മെഗാ ലേലം, നിലനിര്‍ത്തുന്ന താരത്തെ കുറിച്ച് വന്‍ പ്രഖ്യാപനവുമായി ചെന്നൈ

Image 3
CricketIPL

ഐപിഎല്ലില്‍ അടുത്ത സീസണില്‍ നടക്കേണ്ട മെഗാ താര ലേലത്തിന് മുന്‍പായി നിലനിര്‍ത്തുന്ന ആദ്യ താരത്തെ കുറിച്ച് വെളിപ്പെടുത്തി ചാമ്പ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. താരങ്ങളെ നിലനിര്‍ത്തുന്ന റിറ്റെന്‍ഷന്‍ കാര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്സ് ഉപയോഗിക്കുന്നു എങ്കില്‍ അത് ആദ്യം ധോനിക്ക് വേണ്ടിയായിരിക്കും എന്നാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നത്.

എത്ര കളിക്കാരെ റിറ്റെയ്ന്‍ ചെയ്യാനാവും എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ അതെല്ലാം രണ്ടാമത് നില്‍ക്കുന്ന കാര്യങ്ങളാണ്. കാരണം ആദ്യത്തെ കാര്‍ഡ് ഉപയോഗിക്കുന്നത് തന്നെ ധോണിക്ക് വേണ്ടിയാവും. ഈ കപ്പലിന് ക്യാപ്റ്റന്‍ വേണം’ ചെന്നൈ സൂപ്പര്‍ കിംഗ് വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഐപിഎല്ലിലെ അടുത്ത സീസണിലും മഹേന്ദ്ര സിംഗ് ധോണി ചെന്നൈയെ നയിക്കാന്‍ എത്തുമെന്ന് ഉറപ്പായി.

നേരത്തെ ഐപിഎല്‍ സമ്മാനവേളയില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

‘ഞാന്‍ ഇപ്പോള്‍ പിന്നിലേക്ക് മാറിയിട്ടില്ല. ഞാന്‍ നേരത്തെ പറഞ്ഞിരുന്നു, ബിസിസിഐയുടെ നിലപാട് അനുസരിച്ചായിരിക്കും കാര്യങ്ങള്‍. രണ്ട് ടീമുകള്‍ പുതുതായി വരുന്നു. ചെന്നൈക്ക് എന്താണ് ഗുണം ചെയ്യുക എന്നത് നോക്കിയാണ് തീരുമാനിക്കുക’ ധോണി പറഞ്ഞു.

ടോപ് മൂന്നിലോ നാലിലോ ഞാന്‍ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം. ഫ്രാഞ്ചൈസി പ്രയാസപ്പെടുന്നില്ലെന്ന് ഉറപ്പിച്ച് ഒരു കരുത്തുറ്റ ടീമിനെ സൃഷ്ടിക്കുകയാണ്. അടുത്ത 10 വര്‍ഷത്തേക്ക് ടീമിനായി സംഭാവന നല്‍കാന്‍ സാധിക്കും വിധം ടീമിന്റെ ഹൃദയ ഭാഗത്തെ സൃഷ്ടിക്കാനാണ് നോക്കുന്നത് എന്നും ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ പറഞ്ഞു.