ഗോഡ് ഫാദര്‍മാരില്ലാതെ ആ മലയാളി താരം അവഗണിക്കപ്പെടുകയായിരുന്നു, എങ്കിലും ക്രിക്കറ്റ് നിലനില്‍ക്കുവോളം ആ പേര് സ്മരിക്കപ്പെടും

ധനേഷ് ധാമോദരന്‍

1974 ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസ്

ലോങ്ങ് ജംപ് പിറ്റുകളില്‍ ഒരു പക്ഷിയെ പോലെ പറക്കുന്ന ടി.സി.യോഹന്നാന്റെ അന്നത്തെ ചാട്ടത്തിനൊടുവില്‍ സ്‌കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയ ദൂരം കണ്ടു അന്ന് ഇന്ത്യക്കാരുടെ കണ്ണുതള്ളിപ്പോയി. 8.07 മീറ്റര്‍. അന്നുവരെ ഒരു ഏഷ്യക്കാരനും തൊടാത്ത ദൂരം 30 വര്‍ഷത്തിലധികമാണ് തകര്‍ക്കപ്പെടാതെ നിന്നത്. അന്നത്തെ കാലത്ത് 8 മീറ്റര്‍ ചാട്ടം എന്ന നേട്ടത്തെ പറ്റി ഓര്‍ക്കാന്‍ പോലും അസാധ്യമായ കാലത്ത് കൊല്ലം ജില്ലയിലെ തടത്തിവിള ചാണ്ടപ്പിള്ള യോഹന്നാന്‍ നടത്തിയ അസാധ്യമായ ചാട്ടത്തെ റോം ഒളിംപിക്‌സിലെ 400 മീറ്റര്‍ ഓട്ടത്തില്‍ പറക്കും സിഖ് മില്‍ഖാ സിംഗ് നടത്തിയ ഇതിഹാസതുല്യമായ പ്രകടനത്തിനൊപ്പമാണ് കായിക വിദഗ്ധര്‍ എഴുതിച്ചേര്‍ത്തത് .

27 വര്‍ഷങ്ങള്‍ക്ക് ശേഷം ടി .സി യുടെ ചുണ്ടില്‍ അതേ ചിരി വിടര്‍ന്നു .ടെഹ്‌റാനിലെ അഭിമാന നിമിഷത്തിനു ശേഷം ടി സി യോഹന്നാന്‍ ഏറ്റവുമധികം അഭിമാനിച്ച മറ്റൊരു നിമിഷം. യോഹന്നാന്റെ മകന്‍ ഒരു വലിയ കുതിച്ചുചാട്ടം ആണ് മൊഹാലിയില്‍ നടത്തിയത്. തന്റെ പിതാവിന്റെതിന് സമാനമായ ഒരു കുതിച്ചുചാട്ടം .അത് പക്ഷേ ലോങ്ങ് ജമ്പ് പിറ്റില്‍ ആയിരുന്നില്ല .അക്കാലത്ത് ഏതൊരു മലയാളിയും ചാടിയാല്‍ പരിക്ക് ഉറപ്പായിരുന്ന ക്രിക്കറ്റ് പിച്ചില്‍ പക്ഷേ മനോഹരമായി ചാടിയ ടിനു യോഹന്നാന്‍ എന്ന ഉയരക്കാരന്‍ ചെയ്തത് വളരെ അനായാസം ആയിരുന്നു ലാന്റിംഗ് പൂര്‍ത്തിയാക്കിയത് .

‘ Relax ,Bowl at the best of your ability & this day is yours ‘

മിഡ് ഓണില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മിഡ് ഓഫില്‍ നായകന്‍ കൂടിയായ ഓഫ്‌സൈഡ് ദൈവം സൗരവ് ഗാംഗുലിയുടെയും ഇടയിലൂടെ ഓടിയെത്തി പന്തെറിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സമ്പൂര്‍ണ്ണ മലയാളിയുടെ പന്ത് ഇംഗ്ലണ്ട് ഓപണര്‍ ആയ മാര്‍ക്ക് ബുച്ചര്‍ ലീവ് ചെയ്തു വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്തയുടെ കൈകളിലേക്ക് പോകാന്‍ അനുവദിച്ചപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു. കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ച ആദ്യത്തെ മലയാളിയുടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ ആദ്യ പന്ത് ഒരു ഇന്‍സ്വിംഗര്‍ ആയിരുന്നു . രണ്ടാം പന്തില്‍ ബുച്ചര്‍ ഓഫ് സൈഡിലേക്ക് ഡ്രൈവ് ചെയ്തു 4 റണ്‍സ് ഓടിയെടുത്തു .അടുത്ത പന്ത് ബുച്ചര്‍ വീണ്ടും ഡിഫന്‍ഡ് ചെയ്തു.

ചരിത്രം കരുതിവെച്ചത് നാലാമത്തെ പന്തിലായിരുന്നു വീണ്ടുമൊരു ഇന്‍ സിംഗര്‍ .ബുച്ചറിന്റെ ബാറ്റിനെ ചെറുതായി ചുംബിച്ച പന്തിനെ സ്ലിപ്പില്‍ വിവിഎസ് ലക്ഷ്മണ്‍ അനായസമായി കയ്യിലൊതുക്കി .

അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ ആദ്യ ഓവര്‍ തന്നെ ഭാഗ്യം ലഭിച്ച സന്തോഷം മാറുന്നതിന് മുന്‍പ് എറിഞ്ഞ നാലാം പന്തില്‍ ആദ്യ വിക്കറ്റ്. 4 റണ്‍സുമായി ബുച്ചര്‍ പവലിയനിലേക്ക് . ടീമംഗങ്ങള്‍ അടുത്തെത്തി തോളില്‍ തട്ടി അഭിനന്ദിക്കുമ്പോള്‍ ടിനു യോഹന്നാന്‍ മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറയുകയായിരുന്നു.

കാണികളുടെ കയ്യടികള്‍ക്കിടയില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു .ക്രിക്കറ്റിനോട് വലിയ പഥ്യം ഇല്ലെങ്കിലും തന്റെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മാച്ചില്‍ തന്റെ സുഹൃത്തായ യോഹന്നാന്റെ മകന്റെ പ്രകടനം കാണാന്‍ സാക്ഷാല്‍ മില്‍ഖസിങ്ങും ഉണ്ടായിരുന്നു .

രണ്ടാം സ്‌പെല്‍ ടിനു വീണ്ടും. ഇക്കുറി ഒരു പേസര്‍ ഏറ്റവും ആഗ്രഹിക്കുന്ന ക്‌ളീന്‍ ബൗള്‍ഡിലുടെ അടുത്ത വിക്കറ്റ് . 66 റണ്‍സുമായി നല്ല ഫോമില്‍ നിന്ന അക്കാലത്തെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ മാര്‍ക്കസ് ട്രെസ്‌കോത്തിക്കിന്റെ സ്റ്റംപ് പറന്നു.

ഇംഗ്‌ളണ്ടിന്റെ ഒന്നാമിന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ ടിനു 18- 3 -75 -2 . ബാറ്റിങ്ങിനിറങ്ങി പുറത്താകാതെ 2 റണ്‍സെടുത്തു ടിനുവിന് ഇരട്ടിമധുരം ആയിരുന്നു ഇന്ത്യയുടെ ആ ടെസ്റ്റിലെ 10 വിക്കറ്റ് ജയം. ദീപ് ദാസ് ഗുപ്ത സെഞ്ച്വറി നേടിയ മാച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ പുറത്താക്കിയ ഓപ്പണര്‍മാരെ തന്നെ വീണ്ടും മടക്കി മികവ് തെളിയിച്ചു . ഇത്തവണ ബുച്ചര്‍ 18 റണ്‍സടിച്ചപ്പോള്‍ ട്രെസ് കോത്തിക് നേടിയത് 46 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സിലും ടിനുവിന്റേത് ഒരു അരങ്ങേറ്റക്കാരന് എന്തു കൊണ്ടും അഭിമാനിക്കാവുന്ന പ്രകടനമായിരുന്നു .അതും ഇന്ത്യന്‍ പിച്ചില്‍ . 17-3- 56-2.

രണ്ടിന്നിങ്ങ്‌സിലും രണ്ട് വിക്കറ്റ് വീതം നേടിയ ടിനു യോഹന്നാന്റ പ്രകടനം എന്തുകൊണ്ടും ഒരു ഇന്ത്യന്‍ പിച്ചിലെ മികച്ച അരങ്ങേറ്റ ബൗളിങ് പ്രകടനം തന്നെയായിരുന്നു. ടിനുവിനൊപ്പം ഇഖ്ബാല്‍ സിദ്ധിഖിയും സഞ്ജയ് ബംഗാറുമടക്കം 3 ഇന്ത്യക്കാര്‍ ടെസ്റ്റില്‍ അരങ്ങേറി എന്ന സവിശേഷതയും മൊഹാലിയിലെ മാച്ചിന് ഉണ്ടായിരുന്നു.

മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീനാഥ് പരിക്കുമൂലം പിന്മാറിയത് കൊണ്ടും ആകെയുള്ള മറ്റൊരു പേസര്‍ സിദ്ദിഖി എന്നതിനാലും ഇന്ത്യയിലെ ഏറ്റവും ഫാസ്റ്റ് പിച്ച് ആണ് മൊഹാലി എന്നതു കൊണ്ടും ടിനുവിന്റെ അരങ്ങേറ്റം ഉറപ്പായിരുന്നു. മത്സരത്തിനു നേരത്തെതന്നെ മൊഹാലിയിലെത്തിയ ടിനു പിറ്റേദിവസം ഉച്ചയ്ക്ക് ടീ മീറ്റിങ്ങിലാണ് ആദ്യമായി ടെലിവിഷനില്‍ മാത്രം കണ്ട സച്ചിന്‍ ടെണ്ടുല്‍ക്കറെയും സൗരവ് ഗാംഗുലിയെയും കാണുന്നതു പോലും.

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ ,നെറ്റ് പ്രാക്ടീസ്, പ്രാക്ടീസിനിടെ ഗാംഗുലിക്കെതിരെ എറിഞ്ഞ ഒന്നാന്തരം പന്തുകള്‍. ഒടുവില്‍ ഗാംഗുലി അന്നുവരെ കണ്ടിട്ടില്ലാത്ത ടിനു നേടിയതാകട്ടെ രണ്ടു ഓപ്പണര്‍മാരുടെയും വിക്കറ്റുകളും. വെറും 9 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങള്‍ മാത്രം കളിച്ചുകൊണ്ട് ഇന്ത്യന്‍ ടീമിലെത്തിയ ടിനു യോഹന്നാന്‍ ആ പരമ്പരയുടെ കണ്ടെത്തല്‍ എന്നായിരുന്നു പരമ്പരക്ക് ശേഷം ദിലീപ് വെങ്ങ്‌സര്‍ക്കാര്‍ പറഞ്ഞത് .

പ്രശസ്തനായ ഒരു അത് ലറ്റിന്റെ മകന് അത്ലറ്റിക്‌സിനോട് താല്പര്യം തോന്നുന്നത് സ്വാഭാവികം മാത്രം . കുട്ടിക്കാലത്ത് ജൂനിയര്‍ തലത്തിലെ വാഗ്ദാനം ആയിരുന്നു ടിനു .സംസ്ഥാനത്തെ പ്രതിനിധീകരിച്ചു ജൂനിയര്‍ ഹൈജംപ് മത്സരത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു .പിന്നീട് ഏറെ വര്‍ഷം കഴിഞ്ഞ് ബംഗളൂരിലെ പ്രസന്നകുമാര്‍ ഓള്‍ ഇന്ത്യ മീറ്റില്‍ ലോകകപ്പിലും ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ ടീമിന് ജോലികള്‍ വാഗ്ദാനങ്ങളുടെ പ്രവാഹമായിരുന്നു

സഹോദരനൊപ്പം വീട്ടിന്റെ പിറകുവശത്ത് ടെന്നീസ് പന്തുകളം റബ്ബര്‍ പന്തുകളിലും കളിച്ച് വിന്‍ഡീസ് ബൗളര്‍മാരെ പ്രത്യേകിച്ചും വാല്‍ഷിനെ ആരാധിച്ച കുട്ടിക്ക് പക്ഷെ സ്‌കൂളില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴും അതില്‍ വലിയ ഗൗരവമായിരുന്നില്ല . പന്ത്രണ്ടാം വയസ്സില്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ സാക്ഷാല്‍ ഡെന്നിസ് ലില്ലിയുടെ അടുത്തെത്തി ട്രെയിനിംഗ് തുടങ്ങിയ സമയത്ത് ടി എ ശേഖറാണ് ടിനുവിനോട് ക്രിക്കറ്റ് ഗൗരവമായി എടുക്കാന്‍ ഉപദേശിച്ചത് .

അഞ്ചുവര്‍ഷം എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ പരിശീലനത്തിനു ശേഷം അനായാസമായ റണ്ണറപ്പും മികച്ച പേസും നല്ല ബൗണ്‍സും കൊണ്ട് ശ്രദ്ധേയനായി 2000-01 സീസണില്‍ വെറും 24 ശരാശരിയില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ടിനു ഒടുവില്‍ എത്തിപ്പെട്ടതാകട്ടെ സച്ചിനും സേവാഗും ദ്രാവിഡും കുംബ്ലെയും ശ്രീനാഥും യുവിയും അടങ്ങുന്ന ഡ്രെസിംഗ് റൂമിലേക്ക് .അന്ന് അവര്‍ക്കൊപ്പം ഒന്നിച്ചൊരു ഫോട്ടോ പോലും എടുക്കാന്‍ കേരള താരങ്ങള്‍ക്ക് പറ്റാത്ത കാലത്തായിരുന്നു ടിനുവിന്റെ ചരിത്രനേട്ടം .ഇടങ്കയ്യന്‍മാരെ എറിഞ്ഞു വീഴ്ത്താനുള്ള ടിനുവിന്റെ കഴിവ് തുടക്കത്തിലേ ശ്രദ്ധിക്കപ്പെട്ടിരുന്നു .

1976 ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച യോഹന്നാന്റെ മകന്റെ ഏറ്റവും വലിയ സൗഭാഗ്യം ആദ്യമാചില്‍ തന്നെ മാച്ചിലെ ആദ്യ പന്തെറിയാന്‍ ഭാഗ്യം ലഭിച്ചു എന്നത് കൂടിയാണ് .ആദ്യ ടെസ്റ്റിലെ യോഹന്നാന്റെ പ്രകടനം ഏവരെയും ആകര്‍ഷിച്ചത് കൊണ്ട് തന്നെ തൊട്ടടുത്ത അഹമ്മദാബാദ് ടെസ്റ്റിലും സ്ഥാനം ഉറപ്പായിരുന്നു .രണ്ടാം ടെസ്റ്റില്‍ ടിനുവിന്റെ മറ്റൊരു മോഹമാണ് സഫലീകരിക്കപ്പെട്ടത് .ജവഗല്‍ ശ്രീനാഥിനൊപ്പം ന്യുബോള്‍ പങ്കിട്ട സര്‍ദാര്‍ പട്ടേലിലെ സമനില ആയ മാച്ചില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി കാണാനുള്ള ഭാഗ്യം കുടി ടിനുവിനുണ്ടായി .

ആദ്യ ഇന്നിങ്ങ്‌സില്‍ 17 ഓവര്‍ എറിഞ്ഞ് 57 റണ്‍ വഴങ്ങിയ ടിനുവിന് രണ്ടാം ഇന്നിംഗ്‌സില്‍ നാല് ഓവറുകള്‍ മാത്രമേ അവസരം കിട്ടിയുള്ളൂ .25 റണ്‍സ് വഴങ്ങുകയും ചെയ്തു .ആ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മാച്ചില്‍ ബാംഗ്ലൂരില്‍ ടീമിലുണ്ടാകും എന്ന് കരുതിയിരുന്നു .എന്നാല്‍ പുല്ല് നിറഞ്ഞ പിറന്ന പിച്ച് സ്പിന്നിനനുകൂലമാക്കാന്‍ വെട്ടി കളഞ്ഞപ്പോള്‍ അവസാനനിമിഷം ടിനുവിന് പകരം ടീമിലെത്തിയത് സ്പിന്നര്‍ ശരണ്‍ദീപ് സിങ്ങ് .

ഗോഡ് ഫാദമാര്‍ വാണിരുന്ന ആ കാലഘട്ടത്തില്‍ ടിനുവിന് അതിനു ശേഷം ഏറെ നാള്‍ തീരെ പരിഗണിക്കാതെ പോയതായിരുന്നു അത്ഭുതം . അതിനിടെ ടെസ്റ്റ് അരങ്ങേറ്റം കഴിഞ്ഞ് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ഏഴ് മാച്ച് ഏകദിന പരമ്പരയില്‍ സഹീര്‍ഖാന്‍ ഇല്ലാഞ്ഞിട്ട് പോലും ടിനുവിനെ പരിഗണിക്കുകയുണ്ടായില്ല . പ്രതീക്ഷ കൈവിടാതെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ടിനു സൗരാഷ്ട്ര ക്കെതിരെ പ്ലേറ്റ് ഗ്രൂപ്പില്‍ രാജ്‌കോട്ടില്‍ നടന്ന മാച്ചില്‍ 13.5 – 2 -61-6 പ്രകടനം കാഴ്ചവെച്ചതോടെ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചു . അതോടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് വിളി വന്നു .

കെന്‍സിംഗ് ടണ്‍ ഓവലില്‍ നടന്ന ആദ്യ ഏകദിന അരങ്ങേറ്റത്തില്‍ ആദ്യ പന്ത് എറിഞ്ഞതും ടിനു തന്നെ . ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ ടിനുവിന്റെ ബൗളിങ് പ്രകടനം ഒരു പുതുമുഖത്തിന് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി തന്നെ ആയിരുന്നു. വിന്‍ഡീസ് 186 ന് പുറത്തായപ്പോള്‍ 10-1-33-3 ആയിരുന്നു ടിനുവിന്റെ സ്‌പെല്‍ . പുറത്താക്കിയതാകട്ടെ 15 റണ്‍സെടുത്ത ഓപ്പണര്‍ വേവല്‍ ഹൈന്‍ഡ്‌സിനെയും 33 റണ്‍സെടുത്ത ക്രിസ് ഗെയിലിനേയും വിക്കറ്റ് കീപ്പര്‍ റിഡ്‌ലി ജേക്കബ്‌സിനെയും .8 ഓവറില്‍ 31 റണ്‍സ് വഴങ്ങിയ വിക്കറ്റൊന്നും ലഭിക്കാതിരുന്നപ്പോ അഗാര്‍ക്കര്‍ 8.5 ഓവറില്‍ 36 റണ്‍സിന് 3 വിക്കറ്റെടുത്തു .

വളരെ മികച്ച അരങ്ങേറ്റ പ്രകടനം കാഴ്ചവച്ച ടീനുവിന് പക്ഷെ വിന്‍ഡീസ് 7 വിക്കറ്റിന് ജയിച്ച രണ്ടാമത്തെ മത്സരത്തില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ പറ്റിയില്ല .ഇന്ത്യയെ വെറും 123 റണ്‍സ് പുറത്താക്കിയ വെസ്റ്റിന്‍ഡീസിന്റേത് . മാരകമായ തുടക്കമായിരുന്നു 67 പന്തില്‍ 84 റണ്‍സടിച്ച ക്രിസ് ഗെയ്‌ലിന്റെ താണ്ഡവത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് താളം തെറ്റി . ഹൈന്‍ഡ്‌സിനെയും സര്‍വനെയും ക്‌ളീന്‍ ബൗള്‍ ചെയ്ത് 2 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 5 ഓവറില്‍ 50 റണ്‍സ് എന്ന ഇക്കണോമി കാരണം അത് ശ്രദ്ധിക്കപ്പെട്ടില്ല . വീണ്ടും ഒരൊറ്റ പ്രകടനം കൊണ്ട് ടിനുവിനെ പുറത്തിടുവാന്‍ വെമ്പുകയായിരുന്നവര്‍ക്ക് അതൊരു സൗകര്യവുമായി.

പിന്നീട് ഒരു എകദിനമാച്ച് കൂടി കളിക്കുവാനേ ടിനുവിന് അവസരം ലഭിച്ചുള്ളൂ .ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാത്ത യുവിയും മുഹമ്മദ് കൈഫും അവിസ്മരണീയമാക്കിയ ഇംഗ്‌ളണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ടിനുവും ഉണ്ടായിരുന്നെങ്കിലും ബ്രിസ്റ്റോളില്‍ ശ്രീലങ്കക്കെതിരായ ഒരു മാച്ച് മാത്രമാണ് കളിക്കാര്‍ നാധിച്ചത് .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 102 പന്തില്‍ 113 റണ്‍ നേടി 304 റണ്‍ നേടിയ ഇന്ത്യക്കെതിരെ ലങ്ക 44.1 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ സഹീറിനും നെഹ്‌റക്കും ശേഷം ഫസ്റ്റ് ചേഞ്ച് ആയി പന്തെറിഞ്ഞ ടിനു 5 ഓവറില്‍ 39 റണ്‍സ് വഴങ്ങിയതോടെ വീണ്ടും തടയപ്പെട്ടു.

ഏഴുമാസം മാത്രം നീണ്ട ടിനുവിന്റെ കരിയറിലെ അവസാനത്തെ മത്സരം ന്യൂസിലന്‍ഡില്‍ ഹാമില്‍ട്ടണിലെ സെഡേന്‍ പാര്‍ക്കിലല്‍ നടന്ന രണ്ടാം ടെസ്റ്റ് ആയിരുന്നു .ചെറിയ സ്‌കോര്‍ പിറന്ന അത്യധികം ആവേശകരമായ മത്സരത്തില്‍ സഹീര്‍ഖാനും നെഹ്‌റക്കുമൊപ്പം ഇന്ത്യന്‍ പേസ് പടയില്‍ ടിനു കൂടി ഉണ്ടായിരുന്നു . ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 99 നും ന്യൂസിലാന്‍ഡ് 94 റണ്‍സിനും പുറത്തായ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റുകള്‍ നേടാന്‍ പറ്റിയില്ലെങ്കിലും 9 ഓവറില്‍ 4 മെയ്ഡനടക്കം ടിനു 16 റണ്‍ മാത്രമാണ് വഴങ്ങിയത് . സഹിര്‍ ഖാന്‍ 5 വിക്കറ്റുകളാണ് പിഴുതത് . രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 154 ന് പുറത്തായപ്പോള്‍ ന്യൂസിലാന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലൂ വിന്‍സന്റിനെ പുറത്താക്കി തന്റെ കരിയറിലെ അവസാന വിക്കറ്റ് വീഴ്ത്തിയ ടിനു 16 ഓവറില്‍ 5 മെയ്ഡന്‍ എറിഞ്ഞ് 27 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ .

കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ 10 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങളില്‍ താഴെ മാത്രം പരിചയമുള്ള ഒരു ബോളറുടെ കാര്യമെടുത്താല്‍ ടിനുവിന്റേത് അത്യാവശ്യം മികച്ച പ്രകടനങ്ങള്‍ തന്നെയായിരുന്നു. 2003 ലോകകപ്പില്‍ പരിചയസമ്പന്നതയ്ക്ക് പ്രാമുഖ്യം കൊടുത്തപ്പോള്‍ സഹീര്‍ഖാനും നെഹ്‌റക്കും അഗാര്‍ക്കറിനുമൊപ്പം ശ്രീനാഥ് കൂടി മടങ്ങി വന്നതോടുകൂടി യോഹന്നാന് ടീമില്‍ സ്ഥാനം നല്‍കുന്നത് പരിഗണിച്ച് പോലുമില്ല.

എതിരെ പന്തെറിയാന്‍ ഏറെ ആഗ്രഹിച്ച ബ്രയാന്‍ ലാറക്കെതിരെ 2002 ല്‍ സ്വപ്നം സഫലീകരിക്കപ്പെട്ടെങ്കിലും സാധിച്ചുവെങ്കിലും റിക്കി പോണ്ടിങ്ങിനെതിരെയും കാലിസിനെതിരെയും എറിയുക എന്ന ടിനുവിന്റെ ആഗ്രഹം ഒരു സ്വപ്നമായി അവശേഷിച്ചു .വളരെ കുറച്ച് ഡൊമസ്റ്റിക് മത്സരങ്ങള്‍ മാത്രം കളിച്ച് ഇന്ത്യന്‍ ടീമില്‍ വളരെ നേരത്തെ എത്തുക എന്ന ആഗ്രഹം സഫലീകരിച്ചുവെങ്കിലും അക്കാലഘട്ടത്തില്‍ തന്റെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുവാനും അത് പങ്കു വെക്കാന്‍ പറ്റിയ സാഹചര്യം ഇല്ലാഞ്ഞതുകൊണ്ടും തന്നെ ഒരു തിരിച്ചുവരവ് ടിനുവിന് ബുദ്ധിമുട്ടായി. പരിക്കുകളും ആക്ഷന്‍ പ്രശ്‌നങ്ങളും തുടങ്ങിയത് കുനിന്‍മേല്‍ കുരുവായി.

2008 ല്‍ നല്ല താളത്തോടെ തിരിച്ചു വരാന്‍ പറ്റിയെങ്കിലും തീരും സമയം വൈകിപ്പോയിരുന്നു. 2009 ല്‍ വിരാട് കോലി അടക്കമുള്‍പ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎല്‍ ടീമില്‍ അംഗമാകുവാനും ടിനുവിന് പറ്റി .

തനിക്ക് കരിയറില്‍ പറ്റിയ വീഴ്ചകള്‍ മറ്റൊരാള്‍ക്ക് പറ്റരുത് എന്നതുകൊണ്ടുതന്നെ പിന്നീട്ടിനു പരിശീലകന്റെ റോളില്‍ വേഷമിട്ടു. 2013 ഇല്‍ ക്ലാസ്സുകളില്‍ നിന്നും റിട്ടയര്‍ ചെയ്തതിനു ചെന്നൈയില്‍ കോച്ചിംഗ് തുടങ്ങി പിന്നീട് 2014 മുതല്‍ 2018 വരെ കേരള ക്രിക്കറ്റ് ബൗളിംഗ് കോച്ച് ആയിരുന്നു .ഇതിഹാസ പരിശീലകന്‍ ഡേവ് വാട്ട്‌മോര്‍ സ്ഥാനമൊഴിഞ്ഞു കൂടി കേരളത്തിന്റെ നിലവിലെ കോച്ച് എന്ന ഭാരിച്ച ഉത്തരവാദിത്തം ടിനുവിനെ തേടിയെത്തി .

ടെസ്റ്റിലും ഏകദിനത്തിലും മൂന്നു വീതം മത്സരത്തിനിറങ്ങിയ ടിനു രണ്ടിലും അഞ്ചു വീതം വിക്കറ്റുകള്‍ വീഴ്ത്തി. അന്താരാഷ്ട മാച്ചുകളില്‍ ആകെ ബാറ്റ് ചെയ്ത 6 ഇന്നിങ്ങ്‌സുകളില്‍ ഒന്നില്‍ പോലും പുറത്തായില്ല എന്ന അപൂര്‍വത കുടി ടിനുവിനുണ്ട് .ശ്രീനാഥ് ,സഹീര്‍ ,നെഹ്‌റ ,അഗാര്‍ക്കര്‍മാരുടെ കാലത്തായിരുന്നെങ്കിലും തീര്‍ച്ചയായും ടിനുവിന് കുറെക്കൂടി അവസരങ്ങള്‍ നല്‍കേണ്ടതായിരുന്നു .പ്രത്യേകിച്ച് അക്കാലഘട്ടത്തില്‍ പുതിയ പുതിയ പേസ് ബൗളര്‍മാരെ പരീക്ഷിച്ചിട്ടും അവര്‍ക്കാര്‍ക്കും ടിനുവോളം നല്ല പ്രകടനം സാധിച്ചിരുന്നില്ല എന്ന് കൂടി കൂട്ടി വായിക്കുമ്പോള്‍ അതില്‍ ഒരു അവഗണന തോന്നുന്നതില്‍ തെറ്റ് പറയാനാകില്ല .

സുനില്‍ ഗവാസ്‌കര്‍ പറഞ്ഞതുപോലെ ടി.സി .യോഹനാന്‍ എന്ന ഇതിഹാസം ഇന്ത്യയ്ക്ക് സമ്മാനിച്ച മറ്റൊരു സ്വര്‍ണ്ണമെഡല്‍ തന്നെയാണ് ടിനു .ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയ അനന്തപത്മനാഭനിലുടെ സാക്ഷാത്കരിക്കപ്പെടുന്ന കരുതി നിരാശരായ മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട ടിനു കേരള ക്രിക്കറ്റിന്റെ എക്കാലത്തെയും സുവര്‍ണതാരമാണ് .

പല കാരണങ്ങള്‍ കൊണ്ടും ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ വലിയ ദൂരം പോകാന്‍ പറ്റിയില്ലെങ്കിലും ടിനു യോഹന്നാന്‍ എന്ന പേര് ചരിത്രത്താളുകളില്‍ നിന്നും മായിക്കാന്‍ പറ്റില്ല .പിന്നീട് കേരളത്തില്‍ നിന്നും ശ്രീശാന്ത്, സഞ്ജു സാംസണ്‍ ഒക്കെ ഇന്ത്യന്‍ ടീമില്‍ എത്തി. ഭാവിയില്‍ ഒരുപാട് താരങ്ങള്‍ ഇനിയും മലയാളികള്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞേക്കാം .എന്നാല്‍ ക്രിക്കറ്റിന് വേരുകളില്ലാത്ത കേരളത്തില്‍ നിന്നും തുടങ്ങി ഇതൊക്കെ സാധിക്കും എന്ന് ഓരോ യുവതാരങ്ങളെയും ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞതുകൊണ്ട് തന്നെ ടിനുവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഒരു തലമുറയ്ക്ക് പ്രചോദനമായവന്‍ എന്ന തരത്തില്‍ തന്നെയാകും .

‘Happy Birthday Tinu Yohannan’

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like