനായത്.

‘കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് ഞാന്‍ കരുതുന്നു. ഒപ്പം മുഹമ്മദ് അസറുദ്ദീനെ ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കണം. അവന്‍ പട്ടീധാറിനേക്കാള്‍ മികച്ച ഓപ്ഷനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോഹ്ലി മൂന്നാമതും, മാക്‌സ്വെല്‍, ഡിവില്ലിയേഴ്‌സ് എന്നിവര്‍ പിന്നാലെയും കളിക്കാനെത്തണം. ഇതോടെ ലോക ക്രിക്കറ്റിലെ മൂന്ന് ടോപ് ക്ലാസ് താരങ്ങള്‍ മധ്യനിരയിലുള്ള ടീമായി ബാംഗ്ലൂര്‍ മാറും’ സെവാഗ് പറഞ്ഞു.

ഓപ്പണിംഗില്‍ യുവതാരങ്ങളായ ദേവ്ദത്ത്-അസറുദ്ദീന്‍ ജോഡിക്ക് ഫോമാവാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനെ രക്ഷിക്കാന്‍ ഈ മൂന്ന് കളികാര്‍ക്കാവുമെന്നും സെവാഗ് നിരീക്ഷിക്കുന്നു.

നിലവില്‍ മധ്യപ്രദേശിന്റെ യുവ താരം രജത് പട്ടീധാറാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ മികച്ച ഫോം കാഴ്ച്ചവെക്കാന്‍ പട്ടീധാറിന് ഇതു വരെ കഴിഞ്ഞിട്ടില്ല.

You Might Also Like