കോഹ്ലിയെ പുറത്താക്കാന്‍ തീരുമാനിച്ച് സെലക്ഷന്‍ കമ്മിറ്റി, സമ്മതിക്കാതെ വാശിപിടിച്ച് രോഹിത്ത്

അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടി20 ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സര്‍പ്രൈസായത് ടി20 ഫോര്‍മാറ്റിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും അപ്രതീക്ഷിത മടങ്ങിവരവാണ്. ഇനിയൊരിക്കലും ദേശീയ ടി20 ടീമില്‍ ഇരുവരെയും കാണാന്‍ സാധിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ ആരാധകരെ ആവേശത്തിലാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങളിലും ഒരിക്കല്‍ക്കൂടി എത്തിയിരിക്കുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്ന് ഉറപ്പായി.

അഫ്ഗാനുമായുള്ള ടി20 പരമ്പരയില്‍ കോഹ്ലിയെ ഉള്‍പ്പെടുത്താന്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് ഇഷ്ടമുണ്ടായിരുന്നില്ലത്രെ. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഇത് അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറായില്ല. കോഹ്ലി ടീമില്‍ വേണമെന്നു രോഹിത് വാശിപിടിക്കുകയായിരുന്നു. ഇതോടെ സെലക്ടര്‍മാര്‍ മുട്ടുമടക്കിയതെന്നുമാണ് സൂചനകള്‍.

ഇതാദ്യമായല്ല കോഹ്ലിക്കു വേണ്ടി സെലക്ഷന്‍ കമ്മിറ്റിയോടു രോഹിത് പോരടിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും കോഹ്ലിയെ ടീമിലെടുക്കാന്‍ കമ്മിറ്റിയിലെ പലരും താല്‍പര്യം കാണിച്ചിരുന്നില്ല.

അദ്ദേഹത്തിന്റെ മോശം ഫോമായിരുന്നു കാരണം. പക്ഷെ രോഹിത് അപ്പോഴും കോഹ്ലിയെ ചേര്‍ത്ത് പിടിച്ചിരുന്നു. കോഹ്ലിയുടെ സാന്നിധ്യം ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ടീമിനു ഗുണം ചെയ്യുമെന്നു രോഹിത് സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയായിരുന്നു. തന്നെ പിന്തുണയ്ക്കാനുള്ള രോഹിത്തിന്റെ തീരുമാനം ശരിയാണെന്നു ചിരവൈരികളായ പാകിസ്താനുമായുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കോഹ്ലി തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടും രോഹിത്തിന്റെ അകമഴിഞ്ഞ പിന്തുണ കോഹ്ലിക്കു ടി20യില്‍ വീണ്ടുമൊരു അവസരം കൂടി നല്‍കിയിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും കോഹ്ലിയെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. നേരത്തേ കോലി ക്യാപ്റ്റനായിരിക്കെ രോഹിത്തുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഈഗോ പ്രശ്നങ്ങള്‍ ഇരുവരും തമ്മില്‍ ദീര്‍ഘകാലം പോരാടിച്ചിരുന്നു. എന്നാല്‍ അതെല്ലാം പഴയകഥയാണെന്ന് തെളിയ്ക്കുകയാണ് ഇരുവരും.

നിലവില്‍ രോഹിത്തും കോലിയും തമ്മില്‍ കളിക്കളത്തിനകത്തും പുറത്തും നല്ല സൗഹൃദമാണുള്ളത്. കളിക്കളത്തില്‍ പലപ്പോഴും വിക്കറ്റ് നേട്ടം ഒരുമിച്ച് ആഘോഷിക്കാറുള്ള ഇരുവരും കളിക്കിടയില്‍ ഒരുമിച്ചു തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാറുമുണ്ട്. ഇരുവരുടെയും ഒത്തൊരുമ ഇന്ത്യന്‍ ടീമിനു ഏറെ ഗുണവും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഒരു കളി പോലും തോല്‍ക്കാതെ ഫൈനല്‍ വരെ മുന്നേറിയത് ടീമിനകത്തെ മികച്ച ഒത്തിണക്കവും അന്തരീക്ഷവുമായിരുന്നു

 

You Might Also Like