കേനിനെ സ്വന്തമാക്കാൻ റെക്കോർഡ് ഓഫർ, എന്നിട്ടും നിരസിച്ച് ടോട്ടനം ഹോസ്‌പർ

നിരവധി വർഷങ്ങളായി ഇംഗ്ലീഷ് ഫുട്ബോളിലെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന ഹാരി കേനിനു ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ് താരം കരാർ പുതുക്കില്ലെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ സമ്മറിൽ താരത്തിനായി ഓഫറുകളുണ്ട്. ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ് കേനിനെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്.

എന്നാൽ അടുത്ത സമ്മറിൽ കരാർ അവസാനിക്കാൻ പോവുകയാണെങ്കിലും ഹാരി കേനിനു വേണ്ടിയുള്ള ഓഫറുകൾക്ക് ടോട്ടനം വേണ്ടത്ര പരിഗണന നൽകുന്നില്ല. ബയേൺ മ്യൂണിക്ക് ആദ്യം എഴുപതു മില്യൺ യൂറോയുടെ ഓഫർ കേനിനായി നൽകിയിരുന്നു. അത് തള്ളിയതോടെ നൂറു മില്യൺ യൂറോയുടെ ഓഫറാണ് ബയേൺ നൽകിയത്. എന്നാൽ അതും ടോട്ടനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം വരുന്ന സീസണിൽ കേനിനെ ടീമിൽ നിലനിർത്തുന്നതിനു തന്നെയാണ് ടോട്ടനം പരിഗണന നൽകുന്നത്. സീസൺ കഴിയുന്നതോടെ കരാർ അവസാനിച്ച് താരത്തെ നഷ്‌ടമാകുന്നത് ടോട്ടനം കാര്യമാക്കുന്നില്ല. ബയേണിനെ സംബന്ധിച്ച് റെക്കോർഡ് തുകയുടെ ഓഫറാണ് അവർ നൽകിയിരിക്കുന്നത്. അതിനും ടോട്ടനം നോ പറഞ്ഞതിനാൽ മറ്റു സ്‌ട്രൈക്കർമാരെ ജർമൻ ക്ലബ് പരിഗണിച്ചേക്കും.

അതേസമയം ഹാരി കേനിന് ടോട്ടനം വിടാൻ ആഗ്രഹമുണ്ട്. നിരവധി സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്ന നിലയിൽ തുടരുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടോട്ടനത്തിൽ നിന്നാൽ കിരീടം സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് കെൻ ചിന്തിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകൾ നേടിയ താരമാണ് ഹാരി കേൻ.

You Might Also Like