ഇന്ത്യന്‍ പരിശീലകനാകാന്‍ ഒരുങ്ങി ഓസീസ് സൂപ്പര്‍ താരവും
ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതിനിടെ പുതിയ പരിശീലകരെ തേടുകയാണല്ലോ ബിസിസിഐ. ഏറ്റവും ഒടുവില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി ഇന്ത്യന്‍ പരിശീലകനാകാന്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
പ്രമുഖ ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 56 വയസുകാരനായ ടോം മൂഡി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡയറക്ടറാണ്.
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഇതിന് മുന്‍പും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2017, 2019 വര്‍ഷങ്ങളില്‍ ഉള്‍പ്പടെ മൂന്ന് തവണയാണ് തല്‍സ്ഥാനത്തേക്ക് ടോം മൂഡി അപേക്ഷിച്ചിട്ടുള്ളത്. പക്ഷെ ഇതുവരെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.
2013 മുതലാണ് ടോം മൂഡി സണ്‍റൈസേഴ്‌സിന്റെ പരിശീലക കുപ്പായം അണിഞ്ഞത്. മൂഡിയുടെ കീഴിലാണ് ഹൈദരാബാദ് ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതും. ഡേവിഡ് വാര്‍ണറായിരുന്നു ഹൈദരാബാദിനെ അന്ന് നയിച്ചിരുന്നത്. നിലവില്‍ മുന്‍ ഇംഗ്ലണ്ട് താരം ട്രവര്‍ ബെയ്‌ലിസ് ആണ് ഹൈദരാബാദിന്റെ പരിശീലകന്‍. ടോം മൂഡി ശ്രീലങ്കയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്