വിരാട് ഇങ്ങനെയൊരു പതനം അര്‍ഹിക്കുന്നില്ല, ശരിക്കും ഹൃദയഭേദകമാണ് ഈ കാഴ്ച്ച

സന്ദീപ് ദാസ്

ഇതുപോലൊരു അവസ്ഥയില്‍ വിരാട് കോഹ്ലിയെ കാണേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഹൃദയഭേദകമാണ് ഈ കാഴ്ച്ച.

കൊല്‍ക്കത്തയുടെ ബോളിങ്ങിലെ ദുര്‍ബല കണ്ണി എന്ന് വിശേഷിപ്പിക്കാവുന്ന പ്രസിദ് കൃഷ്ണയ്‌ക്കെതിരെ വിക്കറ്റിനുമുമ്പില്‍ കുടുങ്ങി. തന്റെ പ്രതാപകാലത്ത് അത്തരമൊരു ഡെലിവെറി വിരാട് മിസ് ചെയ്യില്ലായിരുന്നു. അതിനുപിന്നാലെ 9 വിക്കറ്റിന്റെ തോല്‍വിയും.

വിരാടിന് എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ചിന്തിച്ചുനോക്കിയിട്ടുണ്ട്.

2019 മുതല്‍ക്കാണ് വിരാടിന്റെ വീഴ്ച്ച ആരംഭിച്ചത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം. പക്ഷേ അതിനേക്കാള്‍ മുമ്പ് തന്നെ വിരാടിലെ ബാറ്റ്‌സ്മാന്‍ തളര്‍ന്നുതുടങ്ങിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.

റണ്‍ചെയ്‌സുകളിലെ മികവാണ് വിരാടിനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യ ജയിക്കുന്നത് വരെ ക്രീസില്‍നില്‍ക്കും എന്നതായിരുന്നു വിരാടിന്റെ പ്രത്യേകത. ഏകദേശം 2018 മുതല്‍ക്ക് ആ ഗുണം അസ്തമിച്ചുതുടങ്ങിയിരുന്നു. വിരാട് അപ്പോഴും പതിവായി സെഞ്ച്വറികള്‍ നേടിയിരുന്നതിനാല്‍ ഈയൊരു കാര്യം മിക്കവരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് സെഞ്ച്വറികളും ഇല്ലാതായി.

ഒരു സമയം കഴിഞ്ഞാല്‍ ക്യാപ്റ്റന്‍സി സകലര്‍ക്കും മുള്‍ക്കിരീടമായി മാറും. വിരാടിനും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത് എന്നത് വക്തം. വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യാന്‍ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നു എന്ന് പറഞ്ഞത് അതുകൊണ്ടാണല്ലോ.

നിരാശപ്പെട്ട് തലതാഴ്ത്തി ഇരിക്കുന്ന വിരാടിനെ ഐ.പി.എല്ലില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്-

  • ടി20 ലോകകപ്പില്‍ പോസിറ്റീവ് ആയ മനോനിലയോടെ വിരാട് ഇറങ്ങണം എന്ന് ആഗ്രഹമുണ്ട്.
  • ഒരുകാലത്ത് മൈതാനങ്ങള്‍ അടക്കിഭരിച്ച വിരാട് ഇങ്ങനെയൊരു പതനം അര്‍ഹിക്കുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like