വാൻ ഗാലിനെ തള്ളിക്കളഞ്ഞ് നെതർലാൻഡ്‌സ് താരങ്ങൾ, അദ്ദേഹം പറഞ്ഞതല്ല ഞങ്ങൾ ചിന്തിക്കുന്നത്

ഖത്തർ ലോകകപ്പ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും മെസിക്കും അർജന്റീനക്കും കിരീടം നേടിക്കൊടുക്കാൻ ഒത്തുകളി നടന്നുവെന്നുമുള്ള വാൻ ഗാലിന്റെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ് വിർജിൽ വാൻ ഡൈക്ക്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞത്. എന്നാൽ അതദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും തങ്ങളങ്ങിനെ ചിന്തിക്കുന്നില്ലെന്നുമാണ് വാൻ ഡേയ്ക്ക് പറഞ്ഞത്.

അഭിമുഖത്തിൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി ഒരുപാട് തീരുമാനങ്ങൾ ഉണ്ടായിയെന്നാണ് വാൻ ഗാൽ ആരോപണമുന്നയിച്ചത്. ലയണൽ മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കുക പലരുടെയും ആവശ്യമായിരുന്നുവെന്നും അതിനുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ ഓറഞ്ചു പടയുടെ നായകൻ തങ്ങളുടെ മുൻ പരിശീലകനെ പൂർണമായും തള്ളിക്കളഞ്ഞു.

“അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ രാവിലെയാണ് കേട്ടത്. തീർച്ചയായും അത് അദ്ദേഹത്തിന്റെ വാക്കുകളും അഭിപ്രായങ്ങളും മാത്രമാണ്. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമായ കാര്യമാണ്. ഞാനാ അഭിപ്രായത്തിൽ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഹോളണ്ട് ദേശീയ ടീമിലെ താരങ്ങളും പിന്തുണക്കുന്നില്ല.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വാൻ ഡൈക്ക് പറഞ്ഞു.

അതിനു പുറമെ ഹോളണ്ട് ദേശീയ ടീമിലെ മറ്റൊരു താരമായ മാർക്ക് ഫ്ലെക്കാനും വാൻ ഗാലിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. ലോകകപ്പിന് ശേഷം വാൻ ഗാൽ ഹോളണ്ട് ദേശീയ ടീമിന്റെ സ്ഥാനം ഒഴിഞ്ഞിരുന്നു. 2014 ലോകകപ്പിലും 2022 ലോകകപ്പിലും ഹോളണ്ടിന്റെ വഴി മുടക്കിയത് അർജന്റീന ആയിരുന്നു. അതിന്റെ കലിപ്പാണ് വാൻ ഗാലിനെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

You Might Also Like