ഇന്ത്യയെ പൊരിവെയിലില്‍ നിര്‍ത്തി നായകന്‍ മടങ്ങി, മഹാദുരന്തം രഹാന അതിജീവിക്കുമോ?

ഇന്ത്യന്‍ടീമിനെ കുറിച്ച് നിരവധി ആശങ്കകള്‍ പടരുന്നതിനിടെ നായകന്‍ വിരാട് കോഹ്ലി ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. ചൊവാഴ്ച്ച രാവിലെയാണ് കോഹ്ലി ഇന്ത്യയ്ക്ക് തിരിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ബാക്കിയുള്ള മൂന്നു മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കും.

ആദ്യ കുഞ്ഞിന്റെ ജനനം പ്രമാണിച്ചാണ് വിരാട് കോഹ്ലി ഒരു മത്സരത്തിന് ശേഷം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും പിന്മാറുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം പിതൃത്വ അവധി വേണമെന്ന് താരം ആവശ്യപ്പെടുകയായിരുന്നു. കോലിയുടെ ആവശ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു.

ചൊവാഴ്ച്ച രാവിലെ ഇന്ത്യന്‍ ടീമുമായി നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് കോഹ്ലി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ആദ്യ ടെസ്റ്റിലേറ്റ തോല്‍വി ഗൗനിക്കേണ്ടെന്നും വരും മത്സരങ്ങളില്‍ ടീം ഇന്ത്യ ശക്തമായി തിരിച്ചുവരണമെന്നും കോഹ്ലി ടീമിനോട് ആവശ്യപ്പെട്ടു. മെല്‍ബണില്‍ നടക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുടെ നായകപാടവം ഏറെ നിര്‍ണായകമായിരിക്കും.

നിലവില്‍ രോഹിത് ശര്‍മ സിഡ്നിയിലുണ്ട്. താരം ക്വാറന്റൈന്‍ കാലം കഴിച്ചുകൂട്ടുകയാണ്. സിഡ്നിയില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയുടെ ക്വാറന്റൈന്‍ മറ്റൊരിടത്തേക്ക് മാറ്റണമോയെന്ന കാര്യത്തില്‍ ബിസിസിഐക്ക് ആലോചനയുണ്ട്. എന്നാല്‍ ബയോ ബബിള്‍ സുരക്ഷയിലുള്ള രോഹിത് ശര്‍മ റൂമില്‍ത്തന്നെയാണ് ദിനം കഴിച്ചുകൂട്ടുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍ രോഹിത് ശര്‍മയെ പുതിയൊരിടത്തേക്ക് മാറ്റേണ്ടതില്ലെന്നാണ് ലഭിക്കുന്ന വിവരം.

ക്വാറന്റൈന്‍ കാലത്തും ഫിറ്റ്നസ് നിലനിര്‍ത്താന്‍ റൂമില്‍ പ്രത്യേക സൗകര്യം രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന്, നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഓപ്പണാറായാകും രോഹിത് ശര്‍മ ടീമില്‍ കടന്നുവരിക. സിഡ്നിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിശ്ചയിച്ച ടെസ്റ്റ് പരമ്പരയില്‍ മാറ്റമുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.

You Might Also Like