ബംഗളൂരു നായക സ്ഥാനം ഒഴിയല്‍, കോഹ്ലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം

റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിന്റെ നായക സ്ഥാനം ഒഴിയാനുളള വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോഹ്ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുവെന്ന് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത സമയമാണ് ഗംഭീറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സീസണിന്റെ പാതിവഴിയില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് അംഗീകരിക്കാനാകില്ലെന്നും സീസണ്‍ അവസാനിച്ച ശേഷം ആ പ്രഖ്യാപനം നടത്തമായിരുന്നുവെന്നുമാണ് ഗംഭീര്‍ പറയുന്നത്.

‘ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തിന് തൊട്ടുമുമ്പ് കോഹ്ലി ഈ പ്രഖ്യാപനം നടത്തിയത് എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന് സീസണ്‍ കഴിഞ്ഞതിന് ശേഷം അത് പ്രഖ്യാപിക്കാമായിരുന്നു. കാരണം കോഹ്ലിയുടെ ഈ പ്രഖ്യാപനം ടീമിനെ ഇളക്കി മറിക്കും, വികാരപരമായും. ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ അതൊരു നല്ല കാര്യമല്ല. ആര്‍സിബി താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാകും’ ഗംഭീര്‍ പറഞ്ഞു.

‘ഈ സീസണില്‍ ബാംഗ്ലൂര്‍ മികച്ച സ്ഥാനത്താണ്. ഈ സമയത്ത് എന്തിനാണ് അധിക സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നത്, ഒരുപക്ഷേ വിരാടിനായി കപ്പ് നേടാന്‍ അത് അവരെ പ്രേരിപ്പിക്കും. വ്യക്തികള്‍ക്കായി കപ്പ് നേടുന്നതിനോട് യോജിക്കുന്നില്ല, ഫ്രാഞ്ചൈസിക്ക് വേണ്ടി നിങ്ങള്‍ അത് നേടാനാണ് ആഗ്രഹിക്കേണ്ടത് ‘ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കോഹ്ലി ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനവും കോഹ്ലി ഒഴിഞ്ഞിരുന്നു.

You Might Also Like